തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട ഇടപാടുകളിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. സുധാ പിള്ളയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഭൂമി ഏറ്റെടുക്കൽ, അനധികൃത നിയമനം എന്നിവ അന്വേഷിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. എംഎൽഎമാരുടെയും മന്ത്രിമാരുടെയും ആനുകൂല്യങ്ങളിൽ മാറ്റം വരുത്തുന്നതിനും യോഗം അംഗീകാരം നൽകി.
എംഎൽഎമാരുടെ ആനുകൂല്യങ്ങൾ നിലവിലെ 70,000 രൂപയിൽനിന്ന് 98,000 രൂപയായി ഉയർത്താനാണ് തീരുമാനം. മന്ത്രിമാരുടെ ആനുകൂല്യങ്ങൾ 1.8 ലക്ഷം രൂപയിൽനിന്ന് 1.33 ലക്ഷം രൂപയായി കുറയ്ക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. നാളെ നിയമസഭയിൽ ബിൽ പാസാക്കാനാണ് നീക്കം.
നെന്മാറ ഇരട്ടക്കൊല; മകൾക്ക് സർക്കാർ ജോലി
പാലക്കാട് നെന്മാറയിൽ 2025 ജനുവരി 27-ന് നടന്ന ഇരട്ടക്കൊലപാതകത്തിൽ കൊല്ലപ്പെട്ട സുധാകരന്റെ മകൾ അതുല്യയ്ക്ക് സർക്കാർ ജോലി നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേസിലെ പ്രതിയായ ചെന്താമരയാണ് സുധാകരനെ വെട്ടിക്കൊലപ്പെടുത്തിയത്. അതുല്യയുടെ ഇളയ സഹോദരി അഖിലയുടെ തുടർപഠനത്തിനായി പ്രത്യേക ധനസഹായം അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഭവന സഹായം വർധിപ്പിച്ചു
പട്ടികജാതി, പട്ടികവർഗ, മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കായുള്ള പ്രത്യേക ഭവന പദ്ധതിക്ക് മന്ത്രിസഭ ഭരണാനുമതി നൽകി. ഇതിന്റെ ഭാഗമായി ഭവന നിർമാണത്തിനുള്ള ധനസഹായ തുക വർധിപ്പിച്ചു.
പട്ടികജാതി കുടുംബങ്ങൾക്കും മത്സ്യത്തൊഴിലാളികൾക്കും നൽകുന്ന ധനസഹായം നാലു ലക്ഷം രൂപയിൽനിന്ന് ആറു ലക്ഷം രൂപയായാണ് ഉയർത്തിയത്. പട്ടികവർഗ വിഭാഗത്തിനുള്ള ധനസഹായം ആറു ലക്ഷം രൂപയിൽനിന്ന് എട്ടു ലക്ഷം രൂപയായും വർധിപ്പിച്ചു.
ഷൂട്ടിങ് താരം; സർക്കാർ ജോലി
2026 ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കായി ഷൂട്ടിങ്ങിൽ രണ്ട് വെള്ളി മെഡലുകൾ നേടിയ വിദർശ കെ വിനോദിന് സർക്കാർ ജോലി നൽകാനും മന്ത്രിസഭ തീരുമാനിച്ചു.
പിന്നാക്ക വിഭാഗ പട്ടികയിൽ മാറ്റം
കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷന്റെ നിർദേശപ്രകാരം 1958-ലെ കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസസ് റൂൾസ്, പാർട്ട് ഒന്നിലെ ഷെഡ്യൂൾ ലിസ്റ്റ് മൂന്നിൽ ഭേദഗതി വരുത്താനും തീരുമാനിച്ചു. മറ്റു പിന്നാക്ക വിഭാഗങ്ങളുടെ പട്ടികയിലെ എൻട്രി നമ്പർ 55-ൽ പട്ടാരിയ (Pattariya), എൻട്രി നമ്പർ 62-ൽ ശാലിയ (Saliya) എന്നീ വിഭാഗങ്ങളെ ഉൾപ്പെടുത്താനാണ് തീരുമാനം.
പൊലീസിൽ 48 ഒഴിവുകൾ
പൊലീസ് വകുപ്പിൽ പുനർവിന്യസിച്ച 86 സബ് ഇൻസ്‌പെക്ടർ (എസ്‌ഐ) തസ്തികകളിൽ 48 ഒഴിവുകൾ സ്ഥിരം ഒഴിവുകളായി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു.
പൊലീസിൽ വനിതാ പ്രാതിനിധ്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി പൊലീസ് കോൺസ്റ്റബിൾ നിയമനത്തിലെ പുരുഷ-വനിതാ അനുപാതത്തിലും മാറ്റം വരുത്തും. നിലവിലെ 9:1 അനുപാതം 7:3 ആയി ഉയർത്താനാണ് തീരുമാനം. ഇതോടെ കോൺസ്റ്റബിൾ നിയമനത്തിൽ വനിതകൾക്കുള്ള പ്രാതിനിധ്യം വർധിക്കും.


