Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
‘ബോർഡ്- കോർപറേഷൻ പ്രാതിനിധ്യത്തിൽ പൊട്ടിത്തെറി’; കോൺഗ്രസിൽ കലഹം രൂക്ഷം | Nalamidam
14 November 2026
Home News Kerala ‘ബോർഡ്- കോർപറേഷൻ പ്രാതിനിധ്യത്തിൽ പൊട്ടിത്തെറി’; കോൺഗ്രസിൽ കലഹം രൂക്ഷം

‘ബോർഡ്- കോർപറേഷൻ പ്രാതിനിധ്യത്തിൽ പൊട്ടിത്തെറി’; കോൺഗ്രസിൽ കലഹം രൂക്ഷം

ഭരണപരമായ വിഷയങ്ങൾക്കൊപ്പം പാർട്ടിക്കുള്ളിലെ തർക്കങ്ങളും ശക്തമാകുന്നത് കോൺഗ്രസ് നേതൃത്വത്തിന് പുതിയ വെല്ലുവിളിയായിരിക്കുകയാണ്

202

തിരുവനന്തപുരം: ബോർഡ്–കോർപറേഷൻ സ്ഥാനങ്ങളിലെ പ്രാതിനിധ്യം സംബന്ധിച്ച തർക്കം കോൺഗ്രസിൽ രൂക്ഷമാകുന്നു. അർഹമായ പരിഗണന ലഭിച്ചില്ലെന്നാരോപിച്ച് കെപിസിസി ഭാരവാഹി യോഗത്തിൽ ഡിസിസി പ്രസിഡന്റുമാർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. തീരുമാനങ്ങൾ എടുക്കുന്നതിലെ കാലതാമസത്തിനെതിരെയും യോഗത്തിൽ വിമർശനമുയർന്നു. തീരുമാനങ്ങളുടെ വേഗം ഒച്ചിന്റെ വേഗത്തിലാണെന്നായിരുന്നു പരിഹാസം. കാലതാമസമുണ്ടായെന്ന വിമർശനം കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും അംഗീകരിച്ചു.

ഇന്നലെ രാത്രി ഓൺലൈനായി ചേർന്ന കെപിസിസി ഭാരവാഹി യോഗത്തിലാണ് നേതൃത്വത്തിനെതിരെ വിമർശനങ്ങൾ ഉയർന്നത്. ബോർഡ്–കോർപറേഷൻ സ്ഥാനങ്ങൾ വീതംവെക്കുന്നതിൽ അർഹരായവർക്ക് വേണ്ടത്ര പ്രാതിനിധ്യം ലഭിച്ചില്ലെന്നാണ് ഡിസിസി പ്രസിഡന്റുമാരുടെ പ്രധാന പരാതി.

അതേസമയം, ജിഎൻഎ കരാറുമായി ബന്ധപ്പെട്ട് വ്യക്തത വേണമെന്ന് കോൺഗ്രസ് വക്താക്കളും യോഗത്തിൽ ആവശ്യപ്പെട്ടു. മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ളയാളാണ് ഇക്കാര്യം ഉന്നയിച്ചത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും യോഗത്തിൽ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയും മന്ത്രിയും തമ്മിലുള്ള ഭിന്നത നിലനിൽക്കുന്ന സാഹചര്യത്തിൽ ചാനൽ ചർച്ചകൾക്കായി പാനലിസ്റ്റുകളെ നിയോഗിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും വിമർശനമുയർന്നു. മുഖ്യമന്ത്രിക്കൊപ്പമാണോ മന്ത്രിക്കൊപ്പമാണോ നിലപാട് സ്വീകരിക്കേണ്ടതെന്ന ആശയക്കുഴപ്പവും നിലനിൽക്കുന്നതായി ദീപ്തി മേരി വർഗീസ് ചോദിച്ചു.

പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് പോരും നേതൃത്വത്തിന് തലവേദന

അടൂർ പ്രകാശ് ഉൾപ്പെടെയുള്ളവരുടെ വിമത നീക്കങ്ങൾക്ക് പിന്നിൽ കെ.സി. വേണുഗോപാൽ പക്ഷമാണെന്നാണ് തുടക്കം മുതൽ വി.ഡി. സതീശൻ അനുകൂലികൾ ആരോപിക്കുന്നത്. എന്നാൽ മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങളിൽ കെ.സി. വേണുഗോപാൽ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.

സർക്കാർ അധികാരത്തിലെത്തി ആറുമാസം പിന്നിട്ടിട്ടും ബോർഡ്–കോർപറേഷൻ സ്ഥാനങ്ങളിലെ വിഭജനം ഉൾപ്പെടെയുള്ള കാര്യങ്ങൾ പൂർത്തിയാക്കാൻ കഴിയാത്തതിൽ യുഡിഎഫിലെ ഘടകകക്ഷികൾക്കും അതൃപ്തിയുണ്ട്.

ഇതിനിടെ മന്ത്രിമാർക്കിടയിലെ അസ്വാരസ്യങ്ങളും കോൺഗ്രസിനുള്ളിലെ സംഘടനാ തർക്കങ്ങളും നേതൃത്വത്തിന് കൂടുതൽ തലവേദന സൃഷ്ടിക്കുകയാണ്. ഭരണപരമായ വിഷയങ്ങൾക്കൊപ്പം പാർട്ടിക്കുള്ളിലെ തർക്കങ്ങളും ശക്തമാകുന്നത് കോൺഗ്രസ് നേതൃത്വത്തിന് പുതിയ വെല്ലുവിളിയായിരിക്കുകയാണ്.