...
Home News ശബരിമലയിൽ എന്താണ് നടക്കുന്നത്

ശബരിമലയിൽ എന്താണ് നടക്കുന്നത്

കർണ്ണാടകയിലെ ബെല്ലാരി സ്വദേശി ഗോവർദനിൽ നിന്ന് കിട്ടിയ സംഭാവന കാശ് കൊണ്ട് ശബരിമലയിലെ ശ്രീകോവിലിന്റെ സ്വർണ്ണം പൂശിയ വാതിൽ മാറ്റി പകരം പുതിയ വാതിൽ പണിത് അതിൽ പുതിയ സ്വർണ്ണം പൂശി നൽകുന്നതിന് മേൽനോട്ടം നൽകിക്കൊണ്ട് ശബരിമലയിലെ സ്വർണ്ണകളിയിൽ തുടക്കം കുറിക്കുന്നു.

415

| ശരണ്യ എം ചാരു

ബാംഗ്ലൂരിലെ ക്ഷേത്രത്തിൽ ചുരുങ്ങിയ കാലം മാത്രം ജോലി ചെയ്ത് പരിചയമുള്ള യുവാവ് 2007 ൽ ശബരിമല കീഴ്ശാന്തിയുടെ സഹായിയായി സാന്നിധാനത്തെത്തുന്നു. കർണ്ണാടകയിൽ നിന്ന് കേരളത്തിൽ എത്തുന്ന വിവിഐപി ഭക്തർക്ക് സഹായങ്ങൾ നൽകുന്ന ഇടനിലക്കാരനിൽ നിന്ന്, സമ്പന്നരായ ഭക്തരിൽ നിന്ന് ശബരിമലയ്ക്ക് വേണ്ടി സംഭാവനകൾ സ്വീകരിക്കുന്ന ആളായി ദേവസ്വം വകുപ്പിനും അവിടത്തെ ഉദ്യോഗസ്ഥർക്കും മുന്നിൽ വച്ചു വളരുന്നു.

കർണ്ണാടകയിലെ ബെല്ലാരി സ്വദേശി ഗോവർദനിൽ നിന്ന് കിട്ടിയ സംഭാവന കാശ് കൊണ്ട് ശബരിമലയിലെ ശ്രീകോവിലിന്റെ സ്വർണ്ണം പൂശിയ വാതിൽ മാറ്റി പകരം പുതിയ വാതിൽ പണിത് അതിൽ പുതിയ സ്വർണ്ണം പൂശി നൽകുന്നതിന് മേൽനോട്ടം നൽകിക്കൊണ്ട് ശബരിമലയിലെ സ്വർണ്ണകളിയിൽ തുടക്കം കുറിക്കുന്നു. 2017 ൽ പത്തു ലക്ഷം രൂപ ശബരിമലയിലേക്ക് സംഭാവന നൽകി അന്നദാന നടയ്ക്ക് ലിഫ്റ്റ് പണിത് നൽകുന്നു. ക്ഷേത്രാലങ്കാരം, ഉദയാസ്തമന പൂജ, പടിപൂജ, മേളം തുടങ്ങി സന്നിധാനത്തേക്ക് ടൺ കണക്കിന് അരിയും പച്ചക്കറിയും വരെ എത്തിച്ചു നൽകുന്നു.

പതിനെട്ടാം പടിക്ക് പുതിയ മണി മണ്ഡപവും, അതിലേക്ക് പുതിയ മണികളും നിർമ്മിച്ചു നൽകുന്നു. 2007 മുതൽ 17 വരെയുള്ള പത്തു വർഷത്തിനിടയിൽ മാത്രം ലക്ഷങ്ങളുടെ സംഭാവന ശബരിമലയ്ക്ക്. 2024 ൽ 6 ലക്ഷം രൂപ അന്നാധാനത്തിന് മാത്രം, 2025 ൽ 10 ലക്ഷം രൂപ മകരവിളക്ക് പ്രമാണിച്ച്. ഇതിനെല്ലാം പുറമേ സമ്പന്ന ഭക്തരിൽ നിന്ന് കാശ് പിരിച്ചു കൊണ്ട് ചെറുതും വലുതുമായ ഒട്ടനവധി വഴിപാടുകൾ, നേർച്ചകൾ, മറ്റ് സഹായങ്ങൾ എന്നിവ വേറെ. ഇങ്ങനൊക്കെ ആണെങ്കിലും വിജിലൻസ് റിപ്പോർട്ട് പ്രകാരം ഇന്നിപ്പോ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പത്തു പൈസയുടെ വരുമാനമില്ലെന്ന് കണ്ടെത്തൽ.

ഒന്നോ രണ്ടോ മൂന്നോ അല്ല, അതിൽ കൂടുതൽ കടമ്പകൾ കടന്ന് കിട്ടിയാലാണ് ഒരു ഭക്തന് വിവിഐപി പാസ് വഴി പ്രത്യേക പരിഗണനയിൽ ശബരിമലയിൽ ദർശനം നടത്താൻ സാധിക്കുന്നത്. ഒരു കാലത്ത് അക്രിഡിറ്റേഷനുള്ള മാധ്യമ പ്രവർത്തകർ മാത്രം മതി റിപ്പോർട്ടിങിനെന്ന നിയമം പോലും ഉണ്ടായിരുന്ന ഇടമാണ്. അങ്ങനൊരു സ്ഥലത്ത്, മുഴുവൻ സമയവും പോലീസ് കാവലുള്ള, വിജിലൻസ് സംഘമുള്ള, ദേവസ്വം ഉദ്യോഗസ്ഥരുള്ള, സാധാരണക്കാരിൽ സാധാരണക്കാരായ ഭക്തർക്ക് ഒരു പടി നിയമങ്ങൾ ബാധകമായ സ്ഥലത്ത് നിന്ന് ഒരു പദവിവും ഇല്ലാത്ത, കാര്യമായ വിദ്യാഭ്യാസമോ ജോലിയോ ഇല്ലാത്ത ഒരാൾ കിലോ കണക്കിന് സ്വർണ്ണം കക്കുന്നു. ആരുമറിയാതെ കടത്തി കൊണ്ട് പോകാൻ കഴിയുന്ന ആഭരണങ്ങൾ പോലുമല്ലെന്ന് ഓർക്കണം, സ്വർണ്ണപ്പാളികളിൽ നിന്ന്, ശില്പങ്ങളിൽ നിന്ന്, സ്തൂപങ്ങളിൽ നിന്ന്, പീഠങ്ങളിൽ നിന്നാണ് കൊള്ള.

കഴിഞ്ഞ പത്തു പതിനെട്ട് വർഷമായി ഒരാൾ ആ ക്ഷേത്രത്തിൽ ഇത്രമേൽ ഇടപെടൽ നടത്തുന്നതിനെ മാറി മാറി വന്ന ഒരാൾ പോലും സംശയിച്ചില്ല, ചോദ്യം ചെയ്തില്ല! ഒരു നിയമ ക്രമവും പാലിക്കാതെ ദേവസ്വം ബോർഡ് വക സ്വർണ്ണപ്പാളികൾ കീഴ്ശാന്തിയുടെ സഹായിയുടെ കയ്യിൽ പല സ്ഥലങ്ങളിലേക്ക് കൊടുത്തു വിടുമ്പോ ആരും എതിർത്തില്ല! സ്വർണ്ണത്തിലെ കൃത്രിമം ഈ ദിവസങ്ങൾ വരെയും ആരുമാരും തിരിച്ചറിഞ്ഞില്ല! അളന്നു തൂക്കി നോക്കിയില്ല, ദേവസ്വം റെജിസ്റ്ററിൽ രേഖപ്പെടുത്തിയില്ല, പോയതും വന്നതുമൊന്നും വിജിലൻസ് അറിഞ്ഞില്ല, ആരുമൊന്നും അറിയിച്ചുമില്ല.

എല്ലാം പോറ്റി ഒറ്റയ്ക്ക് ചെയ്തു. ദ്വാരപാലക ശില്പങ്ങൾ ഇളക്കി, കട്ടിള പലകൾ നീക്കി, ബാംഗ്ലൂരിലേക്ക് കൊണ്ടു പോയി, തിരിച്ചു കൊണ്ടു വന്നു, വീണ്ടും സ്ഥാപിച്ചു. ഇതൊക്കെ അയാൾ ഒറ്റയ്ക്ക് ചെയ്തു? അവിടുള്ളൊരാൾക്കും കണ്ണും കാണില്ലായിരുന്നു, ചെവിയും കേൾക്കില്ലായിരുന്നു, ബുദ്ധിയോ വിവരമോ ഇല്ലായിരുന്നു. ഇതൊക്കെ നമ്മള് വിശ്വസിക്കണം. നമ്മളെന്ത് പൊട്ടന്മാരോ? അതോ ഇതെന്തോന്ന് വെള്ളരിക്കാ പട്ടണമോ?

എന്തായാലും ഇത്രയൊക്കെ വിവരങ്ങൾ പുറത്തു വന്നിട്ടും ധൈര്യപൂർവ്വം സ്വന്തം വീട്ടിൽ തന്നെ ഇരുന്ന പോറ്റിയാണ് ഇന്ന് മുതൽ എന്റെ ഹീറോ. അയാൾ ഒളിവിൽ പോകും മുന്നേ ചോദ്യം ചെയ്യാൻ തയ്യാറായ, അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയിൽ വാങ്ങിച്ച എസ്ഐടി സംഘത്തിനും അഭിനന്ദനം. ഇനിയിപ്പോൾ 2007 ൽ പോറ്റി ശബരിമലയിൽ കയറിയത് മുതൽ 2025 വരെയുള്ള അയാളുടെ ഇടപെടലുകൾ സംഘം സമഗ്രമായി പരിശോധിക്കുകയും അന്വേഷിക്കുകയും ചെയ്താൽ മാത്രം മതി കാര്യങ്ങൾ വ്യക്തമാകാനെന്നുറപ്പാണ്.

മാറി മാറി വന്ന ഉദ്യോഗസ്ഥരും ജോലിക്കാരും ശാന്തിക്കാരും പോറ്റിയും ചേർന്ന് ആസൂത്രിതമായി നടപ്പിലാക്കിയ സ്വർണ്ണക്കൊള്ളയിലെ പങ്കാളികൾ ആരും ചെറിയ ആളുകൾ ആയിരിക്കില്ലെന്നുമുറപ്പാണ്.
സത്യസന്ധവും, സമഗ്രവും, മികവുറ്റതും, തെളിവടക്കമുള്ളതും, മോഷണ മുതൽ കണ്ടെത്തിക്കൊണ്ടുള്ളതുമായ ഒരു അന്വേഷണം നടന്നാൽ, അങ്ങനെ നടന്നാൽ മാത്രം ഈ കേസിൽ ചെമ്പ് തെളിയും. ഇതിൽ ഏതെങ്കിലും ഒന്നിൽ തടസ്സം വന്നാൽ, പ്രത്യേകിച്ചും മോഷണമുതൽ കണ്ടെത്താൻ സാധിക്കാതെ വന്നാൽ, പിന്നെ ഉറപ്പാണ് താൽക്കാലികമായി ഉണ്ണികൃഷ്ണൻ പോറ്റിയെ മുന്നിൽ നിർത്തി മറ്റുള്ളവർ രക്ഷപ്പെടും. കോടതിയിൽ കേസ് പൊളിയും, കാലക്രമത്തിൽ പുറത്തു നിൽക്കുന്ന കൂട്ടാളികൾ പോറ്റിയെ സിംപിൾ ആയി രഹസ്യമായി രക്ഷിച്ചെടുക്കും. സ്വർണ്ണം സ്വർണ്ണത്തിന്റെ വഴിക്ക് പോകും. ആളുകൾ എല്ലാം മറക്കും. ഭക്തർ എല്ലാ കാലത്തേയും പോലെ വിഡ്ഢികൾ ആയി തന്നെ തുടരും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.