കാലാവസ്ഥാ മാറ്റത്തിൻ്റെ വെല്ലുവിളികളെ നേരിടാന്‍ ശേഷിയുള്ള നഗരവികസനം കേരളത്തിൻ്റെ പ്രധാന മുന്‍ഗണന ആക്കണമെന്ന് കേരള അര്‍ബന്‍ കോണ്‍ക്ലേവില്‍ അഭിപ്രായം ഉയര്‍ന്നു. കോണ്‍ക്ലേവിൻ്റെ ഭാഗമായി സംഘടിപ്പിച്ച ഹൈലെവല്‍ പൊളിറ്റിക്കല്‍ ഫോറത്തിലും ”കാലാവസ്ഥാ മാറ്റത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ള നഗരവല്‍ക്കരണം” എന്ന വിഷയത്തില്‍ സംഘടിപ്പിച്ച നയരൂപീകരണ സെഷനിലെ ചര്‍ച്ചയിലും സമാനമായ അഭിപ്രായമാണ് വിദഗ്‌ദര്‍ മുന്നോട്ട് വെച്ചത്.
വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുത്ത ഹൈലെവല്‍ പൊളിറ്റിക്കല്‍ ഫോറത്തില്‍ നഗര വികസനവുമായി ബന്ധപ്പെട്ട വൈജ്ഞാനിക കൈമാറ്റത്തിൻ്റെ പ്രാധാന്യവും ചര്‍ച്ചയായി.
കാലാവസ്ഥാ മാറ്റങ്ങളെ പ്രതിരോധിക്കുന്നതും ജനകേന്ദ്രീകൃതവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും സുസ്ഥിരവുമായ നഗര വികസന നയമാണ് ആവശ്യമെന്ന് ശ്രീലങ്കന്‍ നഗര വികസന മന്ത്രി അനുര കരുണതിലക അഭിപ്രായപ്പെട്ടു. മനുഷ്യൻ്റെ അടിസ്ഥാന ആവശ്യങ്ങള്‍, കാലാവസ്ഥാ പ്രതിരോധം, സാമ്പത്തിക സുസ്ഥിരത തുടങ്ങിയ വിഷയങ്ങളെ പരിഗണിച്ചു കൊണ്ടാകണം നഗരവികസനം സാധ്യമാക്കേണ്ടത്. കേരളത്തിലെയും ശ്രീലങ്കയിലെയും നഗരവികസനം സമാന സാഹചര്യത്തിലുള്ളതും സമാനമായ വെല്ലുവിളികള്‍ നേരിടുന്നതും ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
നഗര വികസനവുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ പരിഹരിക്കുന്നതിലും വൈജ്ഞാനിക കൈമാറ്റത്തിനുമുള്ള സഹകരണത്തിന് അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചു. ജമ്മുകാശ്‌മീരില്‍ നിന്നുള്ള എംഎല്‍എ തന്‍വീര്‍ സാദിഖും നഗര വികസനവുമായി ബന്ധപ്പെട്ട് കേരളവുമായുള്ള വൈജ്ഞാനിക കൈമാറ്റത്തിന് സന്നദ്ധത അറിയിച്ചു. നഗര വികസനത്തില്‍ ദുരന്ത പ്രതിരോധശേഷി ഉറപ്പാക്കേണ്ടതിൻ്റെ പ്രധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള അടിസ്ഥാന സൗകര്യ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം മാര്‍ട്ടിന്‍ മെയര്‍, വിവിധ സംസ്ഥാനങ്ങളില്‍ നിുന്നുള്ള മന്ത്രിമാരായ കെ.എന്‍ നെഹ്റു (തമിഴ്‌നാട്), വിക്രമാദിത്യ സിങ് (ഹിമാചല്‍ പ്രദേശ്), മുന്‍ രാജ്യസഭാംഗം രാജീവ് ഗൗഡ തുടങ്ങിയവരും പൊളിറ്റിക്കല്‍ ഫോറത്തില്‍ പങ്കെടുത്തു.
കോണ്‍ക്ലേവിൻ്റെ ഭാഗമായി ”കാലാവസ്ഥാ മാറ്റത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ള നഗരവല്‍ക്കരണം” എന്ന വിഷയത്തില്‍ സംഘടിപ്പിച്ച നയരൂപീകരണ സെഷനിലെ ചര്‍ച്ചയിലും കാലാവസ്ഥാ മാറ്റത്തെ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകത ഉയര്‍ന്നുവന്നു. കേരള നഗരനയ കമ്മീഷന്‍ ലീഡ് മെമ്പര്‍ ഡോ. വൈ.വി.എന്‍ കൃഷ്‌ണമൂര്‍ത്തി നേതൃത്വം നല്‍കിയ ചര്‍ച്ചയില്‍ റവന്യൂ, ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി എംജി രാജമാണിക്യം ഐഎഎസ് മുഖ്യപ്രഭാഷണം നടത്തി.
കേരളത്തിലെ ഉയര്‍ന്ന ജനസാന്ദ്രതയും താമസിക്കാന്‍ യോഗ്യമായ സ്ഥലങ്ങള്‍ 15-16% മാത്രമാണെന്നുള്ള വസ്‌തുതയും കണക്കിലെടുത്ത്, കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ള നഗരാസൂത്രണത്തിൻ്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. ഇതിനായി പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങള്‍, പ്രതിരോധ ശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങള്‍, ധനസഹായം എന്നിവ ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തദ്ദേശ സ്വയംഭരണ വകുപ്പ് അര്‍ബന്‍ ഡയറക്ടര്‍ സൂരജ് ഷാജി ഐഎഎസ്, പ്രകൃതി സംരക്ഷണവും നഗര വികസനവും തമ്മിലുള്ള വെല്ലുവിളികള്‍ വിശദീകരിച്ചു. കൊച്ചിയിലെ ബ്ലൂ- ഗ്രീന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ഹൈഡ്രജന്‍ വാലി, പച്ചത്തുരുത്ത് പദ്ധതികള്‍ തുടങ്ങിയ കേരളത്തിലെ ചില പ്രധാന പദ്ധതികളെ കുറിച്ചും അദ്ദേഹം സംസാരിച്ചു.
കാലാവസ്ഥാ വെല്ലുവിളികള്‍ നേരിടേണ്ടതിൻ്റെ അടിയന്തിര പ്രാധാന്യത്തെ കുറിച്ച് IPCC ലീഡ് ഓതര്‍ പ്രൊഫ. ഡേവിഡ് സൈമണ്‍ സംസാരിച്ചു. ദുരന്ത നിവാരണ രംഗത്ത് പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കില വികസിപ്പിച്ച പ്രാദേശിക കാലാവസ്ഥ വ്യതിയാന പഠന മാര്‍ഗരേഖകള്‍ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും നടപ്പിലാക്കണമെന്ന് ആവശ്യവും ചര്‍ച്ചയില്‍ ഉയര്‍ന്നു.
നഗര വികസനനയത്തിന് പുതിയ ദിശാബോധം നല്‍കുന്നതായിരുന്നു കോണ്‍ക്ലേവിലെ മറ്റു സെഷനുകള്‍. സുസ്ഥിര അടിസ്ഥാനസൗകര്യം എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ ബ്ലൂ-ഗ്രീന്‍ നെറ്റ് വര്‍ക്കുകളും ഡാറ്റാ അധിഷ്ഠിത നഗരാസൂത്രണവും പ്രധാന പരിഹാരങ്ങളാണെന്ന് വിദഗ്‌ദര്‍ അഭിപ്രായപ്പെട്ടു.
Urban 2050 capacity development സെഷനില്‍ മുന്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് ഐഎഎസ് വികസനത്തിനുള്ള ചട്ടക്കൂടിൻ്റെ ആവശ്യം ചൂണ്ടിക്കാട്ടി. സാമ്പത്തിക വളര്‍ച്ചാ ഹബ്ബുകളെ കുറിച്ചുള്ള സെഷനില്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോറുകള്‍, നോളേജ് ഹബ്ബുകള്‍ എന്നീ മേഖലകളിലെ വളര്‍ച്ച ഊര്‍ജ്ജമാക്കാനുള്ള വഴികള്‍ ചര്‍ച്ചയായി.



