കോഴിക്കോട് വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ മൂന്ന് അധ്യാപകർ ലഹരി പാർട്ടികൾ സംഘടിപ്പിച്ചിരുന്നുവെന്ന് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. കേസിലെ പ്രതികളായ കീർത്തനയുടെയും കാവ്യയുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് കഴിഞ്ഞ ആറുമാസത്തിനിടെ ലക്ഷക്കണക്കിന് രൂപ എത്തിയതായും പൊലീസ് കണ്ടെത്തി.
ചോദ്യം ചെയ്യലിനിടെ ലഹരിമരുന്നിന്റെ മുഖ്യ വിതരണക്കാരെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്താൻ പ്രതികൾ തയ്യാറായില്ലെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. ലഹരി വ്യാപാര ശൃംഖലയിൽ ഇവർ ഇടനിലക്കാരായി പ്രവർത്തിച്ചിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.
പ്രതികളിൽ ഒരാളായ കീർത്തന, കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നിഷ്മയ്ക്കറിയാമെന്ന മൊഴി നൽകിയതായും അന്വേഷണസംഘം അറിയിച്ചു. കേസിന്റെ പുരോഗതി വിലയിരുത്തുന്നതിനായി റേഞ്ച് ഡിഐജി കെ. കാർത്തിക് ഇന്ന് വടകരയിൽ അന്വേഷണ ഉദ്യോഗസ്ഥരുമായി യോഗം ചേരും.
മൂന്ന് പ്രതികളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് കഴിഞ്ഞ ആറുമാസത്തിനിടെ 10 ലക്ഷത്തിലധികം രൂപ നേരിട്ട് എത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ സാമ്പത്തിക ഇടപാടുകളുടെ ഉറവിടവും ഉപയോഗവും സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
ലഹരിമാഫിയയിലെ കണ്ണികളുമായി പ്രതികൾ ഇൻസ്റ്റഗ്രാം വഴിയാണ് ബന്ധം സ്ഥാപിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ലഹരിവ്യാപാരവുമായി ബന്ധപ്പെട്ട ആളുകളാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഇവർ ബന്ധം തുടർന്നതെന്നും അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറയുന്നു. തുടക്കത്തിൽ എംഡിഎംഎ വാങ്ങിയിരുന്ന ഇവർ പിന്നീട് ലഹരി വിൽപ്പന ശൃംഖലയിലെ സജീവ കണ്ണികളായി മാറിയതായും അന്വേഷണസംഘം കണ്ടെത്തി.
മംഗളൂരുവിലുള്ള ഒരു സുഹൃത്ത് വഴിയാണ് പ്രതികൾ ആദ്യമായി എംഡിഎംഎ ഉപയോഗിച്ചതെന്നാണ് അന്വേഷണത്തിൽ ലഭിച്ച വിവരം. തുടർന്ന് ഇൻസ്റ്റഗ്രാം വഴി വിതരണക്കാരുമായി ബന്ധം സ്ഥാപിച്ച് ലഹരി വ്യാപാരത്തിലേക്ക് കടന്നതായും പൊലീസ് സംശയിക്കുന്നു. പ്രതികൾ അധ്യാപകരായിരുന്നതിനാൽ ഈ സാഹചര്യം ലഹരിമാഫിയ പരമാവധി പ്രയോജനപ്പെടുത്തിയതായും അന്വേഷണസംഘം വിലയിരുത്തുന്നു.
ഇവർക്കൊപ്പം മറ്റൊരാൾ കൂടി ലഹരി ശൃംഖലയിൽ സജീവമായിരുന്നെന്ന സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്തുന്നതിനും ലഹരി വിതരണ ശൃംഖലയിലെ മറ്റ് കണ്ണികളെ തിരിച്ചറിയുന്നതിനുമായി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.



