...
Home News Kerala ഉരുൾപ്പൊട്ടൽ പുനരധിവാസം; നിർമ്മാണ ചുമതല ഊരാളുങ്കലിനും, നിർമ്മാണ മേൽനോട്ടം കിഫ്കോണിനും

ഉരുൾപ്പൊട്ടൽ പുനരധിവാസം; നിർമ്മാണ ചുമതല ഊരാളുങ്കലിനും, നിർമ്മാണ മേൽനോട്ടം കിഫ്കോണിനും

ടൗൺഷിപ്പ് നിർമാണവുമായി ബന്ധപ്പെട്ട് വയനാട്ടിലെ എസ്റ്റേറ്റുകളിൽ സർവേ തുടങ്ങി

251

മുണ്ടക്കൈ- ചൂരൽമല ഉരുൾപ്പൊട്ടൽ പുനരധിവാസത്തിൻ്റെ നിർമാണ ചുമതല ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക്. കിഫ്കോണിനാണ് നിർമാണ മേൽനോട്ടം. 750 കോടി രൂപയിൽ രണ്ട് ടൗൺഷിപ്പുകളാണ് നിർമ്മിക്കുക. ആയിരം സ്ക്വയർ ഫീറ്റുള്ള വീടുകളാകും നിർമ്മിക്കുക. പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകി.

പുനരധിവാസ പദ്ധതി വിശദീകരിച്ച് അൽപ്പസമയത്തിനകം മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കാണും. പ്രാരംഭ പ്രവർത്തനങ്ങള്‍ക്കായി കെ.രാജന്‍ വ്യാഴാഴ്‌ച വയനാട്ടിലേക്ക് പോകും. അതേസമയം, ടൗൺഷിപ്പ് നിർമാണവുമായി ബന്ധപ്പെട്ട് വയനാട്ടിലെ എസ്റ്റേറ്റുകളിൽ സർവേ തുടങ്ങി.

മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിന് രണ്ടിടത്തായി രണ്ട് ടൗൺഷിപ്പാണ് നിര്‍മ്മിക്കാൻ ഒരുങ്ങുന്നത്. 1000 ചതുരശ്ര അടിയിലുള്ള ഒറ്റനില വീടുകൾ നിര്‍മ്മിക്കും. താമസക്കാര്‍ക്ക് ആവശ്യമെങ്കിൽ ഭാവിയിൽ മുകളിലത്തെ നില കൂടി പണിയാൻ പാകത്തിൽ അടിത്തറ ബലപ്പെടുത്തിയാകും വീട് നിര്‍മ്മാണം. പണി തുടങ്ങിയാൽ പിന്നെ സമയബന്ധിതമായി തീര്‍ക്കാനാണ് സർക്കാരിൻ്റെ പദ്ധതി.

അതേസമയം പുനരധിവാസത്തിന് സഹായം വാഗ്ദാനം ചെയ്‌തവരുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്‌ച തുടങ്ങി. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ടി.സിദ്ദിഖ് എംഎൽഎ, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ് തുടങ്ങിയവരുമായാണ് മുഖ്യമന്ത്രിയുടെ കൂടിക്കാഴ്‌ച നടത്തുന്നത്. ടൗൺഷിപ്പിൻ്റെയും വീടുകളുടെയും പ്ലാൻ എന്നിവ യോഗത്തെ അറിയിക്കും. ഈ മാസം നാലാം തീയതിയാണ് രണ്ടാംഘട്ട കൂടിക്കാഴ്‌ച നടക്കുക.

അതിതീവ്ര ദുരന്തമായി അംഗീകരിച്ച സാഹചര്യത്തിൽ കൂടുതൽ സഹായം ലഭിക്കാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തും. വിവിധ കേന്ദ്ര മന്ത്രാലയങ്ങളിൽ നിന്ന് പ്രത്യേക ധനസഹായവും കേരളം ആവശ്യപ്പെടും. എംപി മാരുടെ സഹായവും തേടും. യുഎൻ അടക്കമുള്ള വിദേശ സംഘടനകളിൽ നിന്ന് സഹായം ലഭിക്കാനുള്ള ശ്രമവും നടത്തും. പുനരധിവാസ പ്രവർത്തനങ്ങൾക്കായി 2219 കോടിയുടെ സഹായമാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.