...
Home News Kerala മൈക്രോ ഫിനാന്‍സ് വായ്‌പാ പദ്ധതിയില്‍ പണം തട്ടാന്‍ വെള്ളാപ്പള്ളിയുടെ ആസൂത്രണം; തെളിവുകള്‍ പുറത്ത്

മൈക്രോ ഫിനാന്‍സ് വായ്‌പാ പദ്ധതിയില്‍ പണം തട്ടാന്‍ വെള്ളാപ്പള്ളിയുടെ ആസൂത്രണം; തെളിവുകള്‍ പുറത്ത്

തട്ടിപ്പില്‍ വെള്ളാപ്പള്ളി നടേശൻ നേരിട്ട് ഇടപെട്ടതിൻ്റെ തെളിവുകള്‍ ശേഖരിക്കുകയാണ് അവസാന ഘട്ടത്തില്‍ അന്വേഷണ സംഘം

212

മൈക്രോ ഫിനാന്‍സ് വായ്‌പാ പദ്ധതിയില്‍ നിന്ന് അവിഹിതമായി പണം തട്ടാന്‍ വെള്ളാപ്പള്ളി നടേശന്‍ നടത്തിയ വന്‍ ആസൂത്രണത്തിൻ്റെ തെളിവുകള്‍ പുറത്ത്. സാമ്പത്തിക ഇടപാടുകളില്‍ തൻ്റെ നിയന്ത്രണം ഉറപ്പാക്കാന്‍ ഓരോ യൂണിയനിലും അടുപ്പക്കാരെ നിയമിച്ചുകൊണ്ട് അയച്ച കത്തുകള്‍ വിജിലന്‍സ് കണ്ടെടുക്കാന്‍ തുടങ്ങി. അതില്‍ സുപ്രധാനമായ ഒരെണ്ണം പുറത്തുവന്നു. തട്ടിപ്പില്‍ വെള്ളാപ്പള്ളി നടേശൻ നേരിട്ട് ഇടപെട്ടതിൻ്റെ തെളിവുകള്‍ ശേഖരിക്കുകയാണ് അവസാന ഘട്ടത്തില്‍ അന്വേഷണ സംഘം.

നിര്‍ദ്ധന സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യാന്‍ മൂന്ന് ശതമാനം പലിശക്ക് പിന്നാക്ക വികസന കോര്‍പറേഷന്‍ വിതരണം ചെയ്യുന്ന വായ്‌പ എസ്എന്‍ഡിപിയുടെ ഓരോ യൂണിയൻ്റെയും പേരില്‍ നേടിയെടുത്ത ശേഷം തൻ്റെ അടുപ്പക്കാര്‍ക്ക് മൂന്നിരട്ടി കൂടിയ നിരക്കില്‍ പലിശക്ക് നല്‍കിയായിരുന്നു വെള്ളാപ്പള്ളിയുടെ പ്രധാന തട്ടിപ്പ്. വന്‍ തുകയുടെ വായ്‌പകള്‍ എടുക്കാന്‍ യൂണിയന്‍ ഭാരവാഹികളെ പ്രലോഭിപ്പിച്ച ശേഷം അതിലൊരു വലിയ വിഹിതം വാങ്ങിയെടുക്കുക എന്നത് മറ്റൊരു തന്ത്രം.

ഇതെല്ലാം വ്യക്തമാക്കി തെളിവുകള്‍ സഹിതം വിജിലന്‍സിന് മൊഴി നല്‍കിയ മുതിര്‍ന്ന നേതാക്കള്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തി. ഇതിന് ഒടുവിലാണ് 2003 മുതല്‍ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ വെള്ളാപ്പള്ളി നടേശന്‍ യൂണിയനുകള്‍ക്ക് അയച്ച കത്തും വിജിലന്‍സ് പരിശോധിക്കുന്നത്. ഇവയില്‍ അടിമാലി യൂണിയന് 2006 ആഗസ്റ്റില്‍ നല്‍കിയ കത്താണ് ഇപ്പോള്‍ പുറത്തുവന്നത്.

സമാനമായ വിധത്തില്‍ മറ്റ് പല യൂണിയനുകളിലും വെള്ളാപ്പള്ളി നടേശന്‍ ഇടപെട്ടതായി വിജിലന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്. പാവപ്പെട്ട സ്ത്രീകളുടെ പേരില്‍ തുടങ്ങിയ മൈക്രോഫിനാന്‍സ് പദ്ധതിയിലൂടെ കോടികള്‍ തട്ടാനുള്ള ജനറല്‍ സെക്രട്ടറിയുടെ തന്ത്രത്തിന് ഏറ്റവും പ്രധാന തെളിവായി മാറുകയാണ് ഈ കത്തുകള്‍.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.