അമേരിക്കൻ കോൺഗ്രസിൻ്റെ അധോസഭയായ പ്രതിനിധി സഭ 2026 സാമ്പത്തിക വർഷത്തേക്കുള്ള 1.15 ട്രില്യൺ ഡോളർ (ഏകദേശം 111 ലക്ഷം കോടി രൂപ) പ്രതിരോധ ബജറ്റിന് അംഗീകാരം നൽകി. യുഎസിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക ബജറ്റുകളിലൊന്നായ ഈ നീക്കം ആഗോള സാമ്പത്തിക, പ്രതിരോധ രംഗങ്ങളിൽ വലിയ ചർച്ചക്കാണ് വഴിവെച്ചിരിക്കുന്നത്.
178 രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെക്കാൾ വലിയ പ്രതിരോധ ചെലവ്
അന്താരാഷ്ട്ര നാണയ നിധി (IMF), ലോകബാങ്ക് എന്നിവയുടെ കണക്കുകൾ പ്രകാരം ലോകത്ത് ഏകദേശം 17 രാജ്യങ്ങൾക്ക് മാത്രമാണ് 1.15 ട്രില്യൺ ഡോളറിലധികം ജിഡിപി ഉള്ളത്. അമേരിക്ക, ചൈന, ഇന്ത്യ, ജപ്പാൻ, ജർമനി, ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി തുടങ്ങിയ പ്രധാന സാമ്പത്തിക ശക്തികളാണ് ഈ പട്ടികയിലുള്ളത്.
അതേസമയം, ലോകത്തെ ഏകദേശം 178 രാജ്യങ്ങളുടെ വാർഷിക ജിഡിപിയേക്കാൾ വലിയ തുകയാണ് അമേരിക്ക പ്രതിരോധത്തിനായി മാത്രം നീക്കിവയ്ക്കുന്നതെന്ന വിലയിരുത്തലാണ് പുറത്തുവരുന്നത്.
പാകിസ്ഥാനും ബംഗ്ലാദേശും താരതമ്യത്തിൽ
പാകിസ്ഥാന്റെ വാർഷിക ജിഡിപി ഏകദേശം 350 മുതൽ 370 ബില്യൺ ഡോളർ വരെയാണ്. ഇതിൻ്റെ മൂന്നിരട്ടിയിലധികം തുകയാണ് യുഎസ് പ്രതിരോധ ബജറ്റ്. ബംഗ്ലാദേശിന്റെ ജിഡിപി 450 മുതൽ 480 ബില്യൺ ഡോളർ വരെയാണുള്ളത്. അതിനേക്കാൾ രണ്ടര മടങ്ങോളം കൂടുതലാണ് അമേരിക്കയുടെ പ്രതിരോധ ചെലവ്.
ആഗോള സൈനിക ചെലവിൽ അമേരിക്കയുടെ മേൽക്കൈ
ലോകത്തെ മൊത്തം സൈനിക ചെലവ് ഏകദേശം 3.4 ട്രില്യൺ ഡോളറാണെന്നാണ് കണക്കുകൾ. ഇതിൽ 40 ശതമാനത്തോളം അമേരിക്കയുടെ വിഹിതമാണ്. സൈനികരുടെ ശമ്പളം, ആധുനിക ആയുധ വികസനം, ഗവേഷണം, പ്രതിരോധ സാങ്കേതികവിദ്യകൾ എന്നിവക്കൊപ്പം നിലവിലെ ആഗോള സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിനുള്ള വകയിരുത്തലുകളും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ചെലവ് ഏത് മേഖലകളിലേക്ക്?
മിഡിൽ ഈസ്റ്റിലെ സുരക്ഷാ സാഹചര്യം, ചെങ്കടൽ കടൽപാതകളുടെ സംരക്ഷണം, ഇന്തോ-പസഫിക് മേഖലയിലെ സൈനിക സാന്നിധ്യം ശക്തിപ്പെടുത്തൽ എന്നിവയ്ക്ക് ബജറ്റിൽ വലിയ വിഹിതം നീക്കിവച്ചിട്ടുണ്ട്. തായ്‌വാൻ കടലിടുക്കിലും ദക്ഷിണ ചൈനാ കടലിലും ചൈനയുടെ സ്വാധീനം നേരിടുന്നതിനായി നാവികസേനയും ദീർഘദൂര മിസൈൽ സംവിധാനങ്ങളും നവീകരിക്കുന്നതിനും പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്.
ഭാവി സാങ്കേതികവിദ്യകളിൽ വൻ നിക്ഷേപം
കൃത്രിമബുദ്ധി (AI), ഹൈപ്പർസോണിക് മിസൈലുകൾ, സൈബർ യുദ്ധ സാങ്കേതികവിദ്യ, സ്വയം പ്രവർത്തിക്കുന്ന ഡ്രോണുകൾ തുടങ്ങിയ ഭാവി യുദ്ധസാങ്കേതിക വിദ്യകളുടെ വികസനത്തിനും ബജറ്റിൽ വലിയ തുകയാണ് വകയിരുത്തിയിരിക്കുന്നത്. കൂടാതെ ആണവ പ്രതിരോധ സംവിധാനങ്ങളുടെ നവീകരണത്തിനും പ്രത്യേക പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയ്ക്ക് എന്താണ് പ്രാധാന്യം?
അമേരിക്ക- ചൈന സൈനിക മത്സരം ശക്തമാകുന്ന സാഹചര്യത്തിൽ ഇന്തോ- പസഫിക് മേഖലയിലെ സുരക്ഷാ സമവാക്യങ്ങളിൽ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ഇന്ത്യ- അമേരിക്ക പ്രതിരോധ സഹകരണം കൂടുതൽ ശക്തിപ്പെടാൻ ഇത് സഹായിക്കുമെന്നാണ് വിദഗ്‌ദരുടെ അഭിപ്രായം. അതേസമയം, മിഡിൽ ഈസ്റ്റിലെ സംഘർഷ സാധ്യതകൾ വർധിക്കുന്നത് ആഗോള എണ്ണവിലയെയും സമുദ്ര വ്യാപാര പാതകളെയും ബാധിക്കാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ആഗോള പ്രതിരോധ രംഗത്തെ അമേരിക്കയുടെ മുൻതൂക്കം നിലനിർത്താനുള്ള നീക്കമായാണ് പുതിയ പ്രതിരോധ ബജറ്റിനെ വിലയിരുത്തുന്നത്.


