...
Home News International സൗദിക്ക് യുറേനിയം സമ്പുഷ്ടീകരണത്തിന് യുഎസ് അനുമതി; ട്രംപിന്റെ അംഗീകാരത്തിനായി കരാർ കാത്തിരിക്കുന്നു

സൗദിക്ക് യുറേനിയം സമ്പുഷ്ടീകരണത്തിന് യുഎസ് അനുമതി; ട്രംപിന്റെ അംഗീകാരത്തിനായി കരാർ കാത്തിരിക്കുന്നു

പതിറ്റാണ്ടുകളായി ഇറാനും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള തർക്കത്തിന്റെ കേന്ദ്രമായിരുന്ന യുറേനിയം സമ്പുഷ്ടീകരണ സാങ്കേതികവിദ്യ തന്നെയാണ് സൗദി അറേബ്യയ്ക്കും ലഭ്യമാകുന്നതെന്നതാണ് റിപ്പോർട്ടിലെ മറ്റൊരു നിർണായക വിവരം.

5

റിയാദ്: സൗദി അറേബ്യയ്ക്ക് സ്വന്തം ആണവ പദ്ധതിയും യുറേനിയം സമ്പുഷ്ടീകരണ പ്രവർത്തനങ്ങളും മുന്നോട്ടുകൊണ്ടുപോകാൻ അമേരിക്ക സമ്മതിച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള കരട് കരാറിന്റെ ചർച്ചകൾ പൂർത്തിയായതായും, ഇപ്പോൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അന്തിമ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

റിപ്പോർട്ടിലെ പ്രധാന ശ്രദ്ധേയമായ കാര്യം, കരാറിൽ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ (IAEA) അഡീഷണൽ പ്രോട്ടോക്കോൾ ഉൾപ്പെടുത്തിയിട്ടില്ലെന്നതാണ്. സാധാരണയായി ഈ പ്രോട്ടോക്കോൾ അംഗീകരിക്കുന്ന രാജ്യങ്ങളിലെ ആണവ കേന്ദ്രങ്ങളിൽ ഇൻസ്പെക്ടർമാർക്ക് കൂടുതൽ വ്യാപകമായ പരിശോധനാ അധികാരം ലഭിക്കും. പ്രഖ്യാപിക്കാത്ത ആണവ പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിനുള്ള പ്രധാന സുരക്ഷാ സംവിധാനമായാണ് ഇത് കണക്കാക്കപ്പെടുന്നത്.

പതിറ്റാണ്ടുകളായി ഇറാനും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള തർക്കത്തിന്റെ കേന്ദ്രമായിരുന്ന യുറേനിയം സമ്പുഷ്ടീകരണ സാങ്കേതികവിദ്യ തന്നെയാണ് സൗദി അറേബ്യയ്ക്കും ലഭ്യമാകുന്നതെന്നതാണ് റിപ്പോർട്ടിലെ മറ്റൊരു നിർണായക വിവരം. ഇറാന്റെ സമ്പുഷ്ടീകരണ പദ്ധതി ഭാവിയിൽ ആണവായുധ നിർമാണത്തിന് വഴിയൊരുക്കാമെന്ന ആശങ്ക അമേരിക്കയും ഇസ്രായേലും നിരന്തരം ഉയർത്തിയിരുന്നു. ഈ വർഷം ഇറാന്റെ ആണവ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങൾക്കും ഈ വാദമാണ് അവർ ഉന്നയിച്ചത്.

അതേസമയം, തങ്ങളുടെ ആണവ പദ്ധതി പൂർണമായും സമാധാനപരമാണെന്നും ആണവ നിർവ്യാപന കരാറിലെ അംഗരാജ്യമെന്ന നിലയിൽ സിവിലിയൻ ആവശ്യങ്ങൾക്കായി യുറേനിയം സമ്പുഷ്ടമാക്കാനുള്ള അവകാശം തങ്ങൾക്ക് ഉണ്ടെന്നും ഇറാൻ തുടർച്ചയായി വാദിച്ചുവരികയാണ്. അധിക പരിശോധനാ സൗകര്യങ്ങൾ അനുവദിക്കുന്ന ഐഎഇഎയുടെ അഡീഷണൽ പ്രോട്ടോക്കോൾ ഇറാൻ ഒരു ഘട്ടത്തിൽ താൽക്കാലികമായി നടപ്പാക്കിയിരുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ആഭ്യന്തര യുറേനിയം വിഭവങ്ങൾ വികസിപ്പിക്കുക, ഊർജ്ജ സ്രോതസുകൾ വൈവിധ്യവത്കരിക്കുക, കൂടുതൽ എണ്ണ കയറ്റുമതിക്ക് അവസരം സൃഷ്ടിക്കുക, വ്യാവസായിക-ഉപ്പുവെള്ള ശുദ്ധീകരണ പദ്ധതികൾക്ക് ഊർജ്ജം ലഭ്യമാക്കുക എന്നിവയാണ് ആണവ പദ്ധതിയിലൂടെ സൗദി ലക്ഷ്യമിടുന്നതെന്ന് റിയാദ് വ്യക്തമാക്കിയിട്ടുണ്ട്. എൻപിടി അംഗരാജ്യമെന്ന നിലയിൽ സമാധാനപരമായ ആവശ്യങ്ങൾക്കായി യുറേനിയം സമ്പുഷ്ടീകരണം നടത്താനുള്ള അവകാശം തങ്ങൾക്കും ഉണ്ടെന്ന നിലപാടാണ് സൗദി സ്വീകരിക്കുന്നത്.

എന്നാൽ ഈ കരാർ അമേരിക്കയുടെ ദീർഘകാല ‘സ്വർണ്ണ നിലവാര’ ആണവ സഹകരണ നയത്തിൽ നിന്നുള്ള വലിയ മാറ്റമായിരിക്കുമെന്നാണ് വിലയിരുത്തൽ. 2009-ൽ യുഎഇ അമേരിക്കയുമായി ഒപ്പുവെച്ച കരാറിന്റെ ഭാഗമായി യുറേനിയം സമ്പുഷ്ടീകരണവും പ്ലൂട്ടോണിയം പുനഃസംസ്‌കരണവും സ്ഥിരമായി ഉപേക്ഷിച്ചിരുന്നു. പിന്നീട് മിഡിൽ ഈസ്റ്റിലെ ആണവ സഹകരണത്തിനുള്ള മാതൃകയായി ആ കരാർ അമേരിക്കൻ ഭരണകൂടങ്ങൾ ഉയർത്തിക്കാട്ടുകയും ചെയ്തു.

സൗദിക്ക് സമ്പുഷ്ടീകരണ സാങ്കേതികവിദ്യ അനുവദിക്കുന്നത് മേഖലയിലെ മറ്റ് രാജ്യങ്ങളെയും സമാന അവകാശങ്ങൾ ആവശ്യപ്പെടാൻ പ്രേരിപ്പിക്കുമെന്ന് ആയുധനിയന്ത്രണ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ആണവ റിയാക്ടറുകൾക്കുള്ള ഇന്ധനം നിർമ്മിക്കാൻ ഉപയോഗിക്കുന്ന അതേ സാങ്കേതികവിദ്യ ഉയർന്ന തലത്തിലുള്ള സമ്പുഷ്ടീകരണത്തിലൂടെ ആയുധനിർമാണത്തിനാവശ്യമായ യുറേനിയവും ഉൽപാദിപ്പിക്കാൻ സഹായിക്കുമെന്നതിനാൽ, ഇത് ഭാവിയിൽ സുരക്ഷാ ആശങ്കകൾ വർധിപ്പിക്കുമെന്നതാണ് അവരുടെ വിലയിരുത്തൽ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.