...
Home News Kerala ഫേസ് ബുക്കില്‍ എഴുതിയത് കവിതയെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലാതെ വിട്ടയച്ചു

ഫേസ് ബുക്കില്‍ എഴുതിയത് കവിതയെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലാതെ വിട്ടയച്ചു

കേസെടുക്കാന്‍ വകുപ്പില്ലെന്ന് കണ്ട് കൊച്ചി സൈബര്‍ പൊലീസ് വിട്ടയക്കുക ആയിരുന്നു

269

സമൂഹ മാധ്യമങ്ങളില്‍ തുടര്‍ച്ചയായി അധിക്ഷേപ പോസ്റ്റുകള്‍ ഇട്ടെന്ന പരാതിയില്‍ നടന്‍ വിനായകനെ ചോദ്യം ചെയ്‌ത്‌ വിട്ടയച്ചു. കൊച്ചി സൈബര്‍ പൊലീസാണ് നടനെ ചോദ്യം ചെയ്‌തത്. ഫേസ്ബുക്കില്‍ കവിത എഴുതിയതാണെന്ന വിശദീകരണമാണ് വിനായകന്‍ പൊലീസിന് നല്‍കിയത്. കേസെടുക്കാന്‍ വകുപ്പില്ലെന്ന് കണ്ട് വിനായകനെ സൈബര്‍ പൊലീസ് വിട്ടയച്ചു.

ഒന്നര മണിക്കൂറാണ് വിനായകനെ സൈബര്‍ പൊലീസ് ചോദ്യം ചെയ്‌തത്. വിഎസ് അച്യുതാനന്ദന്‍ മരിച്ച ദിവസം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെ ഇട്ട പോസ്റ്റിൻ്റെ പേരിലായിരുന്നു ചോദ്യം ചെയ്യല്‍. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജിസോ ജോസഫ് വിനായകന് എതിരെ പരാതി നല്‍കിയിരുന്നു.

ഇതിൻ്റെ അടിസ്ഥാനത്തിലാണ് വിനായകനെ ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയത്. സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം വിവാദ പരാമര്‍ശങ്ങളും അധിക്ഷേപ വര്‍ഷവും നടത്തുന്ന വിനായകന് എതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

വിനായകന്‍ പൊതുശല്യമാണെന്നും പിടിച്ചുകൊണ്ടു പോയി ചികിത്സിക്കണമെന്നും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിഎസ് അച്യുതാനന്ദൻ്റെ സംസ്‌കാര ദിവസം ഉമ്മന്‍ചാണ്ടി അടക്കമുളള നേതാക്കള്‍ക്ക് എതിരെയാണ് വിനായകന്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്.

അതിന് പിന്നാലെ കഴിഞ്ഞ ദിവസം അടൂര്‍ ഗോപാലകൃഷ്‌ണനും യേശുദാസിനും എതിരെ വിനായകന്‍ അശ്ലീല പോസ്റ്റിട്ടിരുന്നു. അതിനെതിരെ ഗായകന്‍ ജി വേണുഗോപാലും ഗായകരുടെ സംഘടനയും എല്ലാം പ്രതിഷേധവുമായി വന്നിരുന്നു.

ഇതിന് ക്ഷമചോദിച്ച് പോസ്റ്റിട്ടെങ്കിലും വീണ്ടും മാധ്യമ പ്രവര്‍ത്തകയെ അധിക്ഷേപിച്ച് മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിട്ടു. നിരന്തരം സമൂഹ മാധ്യമങ്ങളില്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തുകയാണെങ്കിലും നടനെതിരെ കേസെടുക്കാന്‍ വകുപ്പില്ലെന്ന് കണ്ട് കൊച്ചി സൈബര്‍ പൊലീസ് വിട്ടയക്കുക ആയിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.