7 September 2026
Home News National 44 വർഷത്തിന് ശേഷം ഉൾഫ പിരിച്ചുവിടപ്പെടുമ്പോൾ

44 വർഷത്തിന് ശേഷം ഉൾഫ പിരിച്ചുവിടപ്പെടുമ്പോൾ

അസം തലസ്ഥാനമായ ഗുവാഹത്തിയിൽ നിന്ന് 55 കിലോമീറ്റർ അകലെ സിപജാറിൽ ചേർന്ന സംഘടനയുടെ അവസാന യോഗത്തിലാണ് സംഘടന പിരിച്ചുവിട്ടതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

274

അസമിൽ നിന്നുള്ള തീവ്രവാദ സംഘടനയായ യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം (ഉൾഫ) പിരിച്ചുവിട്ടു. സായുധ പോരാട്ടത്തിലൂടെ തദ്ദേശീയരായ ആസാമീസ് ജനതയ്ക്ക് ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ഉൾഫ 44 വർഷത്തിന് ശേഷമാണ് ആയുധം താഴെ വച്ചത്.

2023 ഡിസംബറിൽ ഉൾഫ നേതാക്കളും കേന്ദ്ര സർക്കാരും അസം സർക്കാരും തമ്മിൽ ഒപ്പുവച്ച സമാധാന കരാറിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിടൽ നടപടി. അസം തലസ്ഥാനമായ ഗുവാഹത്തിയിൽ നിന്ന് 55 കിലോമീറ്റർ അകലെ സിപജാറിൽ ചേർന്ന സംഘടനയുടെ അവസാന യോഗത്തിലാണ് സംഘടന പിരിച്ചുവിട്ടതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഇതോടുകൂടി സംഘടനയ്‌ക്കെതിരായ ഇതുവരെയുള്ള രാജ്യദ്രോഹ കേസുകൾ പിൻവലിക്കപ്പെടുമെന്നും ഉൾഫ ചെയർമാൻ അരബിന്ദ രാജ്ഖോവ പറഞ്ഞു. സംഘടനയിലെ കേഡറുകൾക്ക് ലംപ്സം എക്‌സ്‌ഗ്രേഷ്യ പേയ്‌മെന്റ്, ധനസഹായം, തൊഴിൽ പരിശീലനം, യോഗ്യതയനുസരിച്ച് സർക്കാർ ജോലികൾ തുടങ്ങിയവയായിരുന്നു
കേന്ദ്രത്തിന്റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ.

എന്നാൽ അത്ര തീവ്രമല്ലാത്ത ഉൾഫയുടെ മറ്റൊരു സംഘം കേന്ദ്രവുമായുള്ള ഒത്തുതീർപ്പ് ചർച്ചകളുമായി സഹകരിച്ചിട്ടില്ല. 2011 ഫെബ്രുവരിയിൽ ഉൾഫ രണ്ട് പ്രബല ഗ്രൂപ്പുകളായി പിരിഞ്ഞിരുന്നു.ചെയർമാൻ രാജ്‌ഖോവയുടെ നേതൃത്വത്തിലുള്ള ഒരു സംഘം കേന്ദ്രവുമായി ചർച്ചയ്ക്ക് ഇരിക്കാൻ തീരുമാനിച്ചു. പക്ഷെ പരേഷ് ബറുവയുടെ നേതൃത്വത്തിലുള്ള മറ്റൊരു സംഘം ചർച്ച വേണ്ടെന്ന് തീരുമാനിക്കുകയും ഉൾഫ-ഇന്ഡിപെൻഡന്റ് എന്ന് പേരുമാറ്റി പ്രവർത്തനം തുടരുകയുമായിരുന്നു.