...
Home News National വോട്ട് കൊള്ള യഥാര്‍ത്ഥ ദേശവിരുദ്ധ പ്രവര്‍ത്തനം; ബിജെപിക്കെതിരെ രാഹുല്‍ ഗാന്ധിയുടെ കടുത്ത വിമര്‍ശനം

വോട്ട് കൊള്ള യഥാര്‍ത്ഥ ദേശവിരുദ്ധ പ്രവര്‍ത്തനം; ബിജെപിക്കെതിരെ രാഹുല്‍ ഗാന്ധിയുടെ കടുത്ത വിമര്‍ശനം

തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമന പാനലില്‍ നിന്നും ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയ നിമിഷം മുതല്‍ ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സമ്പ്രദായത്തിന്റെ വിശ്വാസ്യത തകര്‍ന്നുതുടങ്ങിയെന്ന് രാഹുല്‍ ആരോപിച്ചു.

258

പാര്‍ലമെന്റില്‍ വീണ്ടും വോട്ട് അട്ടിമറി ആരോപണം ഉയര്‍ത്തി തിരഞ്ഞെടുപ്പ് കമ്മീഷനെയും ബിജെപിയെയും തീവ്രമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഹരിയാനയിലെ വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകളും ബിഹാര്‍ ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പുകളില്‍ നടന്നതെന്ന് ആരോപിക്കുന്ന ‘വോട്ട് കൊള്ള’ നടപടികളും ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ പ്രസംഗിച്ചത്.

ഹരിയാനയിലെ വോട്ടര്‍ പട്ടികയില്‍ 22 വ്യാജ എന്‍ട്രികളില്‍ ഒരേ ബ്രസീലിയന്‍ സ്ത്രീയുടെ ചിത്രം ഉപയോഗിച്ചതും, മറ്റൊരാളുടെ പേര് 200 തവണ ആവര്‍ത്തിച്ചതും വോട്ട് അട്ടിമറിയുടെ വ്യക്തമായ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. ബിഹാറിലെ വോട്ടര്‍ പട്ടികയിലും 1.2 ലക്ഷം ഡ്യൂപ്ലിക്കേറ്റ് പേരുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഉത്തരവാദികളോട് ചോദ്യം ചെയ്യുമ്പോഴും കമ്മീഷനില്‍ നിന്നൊരുത്തരവും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും തമ്മില്‍ ഒത്തുകളി നടക്കുന്നതായും നിരവധി സംസ്ഥാന, ഫെഡറല്‍ തിരഞ്ഞെടുപ്പുകള്‍ ഇതിന്റെ പേരിൽ അട്ടിമറിക്കപ്പെട്ടുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. “വോട്ട് കൊള്ളയേക്കാള്‍ വലിയ ദേശവിരുദ്ധ പ്രവര്‍ത്തനം ഇല്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. കോണ്‍ഗ്രസിനെയും തനിക്കുമെതിരെ ‘ദേശവിരുദ്ധ’ എന്ന പദം പതിവായി ഉപയോഗിക്കുന്ന ബിജെപിയോട് അതേ വാക്കുകള്‍ കൊണ്ട് തന്നെ തിരിച്ചടിക്കുകയായിരുന്നു രാഹുല്‍.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമന പാനലില്‍ നിന്നും ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയ നിമിഷം മുതല്‍ ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സമ്പ്രദായത്തിന്റെ വിശ്വാസ്യത തകര്‍ന്നുതുടങ്ങിയെന്ന് രാഹുല്‍ ആരോപിച്ചു. കമ്മീഷനെതിരെ നിയമനടപടി എടുക്കാന്‍ കഴിയാത്ത വിധത്തിലാക്കിയ നിയമഭേദഗതിയും, ഇലക്ഷന്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ വേഗത്തില്‍ നശിപ്പിക്കാനുളള സംവിധാനം കൊണ്ടുവന്നതും ഭരണകക്ഷിക്ക് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ വഴിതെളിക്കാനാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

“ഈ നിയമഭേദഗതി നിങ്ങളെ രക്ഷിക്കുമെന്ന് കരുതരുത്. ഞങ്ങള്‍ അതു തിരുത്തും. നിങ്ങളെ തേടി അന്ന് വരും,” എന്ന് കമ്മീഷനെയും ഭരണകക്ഷിയെയും രാഹുല്‍ മുന്നറിയിപ്പുനല്‍കി.“ഞാന്‍ ഉയർത്തിയ ചോദ്യങ്ങൾക്കൊന്നും ഇതുവരെ കമ്മീഷന്‍ മറുപടി നൽകിയിട്ടില്ല. നിങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ പൂര്‍ണമായും പിടിച്ചെടുത്തു എന്ന് വളരെ വ്യക്തം,” എന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞവസാനിപ്പിച്ചത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.