...
Home News Kerala സായുധ വിപ്ലവത്തിൽ നിന്ന് സുവിശേഷ വഴിയിലേക്ക്; വെള്ളത്തൂവൽ സ്റ്റീഫൻ വിടവാങ്ങുമ്പോൾ

സായുധ വിപ്ലവത്തിൽ നിന്ന് സുവിശേഷ വഴിയിലേക്ക്; വെള്ളത്തൂവൽ സ്റ്റീഫൻ വിടവാങ്ങുമ്പോൾ

1968ൽ നടന്ന കേരളത്തിലെ ആദ്യ നക്‌സൽ ആക്രമണമായ തലശ്ശേരി പൊലീസ് സ്റ്റേഷൻ ആക്രമണത്തിലൂടെയാണ് അദ്ദേഹം വിപ്ലവ രാഷ്ട്രീയത്തിൽ സജീവമായത്.

261

കേരളത്തിലെ ആദ്യകാല നക്‌സൽ നേതാക്കളിൽ പ്രമുഖനായ വെള്ളത്തൂവൽ സ്റ്റീഫൻ ഇന്ന് അന്തരിച്ചു. വസന്തത്തിന്റെ ഇടിമുഴക്കമെന്നു കാൽപ്പനികമായും അപക്വമായ അതിവിപ്ലവ മോഹങ്ങളെന്നു വിമർശനപരമായും വിശേഷിപ്പിക്കപ്പെട്ട ഒരു കാലഘട്ടത്തിന്റെ അവസാന ഏടുകളിലൊന്നാണ് അദ്ദേഹത്തിന്റെ നിര്യാണത്തോടെ മറയുന്നത്. നക്‌സൽബാരിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കേരളത്തിൽ സായുധ വിപ്ലവം സംഘടിപ്പിക്കാൻ ഇറങ്ങിപ്പുറപ്പെട്ടവരിൽ ഒരാളായിരുന്നു വെള്ളത്തൂവൽ സ്റ്റീഫൻ.

1968ൽ നടന്ന കേരളത്തിലെ ആദ്യ നക്‌സൽ ആക്രമണമായ തലശ്ശേരി പൊലീസ് സ്റ്റേഷൻ ആക്രമണത്തിലൂടെയാണ് അദ്ദേഹം വിപ്ലവ രാഷ്ട്രീയത്തിൽ സജീവമായത്. പിന്നീട് പുൽപ്പള്ളി പൊലീസ് ആക്രമണത്തിന് ശേഷം നക്‌സൽ പോരാട്ടങ്ങൾക്ക് ഏകോപനം ലഭിച്ച ഘട്ടത്തിൽ നേതൃസ്ഥാനത്തും സ്റ്റീഫൻ ഉണ്ടായിരുന്നു. 1971ൽ പൊലീസ് പിടിയിലായ സ്റ്റീഫന്റെ അറസ്റ്റ് കേരളത്തിലെ നക്‌സൽ പ്രസ്ഥാനങ്ങളുടെ ആദ്യഘട്ടത്തിന്റെ അവസാനമായി വിലയിരുത്തപ്പെട്ടു.

കൊലപാതകമടക്കം നിരവധി കേസുകളിൽ പ്രതിയായിരുന്ന അദ്ദേഹം കടുത്ത പീഡനങ്ങൾ അനുഭവിച്ച ശേഷം ഏകദേശം 15 വർഷം ജയിൽജീവിതം നയിച്ചു. ജയിലിൽവെച്ചുതന്നെ ചാരുമജുംദാറിന്റെ ഉന്മൂലനവഴിയോട് വിടപറഞ്ഞ സ്റ്റീഫൻ പിന്നീട് നക്‌സലിസം പൂർണമായി ഉപേക്ഷിച്ചു.

ശേഷിച്ച ജീവിതം അദ്ദേഹം സുവിശേഷത്തിന്റെ ആത്മീയ വഴിയിലും തുന്നൽപ്പണിക്കാരനായുള്ള ലളിതജീവിതത്തിലുമാണ് ചെലവഴിച്ചത്. നക്‌സൽ പ്രസ്ഥാനത്തെ സ്വയംവിമർശനാത്മകമായി വിലയിരുത്തിയ ആത്മകഥയടക്കം നിരവധി പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. മതപരമായ ചടങ്ങുകളില്ലാതെ തന്നെ സംസ്‌കരിക്കണമെന്ന ആഗ്രഹവും സ്റ്റീഫൻ കുടുംബത്തെ അറിയിച്ചിരുന്നു. സായുധ വിപ്ലവത്തിന്റെ തീക്ഷ്ണതയും ആത്മീയാന്വേഷണത്തിന്റെ ശാന്തതയും ഒരുമിച്ച് അടയാളപ്പെടുത്തിയ ജീവിതമാണ് വെള്ളത്തൂവൽ സ്റ്റീഫന്റെത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.