...
Home Entertainments ഇതിലപ്പുറമുള്ള എന്ത് പരാതിയാണ് മിസ്റ്റർ മന്ത്രി, താങ്കൾക്ക് വേണ്ടത്?

ഇതിലപ്പുറമുള്ള എന്ത് പരാതിയാണ് മിസ്റ്റർ മന്ത്രി, താങ്കൾക്ക് വേണ്ടത്?

ഇതും ഇതിലപ്പുറമുള്ള പീഡനങ്ങളുടെ വിവരങ്ങളും ഹേമ കമ്മറ്റിയുടെ മറച്ചു വെച്ച ആ പേജുകളിൽ ഉണ്ടാകും. സാംസ്കാരിക മന്ത്രി വർഷങ്ങൾ അടയിരുന്ന ആ റിപ്പോർട്ടിൽ ഉണ്ടാകും. അതിൽ അമ്മയുടെ താരങ്ങളും ചലച്ചിത്ര അക്കാദമിയുടെ ദേവേന്ദ്രനുണ്ടാകും.

562

| ബഷീർ വള്ളിക്കുന്ന്

ഹോ.. എന്തൊരു ഭാവാഭിനയമായിരുന്നു ഇന്നലെ. ഓസ്കാർ കിട്ടേണ്ട പെർഫോമൻസ് ആയിരുന്നില്ലേ. ഇരുപത്തിനാല് മണിക്കൂർ ആയുസ്സുണ്ടായില്ല. രേവതി സമ്പത്ത് ആരോപണമുന്നയിച്ചിട്ട് വർഷം അഞ്ച് കഴിഞ്ഞത് കൊണ്ട് എല്ലാവരുമത് മറന്നു പോയിരുന്നു. ഏതെങ്കിലും മാധ്യമ പ്രവർത്തകന് അത് ഓർമ്മയുണ്ടായിരുന്നുവെങ്കിൽ, നാളിതുവരെ ആരെങ്കിലും പരാതി പറഞ്ഞിട്ടുണ്ടോ എന്ന് ഇന്നലെ അയാൾ ആവർത്തിച്ചു ചോദിച്ച ആ വേളയിൽ അതൊന്ന് ഓർമ്മപ്പെടുത്താമായിരുന്നു. ഭാവാഭിനയത്തിന്റെ ആ ബലൂൺ ആ നിമിഷം പൊട്ടിപ്പോകുന്നത് ലൈവായി കാണാമായിരുന്നു.

രേവതി വെളിപ്പെടുത്തിയ ആ പീഡനാനുഭവങ്ങൾ അവർ ഇന്ന് വീണ്ടും ഒരു ചാനൽ ചർച്ചയിൽ തുറന്ന് പറഞ്ഞിട്ടുണ്ട്. ഹീ ഹിംസെൽഫ് ഈസ് എ ക്രിമിനൽ എന്നാണ് ഇന്ന് അവരുപയോഗിച്ച പദപ്രയോഗം. അതിന് ശേഷം അവർ പറഞ്ഞ പീഡനാനുഭവങ്ങൾ ഇവിടെ എഴുതാൻ പോലും കൊള്ളില്ല. അത്രമാത്രം വൾഗറായ രീതിയിലാണ് അയാൾ തന്നെ പീഡിപ്പിച്ചതെന്ന് അവർ തുറന്ന് പറഞ്ഞിട്ടുണ്ട്. ഭീതിപ്പെടുത്തുന്ന ആ ശാരീരിക പീഢയുടെ വിശദാംശങ്ങൾ.

പ്ലസ് ടു കാലം കഴിഞ്ഞു നിൽക്കുന്ന ഒരു പെൺകുട്ടിയായിരുന്നു അന്നവർ. ഒരു മൂവിയുടെ പ്രിവ്യൂ കാണാൻ വേണ്ടി എന്ന് പറഞ്ഞു മസ്കറ്റ് ഹോട്ടലിലേക്ക് വിളിച്ചു വരുത്തിയിട്ട് ഒരു റൂമിലിട്ട് പൂട്ടിയിട്ടാണ് ഇതൊക്കെ അയാൾ ചെയ്തതെന്ന് അവർ തുറന്നു പറയുന്നു. ഞാനിതൊക്കെ പുറത്തു പറയുമെന്ന് പറഞ്ഞപ്പോൾ നീ എവിടെ വേണമെങ്കിലും പറഞ്ഞോ, നിന്നെയൊക്കെ ആര് വിശ്വസിക്കാൻ എന്നാണത്രെ അമ്മയുടെ ഇപ്പോഴത്തെ ഈ ജനറൽ സെക്രട്ടറി അന്ന് പ്രതികരിച്ചത്.

മൊബൈലിലൂടെ നിരന്തരം ശല്യം ചെയ്തപ്പോൾ ആ നമ്പർ ബ്ലോക്ക് ചെയ്തു. അപ്പോൾ മറ്റൊരു നമ്പറിൽ നിന്ന് ശല്യം. പിന്നീട് നേരിട്ടും അല്ലാതെയുമുള്ള ഭീഷണി. ആലോചിച്ചു നോക്കൂ പീഡനങ്ങളുടെ ഒരു വ്യാപ്തി. വിതുമ്പി വിതുമ്പിയാണ് അവർ അവരുടെ വാക്കുകൾ മുഴുവിപ്പിച്ചത്. ഇനി പരാതിയുമായി പോവാനില്ല, എന്റെ ജീവിതവും അവസരങ്ങളും ഇല്ലാതായി. അനുഭവിക്കാനുള്ളത് മുഴുവൻ അനുഭവിച്ചു, ഇനിയെന്ത് പരാതി എന്നാണ് രേവതി ഇന്ന് ചോദിച്ചത്.

ഇതും ഇതിലപ്പുറമുള്ള പീഡനങ്ങളുടെ വിവരങ്ങളും ഹേമ കമ്മറ്റിയുടെ മറച്ചു വെച്ച ആ പേജുകളിൽ ഉണ്ടാകും. സാംസ്കാരിക മന്ത്രി വർഷങ്ങൾ അടയിരുന്ന ആ റിപ്പോർട്ടിൽ ഉണ്ടാകും. അതിൽ അമ്മയുടെ താരങ്ങളും ചലച്ചിത്ര അക്കാദമിയുടെ ദേവേന്ദ്രനുണ്ടാകും. പരാതിയുണ്ടോ പരാതിയുണ്ടോ എന്നാണ് ആ മന്ത്രി നിരന്തരം ചോദിച്ചു കൊണ്ടിരിക്കുന്നത്. ഇതിലപ്പുറമുള്ള എന്ത് പരാതിയാണ് മിസ്റ്റർ താങ്കൾക്ക് വേണ്ടത്.. ഇതിലപ്പുറമുള്ള എന്ത് തുറന്ന് പറച്ചിലാണ് മിസ്റ്റർ ഈ ക്രിമിനൽകൂട്ടത്തിനെതിരെ നടപടിയെടുക്കാൻ താങ്കൾക്ക് വേണ്ടത്???

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.