...
Home News Kerala ‘നമ്മുടെ ആള്‍ക്കാരെ സഹായിച്ചു, വായ്‌പ എടുത്തവര്‍ തിരിച്ചടച്ചില്ല’; തിരുമല അനിലിൻ്റെ കുറിപ്പ്

‘നമ്മുടെ ആള്‍ക്കാരെ സഹായിച്ചു, വായ്‌പ എടുത്തവര്‍ തിരിച്ചടച്ചില്ല’; തിരുമല അനിലിൻ്റെ കുറിപ്പ്

വായ്‌പയെടുത്ത ആളുകള്‍ പല അവധി പറഞ്ഞ് തിരിച്ചടക്കാന്‍ കാലതാമസം ഉണ്ടാക്കിയെന്നും കുറിപ്പില്‍

181

തിരുവനന്തപുരത്ത് ജീവനൊടുക്കിയ ബിജെപി നഗരസഭ കൗണ്‍സിലര്‍ തിരുമല അനിലിൻ്റെ ആത്മഹത്യ കുറിപ്പ് പുറത്തു വന്നു. ബിജെപിയെ വെട്ടിലാക്കുന്ന തരത്തിലാണ് കുറിപ്പ്.

‘നമ്മുടെ ആള്‍ക്കാരെ സഹായിച്ചു, താനോ ഭരണസമിതിയോ ഒരു ക്രമക്കേടും ഉണ്ടാക്കിയിട്ടില്ല. പണം നിക്ഷേപിച്ചവര്‍ ആവശ്യത്തിലധികം സമ്മര്‍ദ്ദം തന്നു. തിരിച്ചു പിടിക്കാന്‍ ധാരാളം തുകയുണ്ട്’, -എന്ന് കുറിപ്പില്‍ പറയുന്നു. വായ്‌പയെടുത്ത ആളുകള്‍ പല അവധി പറഞ്ഞ് തിരിച്ചടക്കാന്‍ കാലതാമസം ഉണ്ടാക്കിയെന്നും കുറിപ്പില്‍ പറയുന്നുണ്ട്.

അനില്‍ നേതൃത്വം നല്‍കിയ സഹകരണ സംഘത്തില്‍ ഒരു പ്രശ്‌നവുമില്ലെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിൻ്റെ വാദത്തെ തള്ളുന്നതാണ് ആത്മഹത്യ കുറിപ്പ്. ഞായറാഴ്‌ചയാണ് രാജീവ് ചന്ദ്രശേഖര്‍ ഈ തരത്തില്‍ പ്രതികരിച്ചത്.

അനില്‍ ജീവനൊടുക്കിയതില്‍ പൊലീസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ് ബിജെപി ചെയ്‌തത്. പൊലീസ് ഭീഷണിക്ക് ഒടുവിലാണ് അനില്‍ ജീവനൊടുക്കിയത് എന്നായിരുന്നു ബിജെപി ആരോപണം. എന്നാല്‍ പൊലീസിനെതിരെ യാതൊരു ആരോപണവും അനില്‍ ആത്മഹത്യ കുറിപ്പില്‍ ഉന്നയിക്കുന്നില്ല. ബിജെപി പ്രവര്‍ത്തകരെയാണ് അനില്‍ നമ്മുടെ ആള്‍ക്കാരെന്ന് പറയുന്നത്.

ശനിയാഴ്‌ച രാവിലെ ആയിരുന്നു ബിജെപി ജനറല്‍ സെക്രട്ടറി കൂടിയായ അനിലിനെ തിരുമലയിലെ ഓഫീസ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അനില്‍ അധ്യക്ഷനായ വലിയശാല ഫാം ടൂര്‍ സഹകരണ സംഘത്തിന് ആറുകോടിയോളം രൂപയുടെ ബാധ്യത ഉണ്ടായിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.