...
Home News International ഗൾഫ് മേഖലയിൽ ‘യുദ്ധഭീതി പടർത്തി യുഎസ്- ഇറാൻ പോരാട്ടം’; വിവാഹ വീടിന് മിസൈൽ ആക്രമണം; അഞ്ച്...

ഗൾഫ് മേഖലയിൽ ‘യുദ്ധഭീതി പടർത്തി യുഎസ്- ഇറാൻ പോരാട്ടം’; വിവാഹ വീടിന് മിസൈൽ ആക്രമണം; അഞ്ച് മരണം

ജോർദാനിലെ മഫ്രഖ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ മിസൈലുകൾ തടഞ്ഞു നിർത്തുന്നതിന്റെ സൈറണുകൾ മുഴങ്ങിയതായി ദൃക്സാക്ഷികൾ

3

വാഷിംഗ്ടൺ/ടെഹ്‌റാൻ: അമേരിക്കയും ഇറാനും തമ്മിൽ പ്രതികാര ആക്രമണങ്ങൾ രൂക്ഷമായതോടെ ഗൾഫ് മേഖല കടുത്ത സൈനിക സംഘർഷത്തിലേക്ക്. ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) താവളങ്ങൾ ലക്ഷ്യമിട്ട് യുഎസ് വ്യോമസേന രണ്ടാഴ്ചത്തിനിടെ രണ്ടാം തവണയും ശക്തമായ വ്യോമാക്രമണം നടത്തി. ഈ നടപടി ജോർദാൻ, കുവൈറ്റ്, ബഹ്‌റൈൻ തുടങ്ങിയ അയൽരാജ്യങ്ങളിലേക്കും സംഘർഷം വ്യാപിപ്പിച്ചിരിക്കുകയാണ്.

ഹോർമുസ് കടലിടുക്കിലെ യുഎസ് മുന്നേറ്റം

ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇറാനിലെ ഐആർജിസി കേന്ദ്രങ്ങളിൽ യുഎസ് സെൻട്രൽ കമാൻഡ് വ്യോമാക്രമണം നടത്തിയത്. ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്ക് നേരെ ഐആർജിസി നടത്തുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാനും പ്രദേശത്തെ യുഎസ് സൈനികരെ സംരക്ഷിക്കാനുമാണ് നടപടിയെന്ന് സെൻട്രൽ കമാൻഡ് അറിയിച്ചു. തന്ത്രപ്രധാനമായ ഈ ജലപാതയിൽ ഇറാൻ കടൽ മൈനുകൾ സ്ഥാപിക്കാൻ ശ്രമിച്ചിരുന്നുവെന്നും ഇത് തടയുക ലക്ഷ്യമിട്ടാണ് ആക്രമണമെന്നുമാണ് അമേരിക്കയുടെ വാദം.

വിവാഹ വീടിന് നേരെ മിസൈലാക്രമണം

സംഘർഷത്തിനിടയിൽ ഇറാന്റെ തെക്കൻ ഹോർമോസ്ഗാൻ പ്രവിശ്യയിലെ സിരിക് കൗണ്ടിയിലുണ്ടായ മിസൈൽ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രി കുഹെസ്റ്റാക്കിൽ വിവാഹച്ചടങ്ങ് നടന്നു കൊണ്ടിരുന്ന വീടിന് നേരെയാണ് യുഎസ് മിസൈൽ പതിച്ചത്. ഒരു കുട്ടി ഉൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 50-ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ മിനാബ് ആശുപത്രിയിലേക്ക് മാറ്റിയതായി ഇറാന്റെ റെഡ് ക്രസന്റ് റിപ്പോർട്ട് ചെയ്തു.

ജോർദാനിലും കുവൈറ്റിലും ഇറാൻ ആക്രമണം

യുഎസ് ആക്രമണങ്ങൾക്ക് മറുപടിയായി ഇറാൻ ശക്തമായ തിരിച്ചടി ആരംഭിച്ചു. സ്വന്തം മണ്ണിൽ നിന്ന് ജോർദാനിലേക്ക് ഐആർജിസി 13 ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടു. ഇതിൽ 10 എണ്ണം വ്യോമ പ്രതിരോധ സംവിധാനം തകർത്തെങ്കിലും 3 മിസൈലുകൾ ജനവാസ മേഖലകളിൽ നിന്ന് അകലെ പതിച്ചു. കുവൈറ്റിന്റെ വ്യോമാതിർത്തിയിലും ഡ്രോൺ ആക്രമണങ്ങളെ ചെറുത്തതായി റിപ്പോർട്ടുണ്ട്. ബഹ്‌റൈനിലെ യുഎസ് താവളത്തിന് നേരെയും ഡ്രോൺ ആക്രമണം നടത്തിയതായി ഇറാനിയൻ മാധ്യമങ്ങൾ അവകാശപ്പെടുന്നു.

കടുത്ത മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ് ഇറാനിയൻ നീക്കങ്ങൾക്ക് എതിരെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. അമേരിക്കയ്ക്ക് നേരെ ഏതെങ്കിലും തരത്തിലുള്ള പ്രതികാര നടപടിയുണ്ടായാൽ വളരെ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് അദ്ദേഹം ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഹോർമുസ് കടലിടുക്കിലെ ഭീഷണികളെയും ജോർദാനിലെ യുഎസ് താവളങ്ങൾക്ക് നേരെ നടന്ന മിസൈൽ ആക്രമണങ്ങളെയും നേരിടാൻ അമേരിക്കയുടെ ശക്തമായ സൈനിക നീക്കങ്ങൾ തുടരുമെന്നും ട്രംപ് വ്യക്തമാച്ചു.

ഗൾഫ് മേഖലയിൽ അതീവ ജാഗ്രത

സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക വിവേചനരഹിതമായ ആക്രമണമാണ് നടത്തുന്നതെന്ന് ഐആർജിസി ആരോപിച്ചു. സംഘർഷത്തെ തുടർന്ന് ഗൾഫ് മേഖലയാകെ കടുത്ത ഭീതിയിലാണ്. ജോർദാനിലെ മഫ്രഖ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ മിസൈലുകൾ തടഞ്ഞു നിർത്തുന്നതിന്റെ സൈറണുകൾ മുഴങ്ങിയതായി ദൃക്സാക്ഷികൾ റിപ്പോർട്ട് ചെയ്തു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.