...
Home News International ‘വിജയാഘോഷം’; അമേരിക്കയുടെ കൊമ്പ് തകർത്തുവെന്ന് ഇറാനിയൻ വൈസ് പ്രസിഡൻ്റ്

‘വിജയാഘോഷം’; അമേരിക്കയുടെ കൊമ്പ് തകർത്തുവെന്ന് ഇറാനിയൻ വൈസ് പ്രസിഡൻ്റ്

ഇറാൻ്റെ ശക്തി അവർക്ക് കാണിച്ചു കൊടുത്തു എന്നുമാണ് വിജയം എന്നത് കൊണ്ട് അർത്ഥമാക്കുന്നത് എന്നായിരുന്നു

166

ഡോണൾഡ് ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷമുള്ള ആശയ കുഴപ്പത്തിനിടയിലും വിജയം ആഘോഷിച്ച് ഇറാൻ. ഇറാനിയൻ ഭരണകൂടവുമായി ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥരാണ് ഇറാൻ വിജയം കുറിച്ചുവെന്ന നിലയിലുള്ള പ്രതികരണങ്ങളുമായി രം​ഗത്ത് വന്നിരിക്കുന്നത്.

മേഖലയിൽ അമേരിക്കയുടെയും പടിഞ്ഞാറിൻ്റെയും കൊമ്പ് തകർത്തു എന്നും ഇറാൻ്റെ ശക്തി അവർക്ക് കാണിച്ചു കൊടുത്തു എന്നുമാണ് വിജയം എന്നത് കൊണ്ട് അർത്ഥമാക്കുന്നത് എന്നായിരുന്നു ഇറാനിയൻ വൈസ് പ്രസിഡന്റ് മുഹമ്മദ് റെസ അരീഫിൻ്റെ പ്രതികരണം.

ഇറാൻ്റെ ആണവ പദ്ധതിയെ ആർക്കും “പിഴുതെറിയാൻ” കഴിയില്ലെന്ന് മറ്റുള്ളവർ അറിയനാം എന്നായിരുന്നു ഇറാൻ്റെ അറ്റോമിക് എനർജി ഓർഗനൈസേഷൻ്റെ വക്താവ് ബെഹ്‌റൂസ് കമാൽവണ്ടി ഇറാനിയൻ ടെലിവിഷനോട് പ്രതികരിച്ചത്. നമ്മുടെ കൈവശമുള്ള ശേഷിയും കഴിവുകളും കണക്കിലെടുക്കുമ്പോൾ ആണവ വ്യവസായം നിലനിൽക്കണം. അത് നിർത്താൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേ‍ർത്തു.

ഇതിനിടെ ഇസ്രയേൽ ആദ്യം ആക്രമണം തുടങ്ങിവെയ്ക്കാതെ ഇറാൻ ആക്രമണത്തിന് തുനിയില്ലെന്ന് ഇറാനിയൻ പ്രസി‍ഡൻ്റ് മഷൂദ് പൊസെഷ്‌കിയാൻ വ്യക്തമാക്കി. ഇസ്രയേൽ എത്രകാലം മാനിക്കുന്നുവോ അത്രയും കാലം ഇറാനും ഇസ്രയേലുമായുള്ള വെടിനിർത്തലിനെ മാനിക്കുമെന്ന് ഇറാനിയൻ പ്രസിഡ‍ൻ്റ് വ്യക്തമാക്കി. ഇറാൻ ചർച്ചകൾക്ക് തയ്യാറാണെന്നും എന്നാൽ ചർച്ചകൾ നടക്കുമ്പോൾ ഇറാനിലെ ജനങ്ങളുടെ താൽപ്പര്യം സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൈനിക കേന്ദ്രങ്ങളിൽ ചാരവൃത്തി നടത്തിയെന്ന സംശയത്തെ തുടർന്ന് ഒരു യൂറോപ്യൻ രാജ്യക്കാരനെ ഇറാൻ അറസ്റ്റ് ചെയ്‌തതായി ഇറാനിയൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്‌തു. തെക്കൻ ഇറാനിലെ ഹോർമോസ്​ഗൻ പ്രവിശ്യയിലെ സൈനിക കേന്ദ്രത്തിന് സമീപത്ത് നിന്ന് സംശയകരമായ സാഹചര്യത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

ഇറാൻ- ഇസ്രയേൽ സംഘർഷം ആരംഭിച്ചതിന് പിന്നാലെ ഇസ്രയേലിന് വേണ്ടി ചാരവൃത്തി നടത്തിയതെന്ന് ആരോപിച്ച് നിരവധി ആളുകളെ ഇറാനിൽ അറസ്റ്റ് ചെയ്യുകയും പലരെയും വധശിക്ഷക്ക് വിധിച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പടിഞ്ഞാറൻ ഹംദാൻ പ്രവിശ്യയിൽ ആറോളം പേരെ ഇസ്രയേലിൻ്റെ മൊസാദിന് വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് ഇന്ന് അറസ്റ്റ് ചെയ്‌തതായി നേരത്തെ ഇറാനിയൻ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു.

ഇറാൻ- ഇസ്രയേൽ സംഘർഷത്തിൽ നയതന്ത്ര പരിഹാരത്തിന് ശ്രമിച്ച ഖത്തറിന് നന്ദി പറഞ്ഞ് ഇറാഖ് വിദേശകാര്യ മന്ത്രാലയം രം​ഗത്തെത്തി. ടെല​ഗ്രാമിൽ പങ്കുവെച്ച പ്രസ്‌താവനയിൽ ആയിരുന്നു ഇറാഖ് വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രതികരണം. മധ്യസ്ഥ നീക്കങ്ങൾക്കും നയതന്ത്ര ഇടപെടലിനും സഹോദര രാജ്യമായ ഖത്തറിന് അഭിനന്ദനം അറിയിക്കുന്നുവെന്ന് പ്രസ്‌താവന വ്യക്തമാക്കുന്നു.

ഇസ്രയേലും ഇറാനും തമ്മിലുള്ള വെടിനിർത്തൽ ധാരണക്ക് ഖത്തർ നൽകിയ സംഭാവന ചൂണ്ടിക്കാണിച്ചാണ് അഭിനന്ദനം. പ്രദേശത്തിൻ്റെ സ്ഥിരതക്കായുള്ള പിന്തുണയുടെ പങ്ക് ഇതിലൂടെ ഖത്തർ പ്രതിഫലിപ്പിച്ചു എന്നും പ്രസ്‌താവന വ്യക്തമാക്കുന്നുണ്ട്.

വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകാം:

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.