...
Home News Kerala കോ – ലീ – ബി, നാഗ്പൂർ രഹസ്യ- പരസ്യ മോഡലുകൾ കേരളത്തിൽ കൂടുതൽ പ്രകടമായി...

കോ – ലീ – ബി, നാഗ്പൂർ രഹസ്യ- പരസ്യ മോഡലുകൾ കേരളത്തിൽ കൂടുതൽ പ്രകടമായി ഇനി നമുക്ക് കാണാം

രണ്ട് കൂട്ടരും ഇത്രയും ഒന്നായ സ്ഥിതിക്ക് 'ചന്ദ്രഭൂമി' എന്ന പേരിൽ ഒറ്റ പത്രം ഇറക്കുന്നതായിരിക്കും കൂടുതൽ ലാഭകരം. ശമ്പളം കൊടുക്കാത്തതിനെ തുടർന്ന് തൊഴിലാളി സമരം നടക്കുന്ന മാധ്യമത്തിന്റെ പ്രസ്സ് ഫ്രീയാണെങ്കിൽ അതും ഉപയോഗിക്കാം.

287

| ശ്രീകാന്ത് പികെ

കുറച്ച് വർഷങ്ങൾക്ക് മുന്നേ ഒരു ചാനൽ ചർച്ചയിൽ ബിജെപി -ആർ.എസ്‌.എസ്‌ പ്രതിനിധിയായി പങ്കെടുത്ത, ബിജെപി ബൗദ്ധിക സെൽ കൺവീനർ കൂടിയായ ടി.ജി മോഹൻദാസ് പരസ്യമായി പറഞ്ഞ വാക്കുകളുണ്ട്. “മുസ്ലീം ലീഗിന് ബിജെപിയോടും ആർ.എസ്‌.എസിനോടും വിരോധമൊന്നുമില്ലെന്നും, തങ്ങളെ ഏറ്റവും കുറവ് എതിർക്കുന്നത് ലീഗ് നേതാക്കളെന്നും, ആർ.എസ്‌.എസ്‌ ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പൂർ മുനിസിപ്പാലിറ്റി ബിജെപി യും മുസ്ലിം ലീഗും ഒന്നിച്ച് ഭരിച്ചവരാണെന്നും, ലീഗ് നേതാക്കൾ തങ്ങളെ എപ്പോഴെങ്കിലും കടന്നാക്രമിക്കുന്നത് കണ്ടിട്ടുണ്ടോ” എന്നുമൊക്കെ ടി.ജി മോഹൻദാസ് ചോദിച്ചിരുന്നു.


ഇതേ ടി.ജി മോഹൻദാസ് പലകുറി ലീഗിനെ പുകഴ്ത്തി സംസാരിച്ചിട്ടുണ്ട്, അതൊക്കെ പലകുറി ലീഗ് നേതാക്കൾ കേട്ട് കോൾമയിർ കൊണ്ടിട്ടുമുണ്ട്. ലീഗ് തറവാടികളുടെ പാർടിയാണെന്ന് പലതവണ ഇതേ ദേഹം പറയുന്നത് യൂ ട്യൂബിൽ കിടപ്പുണ്ട്. ഇങ്ങനെയൊരു കറകളഞ്ഞ ആർഎസ്‌എസുകാരൻ സി.പി.ഐ.എമ്മിനെ പലവട്ടമല്ല, ഒരുവട്ടമെങ്കിലും പുകഴ്ത്തി സംസാരിച്ചിരുന്നുവെങ്കിൽ എന്തായിരിക്കും കേരളത്തിലെ പുകില്.

സി.പി.ഐ.എമ്മും കോൺഗ്രസും ഇരുവശത്തുമായി നിന്ന് പോരാടിക്കുന്ന പൊളിറ്റിക്കൽ സ്ഫിയറിൽ ഒട്ടും ഓഡിറ്റിങ്ങില്ലാതെ രക്ഷപ്പെട്ട് പോകുന്ന ഒരു രാഷ്ട്രീയ പാർടിയാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്. അല്ലെങ്കിൽ നോക്കൂ, ഇന്ന് കേരളത്തിൽ വായുവിൽ നിന്ന് കാരണങ്ങൾ കണ്ടെത്തി സിജെപി എന്ന് കമന്റിട്ട് മെഴുകുന്ന ഒരു ലീഗുകാരനും, ഏറെ കാലങ്ങൾക്ക് മുന്നേയല്ലാതെ ആർഎസ്‌എസ്‌ കേന്ദ്രം സ്ഥിതി ചെയ്യുന്ന നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷൻ ബിജെപിക്ക് പിന്തുണ നൽകിക്കൊണ്ട് ഒരേ മുന്നണിയായി 5 വർഷം ഭരിച്ചതിനെ കുറിച്ച് മറുപടി എവിടെയും പറയേണ്ടി വരുന്നില്ല.

2012 – ൽ നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ 62 സീറ്റുകൾ മാത്രം നേടിയ ബിജെപി രണ്ടംഗളുള്ള ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗുമായി മുന്നണിയുണ്ടാക്കിയാണ് 5 വർഷം കോർപ്പറേഷൻ ഭരിച്ചത്. മുസ്ലിം ലീഗ് കൗൺസിലർമാരായ ഇഷ്റത് അൻസാരിയും അസ്‌ലം ഖാനും ബിജെപി മുന്നണിയിൽ സുഖമായി ഭരിച്ചു. കേരളത്തിന് പുറത്ത് മുസ്ലീം ലീഗിന് ഏതെങ്കിലും തരത്തിലുള്ള പാർലിമെന്ററി സ്ഥാനങ്ങൾ ലഭിച്ച അപൂർവ്വം സ്ഥലങ്ങളിലൊന്നായിരുന്നു നാഗ്പൂർ.

എന്നിട്ടും പി. കെ കുഞ്ഞാലിക്കുട്ടിയോ, പാണക്കാട്ടെ ഹൈദരലി ഷിഹാബ് മുതൽ സാദിഖലി വരെയുള്ള നേതാക്കളോടോ, പോട്ടെ, ഏതേലും ചോട്ടാ ലീഗ് നേതാവിനോട് പോലും ഏതേലും ചാനൽ മൈക്കുമായി പോയി മറുപടി ചോദിച്ചിട്ടുണ്ടോ?
കേരളത്തിൽ കുപ്രസിദ്ധ കോ – ലീ – ബി സഖ്യം ഏവർക്കും അറിയാവുന്ന കാര്യമാണ്. കോൺഗ്രസും ലീഗും ബിജെപിയും കൂടി കമ്യൂണിസ്റ്റ് പാർടിയെ തോൽപ്പിക്കാൻ പൊതു സ്ഥാനാർത്ഥിയെ നിർത്തി പരാജയമടഞ്ഞ ചരിത്രമുള്ള കേരളത്തിൽ ഇന്ന് അതേ ലീഗ് നേതാക്കൾ പിണറായി വിജയൻ മുതൽ ജോൺ ബ്രിട്ടാസ് വരെയുള്ള സഖാക്കളെ ഹീനമായ നിലയിൽ ഹിന്ദുത്വ ചാപ്പയടിച്ച് കൊണ്ട് യാതൊരു പ്രയാസവുമില്ലാതെ ഇറങ്ങി നടക്കുന്നു.

ബിജെപിക്ക് മാത്രമല്ല ആർഎസ്‌എസിന് തന്നെ ഏറ്റവും പ്രീയപ്പെട്ട ആളാണ് മുസ്ലീം ലീഗ് നേതാവ് കെ.എൻ.എ ഖാദർ. ഭാരതീയ വിചാരം കേന്ദ്രം, തപസ്യ തുടങ്ങിയ സംഘപരിവാർ സാംസ്‌കാരിക സംഘടനകളുടെ പരിപാടികളിൽ പലകുറി അതിഥിയായി പങ്കെടുക്കുകയും അവരെ പുകഴ്ത്തുകയും പ്രകീർത്തിക്കുകയും ചെയ്ത ലീഗ് നേതാവ്. പൗരത്വ നിയമ പ്രക്ഷോഭ കാലത്ത് നാട്ടിലെ തെരുവുകളിൽ മുഴുവൻ ഇടതുപക്ഷ സംഘടനകൾ പ്രതിഷേധ പ്രക്ഷോഭങ്ങൾ നടത്തുമ്പോൾ, പൗരത്വ റെജിസ്റ്റർ ഫോം പൂരിപ്പിക്കാൻ സമുദായക്കാരെ സഹായിക്കണമെന്ന് ലീഗ് പ്രവർത്തകരോട് ഉപദേഹിച്ച മഹാൻ. ബിജെപി സ്ഥാനാർത്ഥിയുടെ പത്രിക തള്ളപ്പെട്ടപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥിയായ കെ.എൻ.എ ഖാദർ ജയിക്കണമെന്ന് സുരേഷ് ഗോപി ആഗ്രഹം പറഞ്ഞ നേതാവ്. ആര്? സുരേഷ് ഗോപി.

ഇപ്പോഴത്തെ തിരുവനന്തപുരം മേയർ വിവി രാജേഷ് നിരാഹാര സമരമോ മറ്റോ നടത്തിയപ്പോൾ നിരാഹാര പന്തലിൽച്ചെന്ന് അടുത്തിരുന്ന് കൈ കൊടുത്ത് അനുഭാവം പ്രകടിപ്പിച്ച അന്നത്തെ ലീഗ് പ്രസിഡന്റും ആയിരം പള്ളികളുടെ ഖാളിയുമായിരുന്ന അന്തരിച്ച ഹൈദരലി ഷിഹാബിന്റെ ചിത്രം പലകുറി സോഷ്യൽ മീഡിയയിൽ നിറഞ്ഞതാണ്. ബാബാ രാം ദേവിനെ പോലുള്ള സംഘി പ്രോക്സികളായ കാഷായ ധാരികളുടെ കൂടെ കെട്ടിപിടിച്ച് സ്നേഹ പ്രകടനം നടത്തിയ പാണക്കാട് അസർമുല്ല നേതാക്കൾക്ക് ഇന്നോളം ഈ കാര്യങ്ങളിൽ ഒരു ഉത്തരം പോലും പറയേണ്ടി വന്നിട്ടുണ്ടോ.

മുസ്ലിം കമ്യൂണിറ്റിയുടെ ജീവൽ പ്രശ്നങ്ങളെ സംബന്ധിക്കുന്ന, അവരുടെ അവകാശങ്ങൾ ക്രിമിനൽ വൽക്കരിക്കുന്ന തരത്തിലുള്ള ബില്ലുകൾ പാർലിമെന്റിൽ ചർച്ചക്ക് വരുമ്പോഴൊക്കെ ലീഗ് നേതാക്കൾക്ക് ഫ്‌ളൈറ്റ് മിസ്സാകലും, ഒഴിവാക്കാൻ സാധിക്കാത്ത വിധം കല്യാണം കൂടലുമൊക്കെ അവിചാരിതമാണെന്ന് കരുതുന്നവർക്ക് നല്ല നമസ്കാരം. ഇങ്ങനെയത്രയെത്ര സംഭവങ്ങൾ..

ഇനിയൊരു തെരഞ്ഞെടുപ്പിൽ കൂടി യുഡിഎഫ് പരാജയപ്പെട്ട് അഞ്ച് വർഷം കൂടി അധികാരമില്ലാത്ത അവസ്ഥ എന്നത് കോൺഗ്രസിനേക്കാളും ദു:സ്വപ്നമായി വേട്ടയാടുന്നത് മുസ്ലീം ലീഗുകാരെയാണ്. അതില്ലാതാക്കാനുള്ള പ്രൊപ്പഗാണ്ടാ നിർമ്മാണം കൈയ്യും മെയ്യും മറന്ന് ഏറ്റെടുത്ത് നടത്തുന്നതും ലീഗുകാരാണെന്ന് നമുക്ക് കാണാം. അതിൽ നേതാവ് – അണി വ്യത്യാസമൊന്നുമില്ല. കമ്യൂണിസ്റ്റ് പാർടിയേയും അതിന്റെ മുൻനിര നേതാക്കളെയും മുസ്ലിം വിരുദ്ധരായി ഡീ ഫെയിം ചെയ്യുക എന്ന റോൾ ഏറ്റെടുത്ത് നടത്തുന്നത് ലീഗാണ്.

സി.പി.ഐ.എമ്മിനെ തോൽപ്പിക്കാൻ ബിജെപിയുമായൊരു വോട്ട് കച്ചവടത്തിന് പോലും മടിയില്ല എന്ന് മുന്നേ തന്നെ തെളിയിച്ച പാർടിയുമാണ് മുസ്ലീം ലീഗ്. കോ – ലീ – ബി, നാഗ്പൂർ രഹസ്യ- പരസ്യ മോഡലുകൾ കേരളത്തിൽ കൂടുതൽ പ്രകടമായി ഇനി നമുക്ക് കാണാം.

മുസ്ലിം ലീഗ് മുഖ:പത്രമായ ചന്ദ്രികയുടെ എഡിറ്റ് പേജ് അതേ പോലെ ബിജെപി മുഖ:പത്രമായ ജന്മഭൂമിയിൽ അച്ചടിച്ചു വന്നത്രേ. ഇരു പാർടികളുടെയും സഹോദര ബന്ധത്തിന്റെ ചരിത്രമറിയുന്നവർക്ക് ഇതിലൊരു പുതുമയൊന്നുമല്ല. രണ്ട് പത്രങ്ങൾ ഒരേ പ്രസ്സിൽ അച്ചടിച്ചപ്പോൾ ജോലിക്കാർക്ക് സംഭവിച്ച പിഴവ് എന്നായിരുന്നു ആദ്യ മണിക്കൂറിൽ വന്ന ക്യാപ്സ്യൂൾ. എന്നാൽ പത്രങ്ങൾ രണ്ടും രണ്ട് വ്യത്യസ്ത പ്രസ്സിലാണ് അച്ചടിക്കുന്നതെന്ന തെളിവ് പുറത്ത് വന്നപ്പോൾ ഇപ്പോൾ പുതിയ ക്യാപ്സ്യൂൾ ലീഗ് അണികൾ ഇറക്കിയിട്ടുണ്ട്.

പ്രസ്തുത പേജിൽ 10 സെന്റീമീറ്റർ കോളത്തിൽ എം.കെ മുനീർ എഴുതിയ ഒരു ലേഖനമുണ്ട്. പാർലിമെന്റിലെ വന്ദേമാതരം ഡിബേറ്റിന്റെ പശ്ചാത്തലത്തിൽ ‘ബങ്കിം ചന്ദ്രയുടെ കൃതികൾ’ എന്ന തലക്കെട്ടിൽ. അത് ബിജെപിക്കെതിരെയാണെന്നും, അത് കൊണ്ട് ജന്മഭൂമിയിൽ ബിജെപി വിരുദ്ധ ലേഖനം സംഘികൾ വായിക്കേണ്ടി വന്നു എന്ന തരത്തിലാണ് പുതിയ ക്യാപ്സ്യൂൾ. അങ്ങനെയാണ് കാര്യങ്ങളെങ്കിൽ മിക്കവാറും അത് തന്നെയാവും ജന്മഭൂമിക്ക് ചന്ദ്രികയുടെ എഡിറ്റ് പേജ് ലഭിക്കാൻ കാരണവും. ‘ മുനീർ സാഹിബിന്റെ ഇങ്ങനെയൊരു ലേഖനമുണ്ട്, നിങ്ങൾക്ക് കുഴപ്പമൊന്നുമില്ലല്ലോ, ലേഖനത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തണമെങ്കിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി അയച്ച് തരുമല്ലോ എന്ന് പറഞ്ഞ് കൊണ്ട് ജന്മഭൂമിക്ക് ചന്ദ്രിക തന്നെ അയച്ച് കൊടുത്തതാകും പ്രസ്തുത എഡിറ്റ് പേജ്.

രണ്ട് കൂട്ടരും ഇത്രയും ഒന്നായ സ്ഥിതിക്ക് ‘ചന്ദ്രഭൂമി’ എന്ന പേരിൽ ഒറ്റ പത്രം ഇറക്കുന്നതായിരിക്കും കൂടുതൽ ലാഭകരം. ശമ്പളം കൊടുക്കാത്തതിനെ തുടർന്ന് തൊഴിലാളി സമരം നടക്കുന്ന മാധ്യമത്തിന്റെ പ്രസ്സ് ഫ്രീയാണെങ്കിൽ അതും ഉപയോഗിക്കാം. അവർക്കും ബുദ്ധിമുട്ട് കുറക്കാം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.