...
Home News International ഹോർമുസ് അടച്ചതിന് പിന്നാലെ ഇറാനിൽ യുഎസ് ആക്രമണം

ഹോർമുസ് അടച്ചതിന് പിന്നാലെ ഇറാനിൽ യുഎസ് ആക്രമണം

അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇറാൻ ഗൾഫ് രാഷ്ട്രങ്ങളിൽ ആക്രമണം നടത്തി

3

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുകയാണെന്ന് അറിയിച്ചതിന് പിന്നാലെ ഇറാനില്‍ ആക്രമണം നടത്തി അമേരിക്ക. തുറമുഖ നഗരമായ ജാസ്കിൽ ഉള്‍പ്പെടെ സ്‌ഫോടനമുണ്ടായി. ബുഷഹെര്‍ പ്രവിശ്യയില്‍ 12 സ്‌ഫോടനങ്ങള്‍ നടന്നതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനുനേരെ മൂന്നാംഘട്ട ആക്രമണം ആരംഭിച്ചതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.

കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്താനുളള ഇറാൻ്റെ ശേഷി ഇല്ലാതാക്കുമെന്ന് യുഎസ് സൈന്യം പ്രസ്‌താവനയില്‍ പറഞ്ഞു. ഇറാന്‍ നടത്തിയ ആക്രമണത്തില്‍ സൈപ്രസ് പതാകയുളള കണ്ടെയ്‌നര്‍ കപ്പലിൻ്റെ എന്‍ജിന്‍ റൂമിന് ഗുരുതരമായ കേടുപാടുകളുണ്ടായി എന്നും ഒരു കപ്പല്‍ ജീവനക്കാരനെ കാണാതായി എന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്‌താവനയില്‍ പറയുന്നു.

അതേസമയം, അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇറാൻ ഗൾഫ് രാഷ്ട്രങ്ങളിൽ ആക്രമണം നടത്തി. യുഎഇയിലും ഖത്തറിലും കുവൈറ്റിലുമാണ് ഇറാൻ്റെ ആക്രമണമുണ്ടായത്. ബഹ്റൈനിൽ സൈറൺ മുഴങ്ങി. സുരക്ഷിത കേന്ദ്രങ്ങളിൽ തുടരണമെന്ന് ഖത്തർ ജനങ്ങൾക്ക് നിർദേശം നൽകി. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് പ്രതിരോധിക്കുന്നു എന്ന് കുവൈറ്റ് അറിയിച്ചു.

മിസൈൽ ആക്രമണം തടഞ്ഞതായി ഖത്തറും വ്യക്തമാക്കി. ജോർദാനിലെ പ്രിൻസ് ഹസൻ വ്യോമതാവളം ആക്രമിച്ചെന്നും ഖത്തറിലെ അൽ ഉദൈദ് വ്യോമ താവളത്തിൽ ആക്രമണം നടത്തിയെന്നും ഇറാൻ അവകാശപ്പെടുന്നു.

ഒമാനിലെ തുറമുഖത്തും കനത്ത ആക്രമണം നടത്തിയായി ഇറാന്‍ അവകാശപ്പെടുന്നുണ്ട്. തങ്ങള്‍ക്കുനേരെ ഉണ്ടായ ആക്രമണത്തെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് പ്രതിരോധിച്ചുവെന്നാണ് യുഎഇ അറിയിച്ചത്. 69 ദിവസത്തെ ഇടവേളക്ക് ശേഷമാണ് യുഎഇ ആക്രമിക്കപ്പെട്ടത്.

വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് ആക്രമണ ശ്രമം ചെറുക്കുകയാണെന്നും നിലവില്‍ കേള്‍ക്കുന്ന സ്‌ഫോടന ശബ്‌ദങ്ങള്‍ വ്യോമ പ്രതിരോധ നടപടികളുടെ ഭാഗമാണെന്നും കുവൈറ്റ് അറിയിച്ചു. രാജ്യത്തെ എല്ലാ പൗരന്മാരും താമസക്കാരും ഔദ്യോഗിക സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കുവൈറ്റ് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.