ലണ്ടൻ: തെക്കുകിഴക്കൻ ഇംഗ്ലണ്ടിലെ ഒരു ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ വൈദ്യുതി തടസ്സത്തെ തുടർന്ന് ഗാറ്റ്വിക്ക് വിമാനത്താവളത്തിൽ വൻ പ്രതിസന്ധി. വെള്ളവിതരണം തടസ്സപ്പെട്ടതോടെ വിമാനത്താവളത്തിലെ ടോയ്‌ലറ്റുകൾ പ്രവർത്തനരഹിതമാവുകയും നിരവധി റെസ്റ്റോറന്റുകളും ഭക്ഷണശാലകളും താൽക്കാലികമായി അടച്ചിടുകയും ചെയ്തു.
രണ്ട് ടെർമിനലുകളിലും യാത്രക്കാരെ ബാധിച്ച അസൗകര്യത്തിൽ വിമാനത്താവള അധികൃതർ സാമൂഹിക മാധ്യമമായ എക്‌സിലൂടെ ഖേദം പ്രകടിപ്പിച്ചു. യാത്രക്കാർക്ക് കുപ്പിവെള്ളം ലഭ്യമാക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
ബഫ് ബീച്ച് വാട്ടർ ട്രീറ്റ്‌മെന്റ് വർക്ക്സിലുണ്ടായ വൈദ്യുതി തകരാറാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ഇതിനെ തുടർന്ന് കെന്റ്, സസെക്സ് കൗണ്ടികളിലെ നിരവധി ഉപഭോക്താക്കൾക്കും ചിലയിടങ്ങളിൽ താൽക്കാലികമായി വെള്ളവിതരണം നിലച്ചതുമാണെന്ന് എസ്ഇഎസ് വാട്ടർ വ്യക്തമാക്കി. സേവനം പൂർണമായും പുനഃസ്ഥാപിക്കാൻ ശ്രമങ്ങൾ തുടരുകയാണെന്നും കമ്പനി അറിയിച്ചു.
അതേസമയം, വിമാനത്താവളത്തിൽ കുപ്പിവെള്ളം വിതരണം ചെയ്യുന്നുവെന്ന അധികൃതരുടെ അവകാശവാദം ചില യാത്രക്കാർ തള്ളിക്കളഞ്ഞു. വിമാനത്താവളത്തിലുണ്ടായിരുന്ന യാത്രക്കാരനായ പോൾ ലീ, വെള്ളക്കുപ്പികൾ വിതരണം ചെയ്യുന്നത് താൻ കണ്ടിട്ടില്ലെന്ന് ബിബിസിയോട് പറഞ്ഞു.
“ടോയ്‌ലറ്റ് സൗകര്യം ഇല്ലാത്തത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ്. ഞാൻ ഉടൻ യാത്രതിരിക്കുന്നതിനാൽ പ്രശ്നമില്ലെങ്കിലും, മണിക്കൂറുകളോളം ഇവിടെ കഴിയേണ്ടി വരുന്നവർക്ക് സ്ഥിതി കൂടുതൽ പ്രയാസകരമാകും,” അദ്ദേഹം പറഞ്ഞു.
റെസ്റ്റോറന്റുകളും ബാറുകളും അടഞ്ഞതോടെ യാത്രക്കാർക്ക് ഇരിപ്പിട സൗകര്യവും കുറവായതായി റിപ്പോർട്ടുകളുണ്ട്. മുൻ ബ്രിട്ടീഷ് പാർലമെന്റ് അംഗം മൈക്കൽ ഡുഗർ സാമൂഹിക മാധ്യമങ്ങളിലൂടെ വിഷയത്തിൽ ആശങ്ക രേഖപ്പെടുത്തി. യാത്രക്കാർക്ക് ആവശ്യമായ ഇരിപ്പിട സൗകര്യം ഒരുക്കുന്നതിനായി വിമാനത്താവളത്തിലെ കൂടുതൽ ഭാഗങ്ങൾ തുറന്ന് നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ജലവിതരണം സാധാരണ നിലയിലാകുന്നതുവരെ വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ നിയന്ത്രണങ്ങളോടെയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.


