...
Home News International യുഎസ് യുദ്ധവിമാനം പറക്കുന്നതിനിടെ പശ്ചിമേഷ്യയില്‍ കാണാതായി

യുഎസ് യുദ്ധവിമാനം പറക്കുന്നതിനിടെ പശ്ചിമേഷ്യയില്‍ കാണാതായി

ഖത്തറിൻ്റെ വ്യോമ പരിധിയില്‍ വെച്ചാണ് വിമാനം കാണാതായത്

90

പശ്ചിമേഷ്യയില്‍ പേര്‍ഷ്യന്‍ ഗള്‍ഫിനു മുകളിലൂടെ പറക്കുന്നതിനിടെ അമേരിക്കന്‍ സൈന്യത്തിൻ്റെ ടാങ്കര്‍ യുദ്ധവിമാനം കാണാതായി. ഫൈറ്റര്‍ ജെറ്റുകള്‍ക്ക് ആകാശത്തുവെച്ച് ഇന്ധനം നിറക്കുന്ന ബോയിങ് കെസി 135 സ്ട്രാറ്റോ ടാങ്കര്‍ വിമാനമാണ് കാണാതായത്. അടിയന്തര സന്ദേശം നല്‍കിയതിന് പിന്നാലെ വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുക ആയിരുന്നു.

ഖത്തറിൻ്റെ വ്യോമ പരിധിയില്‍ വെച്ചാണ് വിമാനം കാണാതായത്. പശ്ചിമേഷ്യയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യുദ്ധവിമാനം കാണാതായത് ഏറെ ഗൗരവത്തോടെ ആണ് അമേരിക്കന്‍ സൈന്യം കാണുന്നത്.

യുഎയിലെ അല്‍ ദഫ്ര ബേസില്‍നിന്നാണ് വിമാനം ടേക്ക് ഓഫ് ചെയ്‌തത്. ട്രാക്കിങ് സിഗ്നലുകള്‍ പ്രകാരം വിമാനം ആകാശത്ത് വട്ടമിട്ട പറന്ന ശേഷം ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വിമാനത്തെപ്പറ്റി പിന്നീട് വിവരമൊന്നും സൈനിക വൃത്തങ്ങള്‍ക്ക് ലഭിച്ചില്ല. അതിനാല്‍ വിമാനം ലാന്‍ഡ് ചെയ്‌തോ തകര്‍ന്നുവീണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

അമേരിക്കന്‍ സൈന്യം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇറാൻ്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. എന്നാല്‍ ഇറാൻ്റെ ഭാഗത്തുനിന്ന് മറ്റ് പ്രതികരണങ്ങള്‍ വന്നിട്ടില്ല. വിഷയത്തില്‍ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ മാര്‍ച്ചില്‍ ഇറാൻ്റെ ആക്രമണത്തില്‍ അമേരിക്കക്ക് ടാങ്കര്‍ വിഭാഗത്തില്‍പ്പെട്ട ഒരു യുദ്ധവിമാനം നഷ്‌ടമായിരുന്നു. അതിനാല്‍ വീണ്ടും ഇറാൻ്റെ ആക്രമണത്തിലാണോ വിമാനം കാണാതായതെന്ന സംശയം നിലനില്‍ക്കുന്നുണ്ട്. അമേരിക്കന്‍ വ്യോമസേനയുടെ നട്ടെല്ലാണ് കെസി 135 സ്ട്രാറ്റോ ടാങ്കര്‍ വിമാനങ്ങള്‍. 60 വര്‍ഷത്തിൽ എറെയായി ഇവ അമേരിക്കന്‍ വ്യോമ സേനയുടെ ഭാഗമാണ്.

ഫൈറ്റര്‍ ജെറ്റുകള്‍ക്കും ബോംബര്‍ വിമാനങ്ങള്‍ക്കും ആകാശത്തു വെച്ച് ഇന്ധനം നിറക്കുകയെന്നതാണ് ഇവയുടെ പ്രധാന ചുമതല. പശ്ചിമേഷ്യയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ഏറെ ഗൗരവത്തോടെയാണ് അമേരിക്ക വിമാനം കാണാതായതിനെ നോക്കിക്കാണുന്നത്. അമേരിക്കന്‍ വ്യോമ, നാവിക സേനകള്‍ സംയുക്തമായി കാണാതായ വിമാനത്തിനായി വിപുലമായ തിരച്ചില്‍ നടത്തി വരികയാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.