...
Home News Kerala ‘വിഡി സതീശന്‍ അന്‍വറിനെ ഒതുക്കുന്നതിലേക്ക് തിരഞ്ഞെടുപ്പിനെ കൊണ്ടു പോകുകയാണ്’: പിവി അന്‍വര്‍

‘വിഡി സതീശന്‍ അന്‍വറിനെ ഒതുക്കുന്നതിലേക്ക് തിരഞ്ഞെടുപ്പിനെ കൊണ്ടു പോകുകയാണ്’: പിവി അന്‍വര്‍

യുഡിഎഫ് നേതാക്കളെല്ലാം വ്യക്തി ബന്ധം കൊണ്ടാണ് ചര്‍ച്ചകള്‍ക്ക് എത്തിയത്

229

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ആഞ്ഞടിച്ച് പിവി അന്‍വര്‍. അന്‍വറിനെ ഒതുക്കുന്നതിലേക്ക് വിഡി സതീശന്‍ തിരഞ്ഞെടുപ്പിനെ കൊണ്ടു പോകുകയാണെന്ന് പിവി അന്‍വര്‍ ആരോപിച്ചു. യുഡിഎഫ് ചെയര്‍മാൻ്റെ ഉദ്ദേശം പിണറായിയെ ഒതുക്കലോ അന്‍വറിനെ ഒതുക്കലോ എന്ന് സംശയിക്കുന്നുവെന്നും വിഡി സതീശന് നിഗൂഢ ലക്ഷ്യങ്ങളുണ്ടെന്നും പിവി അന്‍വര്‍ പറഞ്ഞു. എന്തിനും തയ്യാറായി താന്‍ വന്നിട്ടും ഇപ്പോഴും പറയുന്നത് നയം വ്യക്തമാക്കാനാണ്. താന്‍ നയം വ്യക്തമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അന്‍വര്‍ പറഞ്ഞു.

‘അന്‍വറിനെ ഒതുക്കുന്നതിലേക്ക് വിഡി സതീശന്‍ തിരഞ്ഞെടുപ്പിനെ കൊണ്ടു പോകുകയാണ്. അത് അന്‍വറിനെ കൊല്ലാനാണ്. ഇങ്ങനെയൊരു നിലപാടിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ മാത്രമുള്ള പ്രശ്‌നങ്ങള്‍ ഞങ്ങള്‍ തമ്മിലില്ല’. അന്‍വറിൻ്റെ വാക്കുകള്‍ ഇങ്ങനെ. ചര്‍ച്ചകള്‍ നടത്തേണ്ടത് യുഡിഎഫ് ചെയര്‍മാനാണ്. എന്നാല്‍ തന്നോട് സംസാരിച്ച യുഡിഎഫ് നേതാക്കളെല്ലാം വ്യക്തി ബന്ധം കൊണ്ടാണ് ചര്‍ച്ചകള്‍ക്ക് എത്തിയത്.

താന്‍ എന്തിനും തയ്യാറായി വന്നിട്ടും ഒന്നും പ്രഖ്യാപിക്കാതെ ഇരിക്കുന്നത് എന്തിനെന്ന് മനസിലാകുന്നില്ല. യുഡിഎഫ് നേതൃത്വം എന്നാല്‍ യുഡിഎഫ് ചെയര്‍മാനാണല്ലോ. അദ്ദേഹത്തില്‍ നിന്നും ഒരു തരത്തിലും ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും പിവി അന്‍വര്‍ പറഞ്ഞു.

തനിക്ക് വേണ്ടി ആരുടേയും കാല് പിടിക്കേണ്ടെന്ന് പികെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കളോട് താന്‍ പറഞ്ഞതായി പിവി അന്‍വര്‍ പറഞ്ഞു. കെ സുധാകരന്‍, രമേശ് ചെന്നിത്തല, കെ.മുരളീധരന്‍ തുടങ്ങി എല്ലാ മുതിര്‍ന്ന നേതാക്കളും തനിക്ക് വേണ്ടി സംസാരിച്ചിട്ടുണ്ട്.

കുഞ്ഞാലിക്കുട്ടി പല തവണ തൻ്റെ കാര്യം സംസാരിച്ചു. ഇനി കാലുപിടിക്കേണ്ടെന്ന് ആവശ്യപ്പെട്ടു. പിന്നീട് തൻ്റെ പ്രതീക്ഷ കെസി വേണുഗോപാലിൽ ആയിരുന്നു. അദ്ദേഹത്തിനും പരിധികളുണ്ടല്ലോ എന്നും പിവി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.