ക്യൂബയ്‌ക്കെതിരായ ഉപരോധം കടുപ്പിച്ച് അമേരിക്ക. എണ്ണക്കടത്ത്, സമുദ്രഗതാഗതം, ഇലക്ട്രോണിക്സ്, സാങ്കേതിക സേവനങ്ങൾ തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട കമ്പനികൾക്കും കപ്പലുകൾക്കുമെതിരെ നവംബർ 5ന് പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചു. 2026ൽ ക്യൂബയ്‌ക്കെതിരെ അമേരിക്ക ഏർപ്പെടുത്തുന്ന 12-ാമത്തെ ഉപരോധ നടപടിയാണിത്. ജനുവരി മുതൽ ട്രംപ് ഭരണകൂടം രണ്ട് എക്സിക്യൂട്ടീവ് ഉത്തരവുകളും എണ്ണ ഉപരോധവും ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചിരുന്നു.
യുഎസ് ട്രഷറി വകുപ്പിന് കീഴിലുള്ള ഓഫീസ് ഓഫ് ഫോറിൻ അസറ്റ്സ് കൺട്രോൾ (OFAC) ആണ് പുതിയ ഉപരോധ പട്ടിക പുറത്തുവിട്ടത്. സൈപ്രസ് ആസ്ഥാനമായ കാരോയിൽ ട്രാൻസ്‌പോർട്ട് മറൈൻ, പനാമ ആസ്ഥാനമായ ടെന്റാകൂൾ കൊമേഴ്‌സ്യൽ എന്നീ കമ്പനികൾക്കൊപ്പം ക്യൂബൻ കമ്പനികളായ ഇന്റർനാഷണൽ മാരിടൈമ, പെട്രോളിയോസ് മാരിടിമോസ് ഡെൽ കരീബെ (പെട്രോമാർക്ക) എന്നിവയെയും പട്ടികയിൽ ഉൾപ്പെടുത്തി. ക്യൂബയിലേക്കും അവിടെനിന്നും അസംസ്കൃത എണ്ണയും പെട്രോളിയം ഉൽപ്പന്നങ്ങളും കടത്തുന്നതിൽ ഈ കമ്പനികൾക്ക് പങ്കുണ്ടെന്നാണ് വാഷിങ്ടണിന്റെ ആരോപണം.
ഇലക്ട്രോണിക് ഉപകരണങ്ങളും സാമഗ്രികളും ഇറക്കുമതി ചെയ്യുന്ന ക്യൂബൻ സർക്കാർ ഉടമസ്ഥതയിലുള്ള ക്യൂബഇലക്ട്രോണിക്ക, സാങ്കേതിക സേവനങ്ങളും പരിഹാരങ്ങളും നൽകുന്ന ടെക്നോസിമെ എന്നീ സ്ഥാപനങ്ങൾക്കും ഉപരോധം ഏർപ്പെടുത്തി. ചൈനീസ് കമ്പനികളായ സിഇഐഇസി, ബെയ്ജിങ് എച്ച് ആൻഡ് സി ടെക്നോളജീസ് എന്നിവയും പുതിയ പട്ടികയിലുണ്ട്. ക്യൂബയിലേക്കും തിരിച്ചും എണ്ണയും പെട്രോളിയം ഉൽപ്പന്നങ്ങളും കടത്തിയെന്ന ആരോപണത്തെ തുടർന്ന് അഞ്ച് കപ്പലുകളെയും ഉപരോധിത സ്വത്തായി പ്രഖ്യാപിച്ചു. ഇവയ്ക്ക് കാരോയിൽ ട്രാൻസ്‌പോർട്ട് മറൈൻ, പെട്രോമാർക്ക എന്നീ കമ്പനികളുമായി ബന്ധമുണ്ടെന്നാണ് റിപ്പോർട്ട്.
അമേരിക്കയുടെ തുടർച്ചയായ ഉപരോധങ്ങളും എണ്ണ ഉപരോധവും ക്യൂബയുടെ രൂക്ഷമായ ഊർജപ്രതിസന്ധി കൂടുതൽ വഷളാക്കിയിട്ടുണ്ട്. വ്യവസായ ഉൽപ്പാദനം, ഗതാഗതം, ആരോഗ്യരംഗം, വൈദ്യുതി വിതരണം, ജലവിതരണം, ഭക്ഷ്യവിതരണവും സംഭരണവും തുടങ്ങിയ നിർണായക മേഖലകളെ പ്രതിസന്ധി ബാധിച്ചു. ഊർജം, ഖനനം, നിർമാണം, സമുദ്രഗതാഗതം, തുറമുഖ സേവനങ്ങൾ, അന്താരാഷ്ട്ര മെഡിക്കൽ സേവനങ്ങൾ, കയറ്റുമതി-ഇറക്കുമതി, പണമയയ്ക്കൽ, സാമ്പത്തിക ഇടപാടുകൾ തുടങ്ങി നിരവധി മേഖലകളെയാണ് മുൻ ഉപരോധങ്ങൾ ലക്ഷ്യമിട്ടത്.
അമേരിക്കയുടെ നയം ‘കൂട്ടായ ശിക്ഷയെന്ന്’ ക്യൂബ
അതിനിടെ, അമേരിക്കയുടെ നടപടികളെ ‘കൂട്ടായ ശിക്ഷ’യെന്ന് വിശേഷിപ്പിച്ച് ക്യൂബൻ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസ് രംഗത്തെത്തി. വ്യാഴാഴ്ച മാഡ്രിഡിൽ നടന്ന ഐബറോ-അമേരിക്കൻ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയുടെ സാമ്പത്തിക ഉപരോധം ക്യൂബയുടെ സമ്പദ്‌വ്യവസ്ഥയെയും ജനജീവിതത്തെയും ഗുരുതരമായി ബാധിക്കുന്നുവെന്ന് റോഡ്രിഗസ് പറഞ്ഞു.
ഒക്ടോബർ 28ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ അമേരിക്കയുടെ സാമ്പത്തിക, വാണിജ്യ, ധനകാര്യ ഉപരോധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു. ഇതിനെ പിന്തുണച്ച ഐബറോ-അമേരിക്കൻ രാജ്യങ്ങൾക്ക് അദ്ദേഹം നന്ദി അറിയിച്ചു. അമേരിക്കയുടെ ഏകപക്ഷീയ നടപടികൾ അധികാരദുർവിനിയോഗമാണെന്നും മേഖലയിലെ രാജ്യങ്ങൾ പരസ്പര സഹകരണം, പരമാധികാരം, അന്താരാഷ്ട്ര നിയമങ്ങളോടുള്ള ബഹുമാനം എന്നിവ ഉയർത്തിപ്പിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഐബറോ-അമേരിക്കൻ സഹകരണ സംവിധാനങ്ങളുടെ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും അംഗരാജ്യങ്ങൾ തമ്മിലുള്ള സംവാദങ്ങളിലും സഹകരണത്തിലും പുറത്തുനിന്നുള്ള ഇടപെടലും സമ്മർദവും ഒഴിവാക്കണമെന്നും റോഡ്രിഗസ് ആവശ്യപ്പെട്ടു. ഏകപക്ഷീയത വർധിക്കുന്നതും സംഘർഷങ്ങൾ രൂക്ഷമാകുന്നതും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനങ്ങളും മനുഷ്യാവകാശ പ്രശ്നങ്ങളും കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതവും നിലവിലെ ആഗോള സാഹചര്യത്തെ കൂടുതൽ സങ്കീർണമാക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പരമാധികാരം, സ്വാതന്ത്ര്യം, പ്രാദേശിക വികസനം തുടങ്ങിയ വിഷയങ്ങളിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് ക്യൂബൻ വിപ്ലവ നേതാവ് ഫിഡൽ കാസ്ട്രോ ഉയർത്തിയ ആശങ്കകൾ ഇന്നും പ്രസക്തമാണെന്നും റോഡ്രിഗസ് കൂട്ടിച്ചേർത്തു.


