ലോകത്തിലെ പ്രമുഖ നിക്ഷേപകരിൽ ഒരാളായ വാറൻ ബഫറ്റിന്റെ ഭക്ഷണശീലങ്ങളുമായി ബന്ധപ്പെട്ട കൗതുകകരമായ വെളിപ്പെടുത്തൽ പുറത്ത്. 96-ാം വയസ്സിലും സജീവമായ ബഫറ്റ് കഴിഞ്ഞ 48 വർഷമായി വെള്ളം കുടിക്കാറില്ലെന്നും ദാഹം തീർക്കാൻ ആശ്രയിക്കുന്നത് തന്റെ പ്രിയപ്പെട്ട ചെറി കോക്കിനെയാണെന്നുമാണ് വെളിപ്പെടുത്തൽ. ശതകോടീശ്വരനും ഹെഡ്ജ് ഫണ്ട് മാനേജറുമായ ബിൽ ആക്മാനാണ് അടുത്തിടെ ഒരു പോഡ്കാസ്റ്റിലൂടെ ഇക്കാര്യം പങ്കുവെച്ചത്.
വർഷങ്ങൾക്കുമുമ്പ് ബഫറ്റ് തന്റെ വീട്ടിൽ അത്താഴവിരുന്നിനെത്തിയപ്പോഴുണ്ടായ അനുഭവമാണ് ആക്മാൻ ഓർത്തെടുത്തത്. വെള്ളം നൽകാമെന്ന് ചോദിച്ചപ്പോൾ ബഫറ്റ് അത് നിരസിച്ചു. വെള്ളം കുടിക്കാറില്ലേയെന്ന് ചോദിച്ചപ്പോൾ, കഴിഞ്ഞ 48 വർഷമായി വെള്ളം കുടിച്ചിട്ടില്ലെന്നായിരുന്നു ബഫറ്റിന്റെ മറുപടി. തുടർന്ന് അദ്ദേഹത്തിനായി പ്രത്യേകം ചെറി കോക്ക് ഒരുക്കിയെന്നും ആക്മാൻ പറഞ്ഞു.
കോക് കോളയോടുള്ള ഇഷ്ടം ബഫറ്റ് മുമ്പും പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്. 2015ൽ ഫോർച്യൂൺ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ ശരീരത്തിലെ കലോറിയുടെ നാലിലൊന്ന് കോക്കിൽ നിന്നാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പ്രതിദിനം കുറഞ്ഞത് അഞ്ച് 12 ഔൺസ് കാനുകൾ കോക്ക കുടിക്കാറുണ്ടെന്നും അന്ന് വെളിപ്പെടുത്തിയിരുന്നു.
എന്നാൽ ബഫറ്റ് തുടക്കം മുതൽ കോക്കിന്റെ ആരാധകനായിരുന്നില്ല. ഏകദേശം 48 വർഷത്തോളം അദ്ദേഹം പെപ്സിയാണ് ഇഷ്ടപ്പെട്ടിരുന്നത്. മകൻ ഹോവാർഡിന്റെ സുഹൃത്തുക്കൾ അദ്ദേഹത്തെ ‘പെപ്സി വാറൻ’ എന്നായിരുന്നു വിളിച്ചിരുന്നത്. 1986ൽ ബെർക്ഷയർ ഹാത്വേയുടെ വാർഷിക യോഗത്തിലാണ് ബഫറ്റ് തന്റെ പാനീയശീലം മാറ്റിയത്. യോഗത്തിന്റെ ഔദ്യോഗിക പാനീയമായി ചെറി കോക്ക് അവതരിപ്പിച്ചതോടെ പെപ്സിയിൽനിന്ന് കോക്കിലേക്കുള്ള അദ്ദേഹത്തിന്റെ മാറ്റവും ശ്രദ്ധേയമായി.


