ഇറാനിലെ അഹ്‌വാസ് നഗരത്തിലുള്ള ഷാഹിദ് ബഗേയി ആശുപത്രിക്ക് നേരെ അമേരിക്കൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ കുട്ടികളുടെ കാൻസർ ചികിത്സാ വിഭാഗം പൂർണമായും തകർന്നു. ആക്രമണത്തെ തുടർന്ന് ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള രോഗികളെയും ജീവനക്കാരെയും അതീവ ഗുരുതരാവസ്ഥയിൽ കെട്ടിടത്തിൽ നിന്നും അടിയന്തരമായി ഒഴിപ്പിച്ചു. അർബുദ ചികിത്സാ കേന്ദ്രത്തിന് നേരെ ഉണ്ടായ ഈ ആക്രമണം വലിയ തോതിലുള്ള നാശനഷ്‌ടങ്ങൾക്കും ജനങ്ങൾക്കിടയിൽ പരിഭ്രാന്തിക്കും കാരണമായി.
കഴിഞ്ഞ ഒരാഴ്‌ചയായി ഇറാനിലുടനീളം അമേരിക്ക നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളിൽ ഇതുവരെ 35 പേർ കൊല്ലപ്പെടുകയും മുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. അഹ്‌വാസിന് പുറമെ ഖെഷ്ം ദ്വീപ്, ബന്ദർ അബ്ബാസ്, സിറിക്, ചഹാബഹാർ തുടങ്ങിയ പ്രധാന നഗരങ്ങളിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഇറാൻ്റെ ഏക സിവിലിയൻ ആണവനിലയം സ്ഥിതി ചെയ്യുന്ന ബുഷെറിലും അമേരിക്ക ആക്രമണം നടത്തിയതായി സ്ഥിരീകരണമുണ്ട്. ബുധനാഴ്‌ച സൈനിക ബാരക്കിന് നേരെ നടന്ന ബോംബ് ആമണത്തിൽ ഏഴ് സൈനികർ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന കപ്പലുകളെ ആക്രമിക്കുന്ന ഇറാൻ്റെ സൈനിക നീക്കങ്ങളെ തടയുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് യുഎസ് സെൻട്രൽ കമാൻഡ് അവകാശപ്പെട്ടു. എന്നാൽ, അമേരിക്കയുടെ അത്യാധുനിക MQ-9 ഡ്രോണുകൾ ആൻഡിമേഷ്ക്ക് നഗരത്തിന് മുകളിൽ വെടിവെച്ചിട്ടതായി ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർ (IRGC) അവകാശപ്പെട്ടു. മേഖലയിലെ വർദ്ധിച്ചുവരുന്ന പിരിമുറുക്കം ആഗോള എണ്ണ വിപണിയെയും സാരമായി ബാധിച്ചിട്ടുണ്ട്.
ഇറാൻ സമാധാന ചർച്ചകൾക്ക് തയ്യാറാകാത്തപക്ഷം വരും ദിവസങ്ങളിൽ രാജ്യത്തെ ഊർജ്ജ നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ ആക്രമണങ്ങൾ ഉണ്ടാകുമെന്നാണ് ട്രംപിൻ്റെ ഭീഷണി. അതേസമയം, ഹോർമുസ് കടലിടുക്കിൽ യുഎസ് നാവിക ഉപരോധം ഏർപ്പെടുത്തിയാൽ പശ്ചിമേഷ്യയിൽ നിന്നുള്ള എണ്ണക്കയറ്റുമതി പൂർണമായും സ്‌തംഭിപ്പിക്കുമെന്ന് ഇറാനും പ്രഖ്യാപിച്ചിട്ടുണ്ട്.


