...
Home News Kerala വെഞ്ഞാറമൂട് കൂട്ടകൊല; അഫാൻ്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി

വെഞ്ഞാറമൂട് കൂട്ടകൊല; അഫാൻ്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി

അമ്മൂമ്മയെ കൊലപ്പെടുത്തിയ കേസ് പാങ്ങോട് സ്റ്റേഷനിലും മറ്റു നാല് കേസുകൾ വെഞ്ഞാറമൂട് സ്റ്റേഷനിലുമാണ്

279

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസില്‍ പ്രതി അഫാൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. പാങ്ങോട് പൊലീസ് ആണ് അഫാനെ അറസ്റ്റ് ചെയ്‌തത്. അഫാൻ്റ അമ്മൂമ്മ സൽമാബീവിയുടെ കൊലപാതകത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മെഡിക്കൽ ബോർഡ് ചേർന്ന് ഡിസ്‌ചാർജ് തീരുമാനിച്ചു. കൂട്ടക്കൊലയിലെ ആദ്യ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

അമ്മൂമ്മയെ കൊലപ്പെടുത്തിയ കേസ്

മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള പ്രതിക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നാണ് വിവരം. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്താനുള്ള തീരുമാനം. ഇനി പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും. അമ്മൂമ്മയെ കൊലപ്പെടുത്തിയ കേസ് പാങ്ങോട് സ്റ്റേഷനിലും മറ്റു നാല് കേസുകൾ വെഞ്ഞാറമൂട് സ്റ്റേഷനിലുമാണ്.

കേസിൽ അഫാൻ്റെ കുടുംബത്തിന് വായ്‌പ നൽകിയവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തുകയാണ്. കുടുംബാംഗങ്ങൾക്ക് പുറമെ പുറത്തു നിന്നും പണം കടം വാങ്ങി. സ്വർണാഭരണങ്ങളും പണയം വെച്ചിട്ടുണ്ട്. വായ്‌പ നൽകിയവർ കേസിൽ സാക്ഷികളാകും. കൂട്ടക്കൊലക്ക് കാരണം സാമ്പത്തിക ബാധ്യത ആയതിനാലാണ് ഇവരുടെ മൊഴികൾ പൊലീസ് ശേഖരിക്കുന്നത്.

അഫാൻ പൊലീസിന് മൊഴി നൽകിയത്

പ്രതി അഫാൻ്റ ഉമ്മ ഷെമിനയുടെ മൊഴിയും ഉടൻ രേഖപ്പെടുത്തും. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷെമിന തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട സാഹചര്യത്തിലാണ് മൊഴി എടുക്കാൻ ഡോക്ടർമാർ പൊലീസിന് അനുമതി നൽകിയത്. കുടുംബത്തിൻ്റ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വഴി ഇല്ലാതായതോടെ കൊലപാതകങ്ങൾ നടത്തേണ്ടിവന്നു എന്നാണ് അഫാൻ പൊലീസിന് മൊഴി നൽകിയത്. ഇതു തന്നെയാണ് കാരണം എന്ന നിഗമനത്തിലാണ് അന്വേഷണവും മുന്നോട്ട് പോകുന്നത്.

അഞ്ചുപേരുടെ കൂട്ടക്കൊലയിൽ പ്രതി അഫാന്‍റെ പിതാവ് റഹീം പ്രതികരണവുമായി വന്നിരുന്നു. നാട്ടിൽ തനിക്ക് സാമ്പത്തിക ബാധ്യതയൊന്നും ഇല്ലെന്നും സൗദിയിലുള്ള ബാധ്യതകള്‍ മാത്രമേയുള്ളുവെന്നും സൗദിയില്‍ കച്ചവടം ചെയ്യുന്ന റഹീം പറഞ്ഞു. സാമ്പത്തിക ബാധ്യതയോ പെൺകുട്ടിയുമായുള്ള ബന്ധമോ ഒന്നും അറിയിച്ചിട്ടില്ലെന്നും പിതാവ് റഹീം പറഞ്ഞു. സൗദിയിൽ ഉള്ള ബാധ്യതകൾ അല്ലാതെ മറ്റൊരു ബാധ്യതയും ഇല്ല. അഫാന് മറ്റു പ്രശ്‌നങ്ങൾ ഉള്ളതായോ ഒരു വിവരവും അറിയില്ലെന്നും റഹീം പറഞ്ഞു.

പ്രതിയുടെ മൊഴിയും പിതാവിന്‍റെ പ്രതികരണവും

റഹീമിന് സൗദിയിൽ കടബാധ്യതയുള്ളതിനാല്‍ നാട്ടിലേക്ക് വരാൻ പറ്റാത്ത സാഹചര്യമാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പിതാവിന് 75 ലക്ഷത്തിന്‍റെ ബാധ്യതയുണ്ടെന്നും സഹായം ചോദിച്ചിട്ട് ആരും നൽകിയില്ലെന്നും ഇതിനാലാണ് കൊല നടത്തിയതെന്നുമാണ് അഫാന്‍റെ മൊഴി.

പ്രതിയുടെ മൊഴിയിൽ വൈരുധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്. പ്രതിയുടെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. പ്രതിയുടെ മൊഴിയും പിതാവിന്‍റെ പ്രതികരണവും തമ്മിലുള്ള വൈരുധ്യവും അന്വേഷണത്തിൽ നിര്‍ണായകമായേക്കും. സാമ്പത്തിക ബാധ്യതയാണെങ്കിൽ പെണ്‍സുഹൃത്തിനെയും ബന്ധുക്കളെയും അനുജനെയുമടക്കം കൊലപ്പെടുത്തിയത് എന്തിനാണെന്ന് ചോദ്യവും അപ്പോഴും ബാക്കിയാകുകയാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.