പുതിയ സോഷ്യല്‍ മീഡിയ നയം അവതരിപ്പിച്ചിരിക്കുകയാണ് യോഗി ആദിത്യനാഥിൻ്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്ക് വമ്പന്‍ വാഗ്‌ദാനങ്ങളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ദേശവിരുദ്ധ പോസ്റ്റുകളിടുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാന ഇന്‍ഫര്‍മേഷന്‍ വകുപ്പ് തയ്യാറാക്കിയ ഉത്തര്‍പ്രദേശ് ഡിജിറ്റല്‍ മീഡിയ പോളിസി- 2024ന് ചൊവ്വാഴ്‌ചയാണ് കാബിനറ്റ് അംഗീകാരം നല്‍കിയത്.
പുതിയ നയപ്രകാരം എക്‌സ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ യുപി സര്‍ക്കാരിൻ്റെ പദ്ധതികളെയും നേട്ടങ്ങളെയും കുറിച്ചുള്ള പോസ്റ്റുകളിടുന്ന ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്കും ഏജന്‍സികള്‍ക്കും പരസ്യം നല്‍കും.
കൂടാതെ പുതിയ നിയമപ്രകാരം സര്‍ക്കാര്‍ പദ്ധതികളെ പ്രോത്സാഹിപ്പിച്ചു കൊണ്ട് പോസ്റ്റിടുന്ന ഇന്‍ഫ്‌ളുവന്‍മാര്‍ക്ക് മാസം എട്ട് ലക്ഷം രൂപവരെ സമ്പാദിക്കാന്‍ കഴിയും. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെയും കണ്ടന്റ് ക്രിയേറ്റര്‍മാരുടെയും ഫോളോവേഴ്‌സിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും പണം ലഭിക്കുക. ഫോളോവേഴ്‌സിൻ്റെയും സബ്‌സ്‌ക്രൈബര്‍മാരുടെയും എണ്ണത്തിൻ്റെ അടിസ്ഥാനത്തില്‍ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍, ഏജന്‍സികള്‍, സ്ഥാപനങ്ങള്‍ എന്നിവയെ നാല് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.
അതേസമയം, സോഷ്യല്‍ മീഡിയയില്‍ ദേശവിരുദ്ധ പോസ്റ്റുകളോ അശ്ലീല ഉള്ളടക്കമോ പങ്കുവെയ്ക്കുന്നവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വരെ ലഭിക്കുമെന്നും പുതിയ നയത്തില്‍ പറയുന്നു. യുപി സര്‍ക്കാരിൻ്റെ പുതിയ നയത്തെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര രംഗത്തെത്തി.’’ ബിജെപി വിരുദ്ധമോ, സര്‍ക്കാര്‍ വിരുദ്ധമോ ആയ പോസ്റ്റുകളും കമന്റുകളും ദേശവിരുദ്ധമാകുമോ? എന്താണ് ഇതിൻ്റെ ശരിയായ നിര്‍വചനം? ജനങ്ങളുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കൂടി ഹനിക്കാനുള്ള പുറപ്പാടാണോ?,’’ -പവന്‍ ഖേര എക്‌സില്‍ കുറിച്ചു.



