അമിത ശരീരഭാരം കാരണം മൂന്ന് വര്‍ഷത്തോളം കിടപ്പിലായിരുന്നു സൗദി സ്വദേശി ഖാലിദ് ബിന്‍ മൊബസെന്‍ ഷാരി. ഒരു കാലത്ത് 610 കിലോഗ്രാമായിരുന്നു അദ്ദേഹത്തിൻ്റെ ശരീരഭാരം. എന്നാല്‍, 543 കിലോഗ്രാമോളം ശരീരഭാരം കുറച്ച് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് അദ്ദേഹം. ഇപ്പോള്‍ വെറും 63 കിലോഗ്രാമാണ് അദ്ദേഹത്തിൻ്റെ ശരീരഭാരമെന്ന് അറിയുമ്പോള്‍ ശരീരഭാരം കുറയ്ക്കുന്നതിന് അദ്ദേഹം നടത്തിയ പരിശ്രമങ്ങള്‍ മനസ്സിലാകും. സൗദി അറേബ്യയുടെ മുന്‍ രാജാവ് അബ്ദുള്ളയാണ് ഖാലിദിനെ സഹായിച്ചത്.
ഖാലിദിൻ്റെ ശരീരഭാരം കുറയ്ക്കുന്നതിനാവശ്യമായ ചികിത്സയുടെയും മറ്റും മുഴുവന്‍ ചെലവും വഹിച്ചത് അബ്ദുള്ള രാജാവായിരുന്നു. 30 പേരടങ്ങുന്ന മെഡിക്കല്‍ സംഘമാണ് ഖാലിദിൻ്റെ ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്. സൗദി അറേബ്യയിലെ ജസാൻ സ്വദേശിയാണ് ഖാലിദ്. ഇവിടെ നിന്ന് റിയാദിനെ കിംഗ് ഫഹ്ദ് മെഡിക്കല്‍ സിറ്റിയിലേക്ക് അദ്ദേഹത്തെ മാറ്റുകയും ആവശ്യമായ ചികിത്സ ഒരുക്കുകയുമായിരുന്നു. മികച്ച പരിചരണത്തിലൂടെ ആരോഗ്യം വീണ്ടെടുത്ത ഖാലിദിനെ ‘പുഞ്ചിരിക്കുന്ന മനുഷ്യൻ’ എന്നാണ് അദ്ദേഹത്തെ ചികിത്സിച്ചവർ പേരിട്ടത്.
ഗ്യാസ്ട്രിക് ബൈപാസ് ശസ്ത്രക്രിയ, പ്രത്യേക ആഹാരക്രമം എന്നിവയ്‌ക്കൊപ്പം വ്യായാമവും ഫിസിയോ തെറാപ്പിയും കൂടി ചെയ്‌തതോടെ ചികിത്സ തുടങ്ങി ആറ് മാസത്തിനുള്ളില്‍ ഖാലിദിൻ്റെ ശരീരഭാരം പകുതിയോളം കുറഞ്ഞു. അതിന് ശേഷം അധികമായുള്ള ചര്‍മം നീക്കം ചെയ്യുന്നതിനായി ഒട്ടേറെ ശസ്ത്രക്രിയയ്ക്ക് അദ്ദേഹം വിധേയനായി. ശരീരഭാരത്തില്‍ 500 കിലോഗ്രാമോളം കുറവുണ്ടായതോടെ ഖാലിദിൻ്റെ ആരോഗ്യത്തില്‍ കാര്യമായ മാറ്റം സംഭവിച്ചു. ഇത്തരം കേസുകളില്‍ ഹൃദയത്തിൻ്റെ പ്രവര്‍ത്തനങ്ങളില്‍ വലിയ മാറ്റം ദൃശ്യമാകും.
രക്തസമ്മദം കുറയും ഇതിലൂടെ ഹൃദയത്തിന് മേലുള്ള സമ്മര്‍ദത്തിലും കുറവ് വരും. ഇതിന് പുറമെ രോഗികളുടെ ദഹന പ്രവര്‍ത്തനങ്ങളിലും മാറ്റമുണ്ടാകും. ഗ്ലൂക്കോസിൻ്റെ ഉത്പാദനം നിയന്ത്രിക്കപ്പെടും. ഇത് അവരില്‍ പ്രമേഹസാധ്യത കുറയ്ക്കുന്നു. ശാസോച്ഛാസ പ്രവര്‍ത്തനങ്ങളിലും മാറ്റം ഉണ്ടാകും. ശ്വാസകോശത്തിൻ്റെ പ്രവര്‍ത്തനം മെച്ചപ്പെടുകയും ഉറക്കവുമായി ബന്ധപ്പെട്ടുള്ള ശ്വസന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയും ചെയ്യും.
അമിത ശരീരഭാരം കുറയുന്നതും ദോഷകരമാണോ?
പെട്ടെന്ന് ശരീരഭാരം കുറയുന്നത് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വഴിവെക്കുമെന്ന് ആരോഗ്യ വിദഗ്‌ധർ പറയുന്നു. ‘‘നൂറ് കിലോയിലധികം ഭാരം ഒറ്റയടിക്ക് കുറയുന്നത് ശരീരത്തിലെ ഫ്‌ളൂയിഡുകള്‍, സാള്‍ട്ടുകള്‍, ഇലക്ട്രോലൈറ്റുകള്‍ എന്നിവയെ അസ്ഥിരപ്പെടുത്തും. ഇത് പേശികള്‍ നഷ്‌ടപ്പെടാനും പ്രോട്ടീനും കലോറി പോഷകാഹാര കുറവ് സംഭവിക്കാനും ഇടയാക്കും. ഇതിനൊപ്പം എന്‍സൈമുകളുടെയും ധാതുക്കളുടെയും അളവിലും കുറവ് സംഭവിക്കും.”
“രോഗിക്ക് കടുത്ത ക്ഷീണവും മൂഡ് സ്വിങ്‌സും മറ്റ് ബുദ്ധിമുട്ടുകളും ഇതിന് പുറമെ ഉണ്ടാക്കും,’’ ബംഗളൂരുവിലെ ഫോര്‍ട്ടിസ് ആശുപത്രിയിലെ സര്‍ജിക്കല്‍ ഗ്യാസോ എൻ്റെറോളജി അഡീഷണല്‍ ഡയറക്ടര്‍ ഡോ. മനീഷ് ജോഷി ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഇത്തരം സന്ദര്‍ഭങ്ങളില്‍ രോഗിയെ കൃത്യമായ ഇടവേളകളില്‍ നിരീക്ഷണത്തിന് വിധേയമാക്കേണ്ടതുണ്ട്. രോഗിക്ക് ആവശ്യമായ പോഷകങ്ങള്‍, ഇലക്ട്രോലൈറ്റ് എന്നിവ കൃത്യമായി പരിശോധിച്ച് ഉറപ്പു വരുത്തി ആവശ്യമെങ്കിൽ നല‍്‍കണം. കൂടാതെ, അവയവങ്ങളുടെ ആരോഗ്യം സംബന്ധിച്ചും പരിശോധനകള്‍ കൃത്യമായ ഇടവേളകളില്‍ നടത്തേണ്ടതുണ്ട്. പെട്ടെന്ന് ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനും അവ സ്വീകരിക്കുന്നതിനും പുതിയ ജീവിതശൈലി ഉള്‍ക്കൊള്ളാനും അവര്‍ക്ക് ആവശ്യമായ മാനസിക പിന്തുണയും ഉറപ്പുവരുത്തുകയും വേണം.



