ഡൽഹിയിലെ സഫ്ദർജങ് എസ്.ജെ. മദ്രസ പരിസരത്തുനിന്നും നേഹ ബോറ അടക്കമുള്ള ഐസ (AISA) നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കിയതിന് പിന്നാലെ, പ്രവർത്തകർ വീണ്ടും ഡൽഹി ഹാട്ടിൽ സംഘടിച്ച് പ്രതിഷേധം ശക്തമാക്കുകയാണ്. ആദ്യഘട്ടത്തിൽ പോലീസ് തടയുകയും കസ്റ്റഡിയിലെടുത്ത് നീക്കുകയും ചെയ്തെങ്കിലും, നേതാക്കളുടെ ആഹ്വാനം ഏറ്റെടുത്ത് കൂടുതൽ വിദ്യാർത്ഥികൾ വീണ്ടും ഡൽഹി ഹാട്ടിലേക്ക് ഒത്തുകൂടുകയാണ്.
നേരത്തെ നേഹ ബോറയുടെ നേതൃത്വത്തിൽ ഡൽഹി ഹാട്ടിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് സഫ്ദർജങ് എസ്.ജെ. മദ്രസ പരിസരത്തുവെച്ചാണ് പോലീസ് തടഞ്ഞത്. ആദ്യഘട്ടത്തിൽ പ്രതിഷേധത്തെ പോലീസ് വളരെ ലാഘവത്തോടു കൂടിയാണ് കണ്ടതെങ്കിലും, വിദ്യാർത്ഥികൾ ശക്തമായി മുന്നോട്ട് നീങ്ങുകയും പോലീസ് ബാരിക്കേഡുകൾ മറികടന്ന് എസ്.ജെ. മദ്രസ വരെ എത്തുകയുമായിരുന്നു. ഇവിടെവെച്ച് യോഗേന്ദ്ര യാദവ്, നേഹ ബോറ അടക്കമുള്ള പ്രധാന നേതാക്കളെയും പ്രവർത്തകരെയും പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതിഷേധത്തിനിടെ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ പോലീസ് ലാത്തിവീശുകയും വൻ ബലപ്രയോഗം നടത്തുകയും ചെയ്തു. പോലീസിന്റെ ലാത്തിച്ചാർജിൽ നിരവധി വിദ്യാർത്ഥികൾക്ക് തലയ്ക്കടക്കം ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇതോടെ സഫ്ദർജങ് പാതയിലെ ഗതാഗതം മണിക്കൂറുകളോളം പൂർണ്ണമായി തടസ്സപ്പെട്ടു. പ്രതിഷേധക്കാരെ മാറ്റി പാർപ്പിക്കുന്നതിനായി ഡൽഹിയിൽ മുപ്പതോളം തടങ്കൽ കേന്ദ്രങ്ങളാണ് പോലീസ് സജ്ജീകരിച്ചിരിക്കുന്നത്.
പോലീസ് നടപടിയെ തുടർന്ന് പിരിഞ്ഞുപോയ പ്രവർത്തകർ സഫ്ദർജങ് മദ്രസയെയും ഡൽഹി ഹാട്ടിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിനടിയിൽ വെച്ച് വീണ്ടും യോഗം ചേരുകയും പ്രതിഷേധം തുടരാൻ തീരുമാനിക്കുകയുമായിരുന്നു. പ്രമുഖ നേതാക്കൾ കസ്റ്റഡിയിലായെങ്കിലും ഡൽഹി ഹാട്ടിലേക്ക് വീണ്ടും എത്താനുള്ള ആഹ്വാനം പ്രവർത്തകർ ഏറ്റെടുക്കുകയായിരുന്നു. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾ നിലവിൽ സമരം അവസാനിപ്പിക്കാൻ തയ്യാറായിട്ടില്ല.
പ്രതിഷേധക്കാർ ജന്തർ മന്തറിലേക്ക് മാർച്ച് പ്രഖ്യാപിച്ചിരുന്നെങ്കിലും, നിലവിലെ സമരവേദിയിൽ നിന്ന് ജന്തർ മന്തറിലേക്ക് അഞ്ച് കിലോമീറ്ററിലധികം ദൂരമുണ്ട്. ഇവിടേക്ക് എത്തുന്നതിന് പത്തിലധികം ബാരിക്കേഡുകളും കനത്ത പോലീസ് കാവലും മറികടക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ നിലവിലെ സാഹചര്യത്തിൽ പ്രതിഷേധക്കാർക്ക് ജന്തർ മന്തറിലേക്ക് എത്തിച്ചേരാൻ സാധിക്കില്ലെന്നത് വ്യക്തമാണ്.
എവിടെയാണോ പോലീസ് തടയുന്നത്, ആ സ്ഥലത്തെ ജന്തർ മന്തറാക്കി മാറ്റി പ്രതിഷേധിക്കുമെന്നാണ് വിദ്യാർത്ഥി സംഘടനകൾ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ജന്തർ മന്തറിൽ നടത്താനിരുന്ന അതേ പ്രതിഷേധമാണ് പ്രവർത്തകർ ഇപ്പോൾ ഡൽഹി ഹാട്ടിൽ സംഘടിപ്പിക്കുന്നത്. കൂടുതൽ പോലീസ് സേന സ്ഥലത്തേക്ക് എത്തുന്നുണ്ടെങ്കിലും, വീണ്ടും അനിഷ്ട സംഭവങ്ങൾ ഉണ്ടാകുമോ എന്ന ആശങ്കയിലാണ് പോലീസ്.


