...
Home News National പശ്ചിമ ബംഗാളിൽ പ്രാർത്ഥനാ യോഗങ്ങൾക്കെതിരെ തുടർച്ചയായ ആക്രമണം; വീടുതോറുമുള്ള പ്രാർത്ഥനകൾ നിർത്തി ക്രിസ്ത്യൻ സംഘടനകൾ

പശ്ചിമ ബംഗാളിൽ പ്രാർത്ഥനാ യോഗങ്ങൾക്കെതിരെ തുടർച്ചയായ ആക്രമണം; വീടുതോറുമുള്ള പ്രാർത്ഥനകൾ നിർത്തി ക്രിസ്ത്യൻ സംഘടനകൾ

ഹൗറയിലെ ഉലുബേരിയയിൽ പ്രാർത്ഥനാ യോഗത്തിനിടെ പാസ്റ്ററെയും വിശ്വാസികളെയും ജനക്കൂട്ടം ആക്രമിച്ചതോടെയാണ് ആശങ്ക ശക്തമായത്.

3

പശ്ചിമ ബംഗാളിലെ വിവിധ ജില്ലകളിൽ പ്രാർത്ഥനാ സമ്മേളനങ്ങൾക്ക് നേരെ തുടർച്ചയായി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് വീടുതോറുമുള്ള പ്രാർത്ഥനകളും സന്ദർശനങ്ങളും നിർത്തിവച്ച് ക്രിസ്ത്യൻ സംഘടനകൾ. ഹൗറയിലെ ഉലുബേരിയയിൽ പ്രാർത്ഥനാ യോഗത്തിനിടെ പാസ്റ്ററെയും വിശ്വാസികളെയും ജനക്കൂട്ടം ആക്രമിച്ചതോടെയാണ് ആശങ്ക ശക്തമായത്.

ഓഗസ്റ്റ് 23ന് ഉലുബേരിയയിലെ ഒരു വീട്ടിൽ ഞായറാഴ്ച പ്രാർത്ഥനയ്ക്കായി ഒത്തുകൂടിയ 60ഓളം പേരെ ഒരു സംഘം ആക്രമിക്കുകയും വീട് തകർക്കുകയും ചെയ്തതായി പാസ്റ്റർ പറഞ്ഞു. നിർബന്ധിത മതപരിവർത്തനം നടക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. പൊലീസ് സ്ഥലത്തെത്തി പാസ്റ്ററെയും മറ്റുള്ളവരെയും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഹൗറ റൂറൽ പൊലീസ് സൂപ്രണ്ട് അമിത് വർമ്മ അറിയിച്ചു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ഉലുബേരിയയിലെ സംഭവം ഒറ്റപ്പെട്ടതല്ലെന്ന് ബംഗാൾ ക്രിസ്ത്യൻ കൗൺസിൽ സ്ഥാപകൻ ഹെറോദ് മുള്ളിക് ആരോപിച്ചു. ഹൗറയിലെ ജഗത്ബല്ലവ്പൂർ, നോർത്ത് 24 പർഗാനാസിലെ ഹിംഗൽഗഞ്ച് എന്നിവിടങ്ങളിലും പ്രാർത്ഥനാ യോഗങ്ങൾക്കിടെ സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതായി അദ്ദേഹം പറഞ്ഞു. ഭയന്നുപോയ ഇരകൾക്ക് സംഘടന നിയമസഹായം നൽകുന്നുണ്ടെന്നും മുള്ളിക് വ്യക്തമാക്കി.

ഈസ്റ്റ് ബർദ്വാനിലെ സഹാനനഗറിലും ഓഗസ്റ്റ് 14ന് സംഘർഷമുണ്ടായി. സെന്റ് ക്ലാരറ്റ് പള്ളിയിൽ നടന്ന ശവസംസ്കാര ചടങ്ങ് ഒരു സംഘം തടസ്സപ്പെടുത്തിയതായാണ് റിപ്പോർട്ട്. മൃതദേഹം സംസ്കരിക്കുന്നതിനിടെ സ്ഥലത്തിന്റെ രേഖകൾ ആവശ്യപ്പെട്ട സംഘം സംസ്കാരം തടയുകയും മൃതദേഹം കുഴിയിൽ നിന്ന് പുറത്തെടുക്കുകയും ചെയ്തതായി പുരോഹിതൻ സാമുവൽ ഹെംബ്രോം പറഞ്ഞു. പിന്നീട് മൃതദേഹം മറ്റൊരു ശ്മശാനത്തിലേക്ക് മാറ്റേണ്ടിവന്നു. എന്നാൽ, ഇത് ഭൂമി സംബന്ധമായ തർക്കമാണെന്നും സംഭവത്തിൽ ആക്രമണം നടന്നതായി സ്ഥിരീകരിച്ചിട്ടില്ലെന്നും ഈസ്റ്റ് ബർദ്വാൻ പൊലീസ് വ്യക്തമാക്കി.

ഓഗസ്റ്റ് 25ന് ഹൗറയിലെ കുസുരിയിലും ഓഗസ്റ്റ് 26ന് ഈസ്റ്റ് മിഡ്‌നാപൂരിലെ ചെക്ക് മൈൽപോസ്റ്റ് ഗ്രാമത്തിലും പ്രാർത്ഥനാ യോഗങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾ ഉണ്ടായതായി ക്രിസ്ത്യൻ സംഘടനകൾ ആരോപിച്ചു. കുസുരിയയിൽ ചിലർക്ക് പരിക്കേറ്റതായും, ഈസ്റ്റ് മിഡ്‌നാപൂരിൽ പാസ്റ്ററെയും ഭാര്യയെയും ആക്രമിച്ച് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതായും പരാതിയുണ്ട്. ഭയം കാരണം പരാതി നൽകാതിരുന്ന സംഭവങ്ങളിൽ പിന്നീട് ഇമെയിൽ വഴി പൊലീസിനെ സമീപിച്ചതായി ഹെറോദ് മുള്ളിക് പറഞ്ഞു.

അതേസമയം, നിർബന്ധിത മതപരിവർത്തനം നടക്കുന്നുവെന്നാരോപിച്ച് ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയതായി പറയപ്പെടുന്ന സിംഗ ഭഗിനി നേതാവ് ദേബ്ദത്ത മാജ്ഹി, പണത്തിനായി മതപരിവർത്തനം നടക്കുന്നതിനെതിരെയാണ് തങ്ങളുടെ പ്രതിഷേധമെന്ന് അവകാശപ്പെട്ടു.

പ്രാർത്ഥന നടത്തുന്നത് വ്യക്തികളുടെ മതപരമായ അവകാശമാണെന്നും നിർബന്ധിത മതപരിവർത്തനം നടന്നാൽ നിയമം അതിന്റെ വഴിക്ക് പോകുമെന്നും പശ്ചിമ ബംഗാൾ ആദിവാസി വികസന, ന്യൂനപക്ഷ ക്ഷേമ മന്ത്രി ക്ഷുദിറാം ദുഡു പറഞ്ഞു. ജനങ്ങൾക്ക് സ്വന്തം മതം പിന്തുടരാനുള്ള അവകാശം സംരക്ഷിക്കാൻ സർക്കാർ ഇടപെടണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിമും ആവശ്യപ്പെട്ടു. ബിജെപി ഭയത്തിന്റെ രാഷ്ട്രീയം കളിക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചപ്പോൾ, സംഭവങ്ങളെക്കുറിച്ച് തനിക്ക് അറിവില്ലെന്ന് ബിജെപി നേതാവ് രാഹുൽ സിൻഹ പ്രതികരിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.