തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരായ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ്. നാളെ സെക്രട്ടേറിയറ്റിന് മുന്നിൽ യുവജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സമരസമിതി അറിയിച്ചു. ആവശ്യങ്ങളിൽ സർക്കാർ അനുകൂല തീരുമാനമെടുക്കുന്നതുവരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും മരണം സംഭവിച്ചാലും പ്രതിഷേധം തുടരുമെന്നും സമരസമിതി കൺവീനർ എസ്. വളർമതി വ്യക്തമാക്കി.
അധികാരത്തിന്റെ ഹുങ്ക് കൈയിൽവെച്ചാൽ മതിയെന്നും സമരത്തെ അടിച്ചമർത്താനുള്ള നീക്കങ്ങളാണ് സർക്കാർ നടത്തുന്നതെന്നും വളർമതി ആരോപിച്ചു. കഴിഞ്ഞ ദിവസം പോലീസ് തന്നെ ബലംപ്രയോഗിച്ച് വലിച്ചിഴച്ചാണ് കൊണ്ടുപോയതെന്നും അവർ പറഞ്ഞു.
സമരം തടയാൻ വിവിധ രീതികളിൽ ശ്രമം നടക്കുന്നുണ്ട്. നടക്കാത്ത പ്രതിഷേധത്തിന്റെ പേരിൽ പോലും കേസെടുത്തുവെന്നാണ് വളർമതിയുടെ ആരോപണം. പാവപ്പെട്ടവരോട് എന്തും ചെയ്യാമെന്ന മനോഭാവമാണ് അധികൃതർ പുലർത്തുന്നതെന്നും അവർ വിമർശിച്ചു.
പോലീസ് നടപടിക്കിടെ തന്നെ വലിച്ചിഴച്ചുകൊണ്ടുപോയെന്നും ആശുപത്രിയിൽവെച്ച് ഡോക്ടർ തന്റെ മൊബൈൽ ഫോൺ പോലും പിടിച്ചുവെച്ചെന്നും വളർമതി ആരോപിച്ചു. ഇത്തരം നടപടികൾ എന്ത് തരത്തിലുള്ള മര്യാദയാണെന്നും അവർ ചോദിച്ചു. എത്രത്തോളം സമ്മർദമുണ്ടായാലും സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോകാനാണ് തീരുമാനമെന്നും വ്യക്തമാക്കി.
ചർച്ചയല്ല, പരിഹാരമാണ് വേണ്ടത്
തങ്ങൾ ഉന്നയിക്കുന്നത് ന്യായമായ ആവശ്യങ്ങളാണെന്ന് സമരസമിതി വ്യക്തമാക്കി. കുട്ടികളുടെ ആനുപാതം കുറയ്ക്കണമെന്ന ആവശ്യം സർക്കാർ പരിഗണിക്കേണ്ടതാണ്. സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയല്ല വേണ്ടതെന്നും വളർമതി പറഞ്ഞു.
ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാർ ഉത്തരവിറക്കുന്നതുവരെ സമരം തുടരുമെന്നാണ് സമരസമിതിയുടെ നിലപാട്. ഇനി ചർച്ചകൾക്കല്ല, പ്രശ്നത്തിന് വ്യക്തമായ പരിഹാരത്തിനാണ് കാത്തിരിക്കുന്നതെന്നും അവർ വ്യക്തമാക്കി.
സമരത്തെ തകർക്കാൻ ശ്രമമെന്ന് ഉദ്യോഗാർഥികൾ
സമരം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടതോടെ പോലീസിനെ ഉപയോഗിച്ച് പ്രതിഷേധം ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഉദ്യോഗാർഥികൾ ആരോപിച്ചു. കഠിനാധ്വാനം ചെയ്ത് പഠിച്ച് റാങ്ക് പട്ടികയിൽ ഇടം നേടിയ വനിതാ ഉദ്യോഗാർഥികളെ അപമാനിക്കുന്ന തരത്തിലുള്ള നടപടികളാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും അവർ വിമർശിച്ചു.
സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല ഉത്തരവ് ഉണ്ടാകുന്നതുവരെ പ്രതിഷേധം തുടരാനാണ് റാങ്ക് ഹോൾഡേഴ്സിന്റെ തീരുമാനം. നാളെ സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന പ്രതിഷേധം സമരത്തിന്റെ തുടർഘട്ടത്തിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

