തമിഴ്‌നാട്ടിലെ വിരുദുനഗറിന് അടുത്തുള്ള പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 23 ആയി. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ വീണ്ടും സ്‌ഫോടനം ഉണ്ടായത് ആശങ്ക വര്‍ദ്ധിപ്പിച്ചു.
അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകുന്നേരത്തോടെ ആണ് പടക്ക നിര്‍മ്മാണ ശാലയില്‍ അപകടമുണ്ടായത്. മുപ്പത് തൊഴിലാളികളാണ് അപകട സമയത്ത് ജോലിയിൽ ഉണ്ടായിരുന്നത്.
വനജ പടക്ക ഫാക്ടറിയില്‍ വലിയ ശബ്‌ദത്തോടെ സ്‌ഫോടക വസ്‌തുക്കള്‍ പൊട്ടിത്തെറിച്ചു എന്നും ആഘാതത്തില്‍ പടക്ക ഫാക്ടറിയുടെ നാല് മുറികള്‍ പൂര്‍ണമായും കത്തി നശിച്ചുവെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏകദേശം 10 കിലോമീറ്റര്‍ ദൂരം വരെ പ്രകമ്പനമുണ്ടായി.
സംഭവത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അനുശോചനം അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി അദ്ദേഹം എക്‌സില്‍ കുറിച്ചു.
‘വിരുദുനഗര്‍ ജില്ലയിലെ കട്ടനപ്പട്ടിയില്‍ ഉണ്ടായ പടക്ക ഫാക്ടറി സ്‌ഫോടനത്തില്‍ നിരവധി പേര്‍ മരിച്ച വാര്‍ത്ത വേദനിപ്പിക്കുന്നു. ജീവന്‍ നഷ്‌ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് എൻ്റെ അഗാധമായ അനുശോചനം. മന്ത്രിമാരായ കെകെഎസ്എസ്ആര്‍ രാമചന്ദ്രനോടും തങ്കം തെന്നരശുവിനോടും രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും നിരീക്ഷിക്കാനും ദുരിതബാധിത കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കാനും ഉടന്‍ സ്ഥലത്തെത്തണമെന്ന് അഭ്യര്‍ത്ഥിച്ചു. ജില്ലാ കളക്ടറെ ബന്ധപ്പെടുകയും ആവശ്യമായ എല്ലാ സഹായങ്ങളും ഏകോപിപ്പിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്‌തു’, -അദ്ദേഹം കുറിച്ചു.
പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിൻ്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അന്വേഷണത്തിന് നാലംഗ സംഘങ്ങളെ നിയോഗിച്ചുവെന്നും കുറ്റക്കാരെ ഉടന്‍ കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്നും വിരുദുനഗര്‍ കളക്ടര്‍ പറഞ്ഞു.



