തമിഴ്‌നാട് മുഖ്യമന്ത്രിയും ടിവികെ (തമിഴക വെട്രി കഴകം) അധ്യക്ഷനുമായ സി. ജോസഫ് വിജയ്‌യെ 2029-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാനുള്ള നീക്കത്തിൽ മുന്നണിക്കുള്ളിൽ കടുത്ത അമർഷം പുകയുന്നു. രാഹുൽ ഗാന്ധിയെ മാത്രമേ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കൂ എന്ന നിലപാടിലാണ് കോൺഗ്രസ്. സഖ്യത്തിന്റെ നിലപാട് മാറിയില്ലെങ്കിൽ കോൺഗ്രസ് മന്ത്രിമാർ മന്ത്രിസ്ഥാനം രാജിവെക്കുമെന്ന ഭീഷണിയും ഉയർത്തിയിട്ടുണ്ട്.
വിവാദത്തിന് നിയമസഭയിലെ പരാമർശം
അടുത്തിടെ നിയമസഭയിൽ മന്ത്രി ഡി. ശരത്കുമാറാണ് സി. ജോസഫ് വിജയ് രാജ്യത്തിന്റെ പ്രധാനമന്ത്രിയാകണമെന്ന് പരസ്യമായി ആവശ്യപ്പെട്ടത്. പിന്നാലെ ടിവികെയിലെ മറ്റു മുതിർന്ന നേതാക്കളും വിവിധ വേദികളിൽ സമാനമായ ആവശ്യവുമായി രംഗത്തെത്തി. ഇതിന് പുറമെ തൂത്തുക്കുടി ഉൾപ്പെടെയുള്ള വിവിധയിടങ്ങളിൽ ‘2029-ലെ പ്രധാനമന്ത്രി വിജയ്’ എന്നെഴുതിയ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു.
ഇതിനിടെ പുറത്തുവന്ന ഒരു മാധ്യമ സർവേയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുൽ ഗാന്ധി എന്നിവർക്ക് പിന്നിലായി മൂന്നാം സ്ഥാനത്ത് വിജയ് ഇടംപിടിച്ചത് രാഷ്ട്രീയ ചർച്ചകൾക്ക് ചൂടേകി. ഒൻപത് ശതമാനം പേരാണ് സർവേയിൽ വിജയ്യെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പിന്തുണച്ചത്. ഈ സർവേ ഫലത്തിനെതിരെ തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി (പിസിസി) അധ്യക്ഷൻ മാണിക്കം ടാഗോർ ശക്തമായ പരിഹാസവുമായി രംഗത്തുവന്നു. ആനയെയും സിംഹത്തെയും തമ്മിൽ തെറ്റിക്കാൻ കുറുക്കൻ വ്യാജ സർവേയുമായി ഇറങ്ങിയിരിക്കുക ആണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രാജിഭീഷണിയുമായി കോൺഗ്രസ് മന്ത്രിമാർ
സർവേ വിവാദത്തിന് പിന്നാലെ മുന്നണി മര്യാദകൾ ലംഘിക്കുന്ന ടിവികെ നടപടിക്കെതിരെ കോൺഗ്രസ് മന്ത്രിമാരും പരസ്യമായി രംഗത്തെത്തി. രാഹുൽ ഗാന്ധിയെ മാത്രമെ ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി കോൺഗ്രസ് അംഗീകരിക്കുകയുള്ളൂവെന്നും, അല്ലാത്തപക്ഷം മന്ത്രിസ്ഥാനത്തുനിന്ന് രാജിവെക്കാൻ മടിക്കില്ലെന്നും മന്ത്രി രാജേഷ് കുമാർ മുന്നറിയിപ്പ് നൽകി.
എന്നാൽ കോൺഗ്രസിന്റെ സമ്മർദ്ദ തന്ത്രങ്ങൾക്കും ഭീഷണികൾക്കുമെതിരെ ശക്തമായ മറുപടിയുമായി ടിവികെയും തിരിച്ചടിച്ചിട്ടുണ്ട്. കഴിഞ്ഞ അറുപത് വർഷത്തിന് ശേഷം തമിഴ്‌നാട്ടിൽ കോൺഗ്രസിന് വീണ്ടും മന്ത്രിസ്ഥാനം ലഭിച്ചത് സി. ജോസഫ് വിജയ് അധികാരത്തിൽ വന്നത് കൊണ്ടു മാത്രമാണെന്ന ശക്തമായ മറുവാദമാണ് ടിവികെ കേന്ദ്രങ്ങൾ ഉയർത്തുന്നത്. മുന്നണിക്കുള്ളിലെ ഈ തുറന്ന പോര് തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ ചലനങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്.


