...
Home News Kerala അദാനിയും വിദേശ നിക്ഷേപവും; വിഴിഞ്ഞം പദ്ധതിയിൽ യുഡിഎഫ് സർക്കാർ ഒളിച്ചുകടത്തുന്നത് എന്ത്?

അദാനിയും വിദേശ നിക്ഷേപവും; വിഴിഞ്ഞം പദ്ധതിയിൽ യുഡിഎഫ് സർക്കാർ ഒളിച്ചുകടത്തുന്നത് എന്ത്?

അദാനി പോർട്സും എംഎസ്‌സി ഗ്രൂപ്പും തമ്മിൽ ഒപ്പുവെച്ച കരാർ പ്രകാരം, അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിലെ 49 ശതമാനം ഓഹരിയാണ് ടിഐഎൽ ഏറ്റെടുക്കുന്നത്. 2.85 ബില്യൺ ഡോളറാണ് പദ്ധതിയുടെ മൂല്യനിർണയം.

4

| വേദനായകി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയിൽ അദാനി ഗ്രൂപ്പിന്റെ കമ്പനിയിലെ 49 ശതമാനം ഓഹരി ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനികളിലൊന്നായ എംഎസ്‌സിയുടെ ടെർമിനൽ വിഭാഗമായ ടിഐഎല്ലിന് (TiL) കൈമാറിയതോടെ കേരള രാഷ്ട്രീയത്തിൽ പുതിയ വിവാദം ശക്തമാകുകയാണ്. 13,000 കോടിയിലേറെ രൂപയുടെ ഇടപാടിനെ ചുറ്റിപ്പറ്റി സർക്കാർ അറിവില്ലായിരുന്നോ, മുൻകൂർ അനുമതി നൽകിയിരുന്നോ എന്ന ചോദ്യങ്ങളാണ് ഇപ്പോൾ ഉയരുന്നത്.

അദാനി പോർട്സും എംഎസ്‌സി ഗ്രൂപ്പും തമ്മിൽ ഒപ്പുവെച്ച കരാർ പ്രകാരം, അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിലെ 49 ശതമാനം ഓഹരിയാണ് ടിഐഎൽ ഏറ്റെടുക്കുന്നത്. 2.85 ബില്യൺ ഡോളറാണ് പദ്ധതിയുടെ മൂല്യനിർണയം. 1.397 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് എംഎസ്‌സി നടത്തുന്നത്. ഇന്ത്യൻ തുറമുഖ മേഖലയിലെ ഏറ്റവും വലിയ സ്വകാര്യ വിദേശ നിക്ഷേപമായാണ് ഈ ഇടപാട് വിശേഷിപ്പിക്കപ്പെടുന്നത്.

എന്നാൽ, ഓഹരി കൈമാറ്റം സംബന്ധിച്ച് സംസ്ഥാന സർക്കാരിനെ മുൻകൂട്ടി അറിയിച്ചില്ലെന്ന ആരോപണമാണ് രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചത്. വിഴിഞ്ഞം പദ്ധതിയുടെ കൺസഷൻ കരാർ പ്രകാരം ഓഹരി ഘടനയിൽ മാറ്റം വരുത്തുന്നതിന് സംസ്ഥാന സർക്കാരിന്റെ അനുമതി ആവശ്യമാണ് എന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. വിഷയത്തിൽ അദാനി ഗ്രൂപ്പിനോട് അതൃപ്തി അറിയിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കിയിട്ടുണ്ട്.

പ്രതിപക്ഷം ഉന്നയിക്കുന്ന പ്രധാന ചോദ്യം മറ്റൊന്നാണ്. കേരള സർക്കാർ തന്നെ ഭൂരിഭാഗം നിക്ഷേപം നടത്തിയ പദ്ധതിയിൽ, സ്വകാര്യ ഓപ്പറേറ്റർ ആയ അദാനി ഗ്രൂപ്പിന് ലഭിച്ച വൻ സാമ്പത്തിക നേട്ടത്തെക്കുറിച്ച് സർക്കാർ എന്തുകൊണ്ട് മൗനം പാലിക്കുന്നു എന്നതാണ് അവരുടെ ചോദ്യം. വിഴിഞ്ഞം തുറമുഖത്തിന്റെ ഭൂമിയും അടിസ്ഥാന സൗകര്യങ്ങളും കേരള സർക്കാരിന്റെ ഉടമസ്ഥതയിലാണെങ്കിലും, ദീർഘകാല ഓപ്പറേറ്റിങ് അവകാശമാണ് അദാനി ഗ്രൂപ്പിനുള്ളത്.

അതേസമയം, ഇടപാടിനെ പിന്തുണയ്ക്കുന്നവർ പറയുന്നത് എംഎസ്‌സി പോലൊരു ആഗോള ഷിപ്പിംഗ് ഭീമന്റെ സാന്നിധ്യം വിഴിഞ്ഞത്തിന്റെ വളർച്ചയ്ക്ക് ഗുണകരമാകുമെന്നാണ്. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നർ ഷിപ്പിംഗ് കമ്പനിയായ എംഎസ്‌സിക്ക് സ്വന്തം ചരക്ക് വിഴിഞ്ഞത്തിലേക്ക് കൂടുതൽ എത്തിക്കാൻ സാധിക്കുമെന്നും, അതിലൂടെ തുറമുഖത്തിന്റെ ട്രാൻസ്ഷിപ്പ്മെന്റ് ശേഷി വർധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ സർക്കാരിനെയും യുഡിഎഫിനെയും വിമർശിക്കുന്നവർ ചോദിക്കുന്നത് വേറെയാണ്. സംസ്ഥാനത്തിന്റെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ പദ്ധതികളിലൊന്നായ വിഴിഞ്ഞത്തിൽ നടന്ന ഇത്തരമൊരു നിർണായക ഇടപാട് സംബന്ധിച്ച് സർക്കാർ യഥാർത്ഥത്തിൽ അറിവില്ലായിരുന്നോ? അല്ലെങ്കിൽ പിന്നീട് രാഷ്ട്രീയ സമ്മർദം ഉയർന്നപ്പോൾ മാത്രമാണോ പ്രതിഷേധവുമായി രംഗത്തെത്തിയതെന്ന ചോദ്യമാണ് അവർ ഉയർത്തുന്നത്.

വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ സാമ്പത്തിക ഭാവിയെ നിർണയിക്കുന്ന പദ്ധതിയായി വിലയിരുത്തപ്പെടുമ്പോൾ, ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട സുതാര്യതയും സർക്കാർ-സ്വകാര്യ പങ്കാളിത്ത കരാറിലെ വ്യവസ്ഥകളും ഇനി കൂടുതൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കുമെന്നത് ഉറപ്പാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.