...
Home News National സർവകാല റെക്കോഡ്, പോളിംഗിൽ ചരിത്രം കുറിച്ച് പശ്ചിമ ബംഗാളും തമിഴ്നാടും

സർവകാല റെക്കോഡ്, പോളിംഗിൽ ചരിത്രം കുറിച്ച് പശ്ചിമ ബംഗാളും തമിഴ്നാടും

മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ കുടുംബസമേതം ചെന്നൈയിലും ടി.വി.കെ അധ്യക്ഷൻ വിജയ് നീലാങ്കരയിലും എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി എടപ്പാടിയിലും വോട്ട് ചെയ്തു.

249

തമിഴ്നാട്ടിലും പശ്ചിമബം​ഗാളിലും സർവകാല റെക്കോഡുകൾ ഭേദിച്ച് പോളിംഗ് ശതമാനം ഉയർന്നു. തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന തെരഞ്ഞെടുപ്പിൽ വൈകീട്ട് 6 മണി വരെ 85 ശതമാനത്തോളം പോളിംഗാണ് രേഖപ്പെടുത്തിയത്. ഇതുവരെ 4.7 കോടി വോട്ടർമാർ ആണ് സമ്മതിദാനവകാശം വിനിയോഗിച്ചത്. ചെന്നൈയിൽ അടക്കം മികച്ച പോളിംഗ് ആണ് രേഖപ്പെടുത്തുന്നത്. പോളിംഗ് പൊതുവേ സമാധാനപരമായിരുന്നു. അനിഷ്ടസംഭവങ്ങൾ റിപ്പോർട്ട് ചെയ്തില്ല.

മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ കുടുംബസമേതം ചെന്നൈയിലും ടി.വി.കെ അധ്യക്ഷൻ വിജയ് നീലാങ്കരയിലും എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി എടപ്പാടിയിലും വോട്ട് ചെയ്തു. 2011ലെ സർവകാല റെക്കോഡും കടന്നാണ് തമിഴ്നാട്ടിലെ പോളിംഗ് കുതിപ്പ്. പശ്ചിമബം​ഗാളിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 6 മണിവരെയുള്ള കണക്കുകൾ പുറത്തുവരുമ്പോൾ പോളിംഗ് ശതമാനം 90 കടക്കുമെന്നാണ് വ്യക്തമാകുന്നത്. വോട്ടെടുപ്പിനിടയിലും ബംഗാളിലെ പലമേഖലകളിലും സംഘർഷമുണ്ടായി.

പോളിംഗ് സമയം കഴിഞ്ഞെങ്കിലും 6 മണിക്കുള്ളിൽ ബൂത്തിലെത്തിയവർക്ക് സ്ലിപ്പ് നൽകി വോട്ട് ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്. അന്തിമ കണക്കുകൾ പുറത്തുവരുമ്പോൾ ഇരു സംസ്ഥാനങ്ങളിലേയും വോട്ടെടുപ്പ് കണക്കുകളിൽ വ്യത്യാസം ഉണ്ടാകും.

പശ്ചിമബം​ഗാളിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ വടക്കൻ ബം​ഗാളുൾപ്പടെ 16 ജില്ലകളിലായി 152 മണ്ഡലങ്ങളിലെ ജനങ്ങളാണ് ബൂത്തിലെത്തിയത്. എല്ലായിടത്തും രാവിലെ സ്ത്രീകളടക്കം കൂട്ടത്തോടെയെത്തി വോട്ട് രേഖപ്പെടുത്തി. 2021 ൽ 82.64 ശതമാനമായിരുന്നു ആകെ പോളിം​ഗ്.
മുർഷിദാബാദിലെ നൗദയിൽ ഇന്നലെ രാത്രി പ്രൈമറി സ്കൂളിന് സമീപം റോഡിൽ പെട്രോൾ ബോംബ് എറിഞ്ഞ് സ്ത്രീക്ക് പരിക്കേറ്റിരുന്നു.

ഇവിടേക്ക് വന്ന ആം ജനത ഉന്നായൻ പാർട്ടി നേതാവ് ഹുമയൂൺ കബീറിനെതിരെ ടി.എം.സി പ്രവർത്തകർ പ്രതിഷേധിച്ചതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. കേന്ദ്രസേന ലാത്തി ചാർജ് നടത്തിയാണ് ആളുകളെ നീക്കിയത്. 2 പേരെ അറസ്റ്റ് ചെയ്തെന്ന് പൊലീസ് അറിയിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.