| വാമിക
പരമ്പരാഗത രാഷ്ട്രീയത്തിന്റെ പതിവ് രീതികളെ മാറ്റിവരച്ചുകൊണ്ട് പ്രൊഫഷണൽ സമീപനത്തോടെ പൊതുരംഗത്ത് സജീവമായ നേതാവാണ് രാഘവ് ഛദ്ദ. ചാർട്ടേഡ് അക്കൗണ്ടന്റ് എന്ന നിലയിലുള്ള തന്റെ വൈദഗ്ധ്യം നയരൂപീകരണത്തിലും പാർലമെന്റിലെ ഇടപെടലുകളിലും പ്രതിഫലിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
ന്യൂഡൽഹിയിലെ ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ച്, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് ഉന്നത പഠനം പൂർത്തിയാക്കിയ അദ്ദേഹം ഡെലോയിറ്റ് പോലുള്ള ലോകപ്രശസ്ത സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന വ്യക്തിയാണ്. ഇന്ത്യ എഗനസ്റ്റ് കറപ്ഷൻ എന്ന അഴിമതി വിരുദ്ധ പ്രസ്ഥാനത്തിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് ആകർഷിക്കപ്പെട്ടത്.
ആംആദ്മി പാർട്ടിയുടെ രൂപീകരണ ഘട്ടം മുതൽ അരവിന്ദ് കെജ്‌രിവാളിന്റെ വിശ്വസ്തനായി രാഘവ് ഛദ്ദ കൂടെയുണ്ട്. വെറും 26-ാം വയസ്സിൽ പാർട്ടിയുടെ ദേശീയ ട്രഷററായി നിയമിതനായ അദ്ദേഹം എഎപിയുടെ സാമ്പത്തിക കാര്യങ്ങളിൽ നിർണ്ണായക പങ്ക് വഹിച്ചു. പാർട്ടിയുടെ ഏറ്റവും പ്രായം കുറഞ്ഞ വക്താവെന്ന നിലയിൽ ടെലിവിഷൻ ചർച്ചകളിൽ പാർട്ടിയുടെ നയങ്ങൾ യുക്തിഭദ്രമായി അവതരിപ്പിക്കുന്നതിൽ അദ്ദേഹം വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 2019-ൽ ലോക്സഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടെങ്കിലും 2020-ൽ രാജീന്ദർ നഗറിൽ നിന്ന് വിജയിച്ച് അദ്ദേഹം ഡൽഹി നിയമസഭയിലെത്തി.
രാഘവ് ഛദ്ദയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ വിജയമായിരുന്നു 2022-ലെ പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പ്. പഞ്ചാബിലെ തിരഞ്ഞെടുപ്പ് ചുമതലയുള്ള സഹ ഇൻചാർജ് എന്ന നിലയിൽ അദ്ദേഹം നടത്തിയ തന്ത്രപരമായ നീക്കങ്ങളാണ് 117-ൽ 92 സീറ്റുകൾ നേടി എഎപിയെ അധികാരത്തിലെത്തിച്ചത്. ഈ വിജയത്തിന് പിന്നാലെ 33-ാം വയസ്സിൽ പഞ്ചാബിൽ നിന്നുള്ള രാജ്യസഭാംഗമായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ഡൽഹി ജൽ ബോർഡ് വൈസ് ചെയർമാൻ എന്ന നിലയിൽ നഗരത്തിലെ ശുദ്ധജല വിതരണ പദ്ധതികളിലും അദ്ദേഹം തന്റെ പ്രൊഫഷണൽ മികവ് തെളിയിച്ചിരുന്നു.
പാർലമെന്റിനകത്ത് രാഘവ് ഛദ്ദ ഉയർത്തുന്ന വിഷയങ്ങൾ പലപ്പോഴും സാധാരണക്കാരുടെ ജീവിതവുമായി നേരിട്ട് ബന്ധമുള്ളവയാണ്. മധ്യവർഗ്ഗ ജനതയുടെ നികുതിഭാരം, മൊബൈൽ കമ്പനികൾ നടത്തുന്ന 28 ദിവസത്തെ റീച്ചാർജ് സംവിധാനം, ബാങ്ക് മിനിമം ബാലൻസ് പിഴകൾ തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം നടത്തിയ ഇടപെടലുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. കൂടാതെ വിമാനക്കമ്പനികളുടെ ഉയർന്ന ബാഗേജ് ഫീസ്, ഭക്ഷണത്തിലെ മായം ചേർക്കൽ, ഡെലിവറി തൊഴിലാളികളുടെ ക്ഷേമം എന്നിവയ്ക്കായി അദ്ദേഹം ശബ്ദമുയർത്തി. പിതൃത്വ അവധി (Paternity Leave) നിയമപരമാക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം ലിംഗസമത്വത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആധുനിക കാഴ്ചപ്പാടിനെയാണ് സൂചിപ്പിക്കുന്നത്.
പഞ്ചാബിലെ കർഷകരുടെ മിനിമം താങ്ങുവില (MSP), ഭൂഗർഭജല പ്രശ്നം, നങ്കണ സാഹേബ് കോറിഡോർ തുടങ്ങിയ വിഷയങ്ങളും അദ്ദേഹം രാജ്യസഭയിൽ സജീവമായി ഉന്നയിച്ചിട്ടുണ്ട്. ഭഗത് സിംഗിന് ഭാരതരത്ന നൽകണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു. എന്നാൽ, സമീപകാലത്ത് പഞ്ചാബിന്റെ വിഷയങ്ങൾ പാർലമെന്റിൽ ഉന്നയിക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടുവെന്ന് സ്വന്തം പാർട്ടിയിലെ നേതാക്കൾ തന്നെ ആരോപിക്കുന്നത് അസ്വാരസ്യങ്ങൾക്ക് കാരണമായിട്ടുണ്ട്. പഞ്ചാബ് ധനമന്ത്രി ഹർപാൽ സിംഗ് ചീമ ഉൾപ്പെടെയുള്ള നേതാക്കളാണ് അദ്ദേഹത്തിനെതിരെ രംഗത്തെത്തിയത്.
നിലവിൽ ആംആദ്മി പാർട്ടിക്കുള്ളിൽ വലിയ രീതിയിലുള്ള ആഭ്യന്തര കലഹങ്ങളാണ് നടക്കുന്നത്. രാജ്യസഭയിലെ ഉപനേതൃസ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ പാർട്ടി നീക്കം ചെയ്തതോടെയാണ് ഈ തർക്കങ്ങൾ പരസ്യമായത്. അദ്ദേഹത്തിന് പകരം അശോക് മിത്തലിനാണ് ഈ ചുമതല നൽകിയിരിക്കുന്നത്. അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിലായ സമയത്ത് അദ്ദേഹത്തെ പ്രതിരോധിക്കാൻ ഛദ്ദ തയ്യാറായില്ലെന്നും പ്രധാനമന്ത്രിയെ അദ്ദേഹത്തിന് ഭയമാണെന്നുമാണ് പാർട്ടിക്കുള്ളിലെ വിമർശനം. പാർട്ടിയുടെ പ്രധാന പരിപാടികളിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിട്ടുനിൽക്കലും ഈ നടപടിക്ക് കാരണമായിട്ടുണ്ട്.
പാർട്ടിക്കുള്ളിലെ ഈ അസ്വാരസ്യങ്ങൾക്കിടയിൽ രാഘവ് ഛദ്ദ ബിജെപിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. ഡൽഹി ബിജെപി അധ്യക്ഷൻ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തെ പിന്തുണച്ച് രംഗത്തെത്തിയത് ഈ സംശയങ്ങൾക്ക് ആക്കം കൂട്ടി. എന്നാൽ രാഷ്ട്രീയ എതിരാളികളുടെ ആരോപണങ്ങൾക്ക് കടുത്ത ഭാഷയിലാണ് അദ്ദേഹം മറുപടി നൽകിയത്. പഞ്ചാബ് തനിക്ക് വെറുമൊരു സംസാരവിഷയമല്ലെന്നും അത് തന്റെ ആത്മാവാണെന്നും അദ്ദേഹം വ്യക്തമാക്കി. താൻ പാർലമെന്റിൽ പഞ്ചാബ് വിഷയങ്ങൾ ഉന്നയിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം വിമർശകരെ നേരിട്ടത്.
“പിക്ചർ അഭി ബാക്കി ഹേ” (സിനിമ ഇനിയും ബാക്കിയുണ്ട്) എന്ന് പറഞ്ഞുകൊണ്ടാണ് രാഘവ് ഛദ്ദ തന്റെ രാഷ്ട്രീയ പോരാട്ടം തുടരുന്നത്. രാഷ്ട്രീയത്തിലെ ഈ പ്രതിസന്ധി ഘട്ടത്തെ അദ്ദേഹം എങ്ങനെ മറികടക്കുമെന്നത് ഇന്ത്യൻ രാഷ്ട്രീയ ലോകം ഉറ്റുനോക്കുകയാണ്. സ്വന്തം പാർട്ടിയിലുള്ള വിശ്വാസ്യത വീണ്ടെടുക്കുമോ അതോ പുതിയ രാഷ്ട്രീയ വഴി തിരഞ്ഞെടുക്കുമോ എന്നത് വരും ദിവസങ്ങളിൽ വ്യക്തമാകും.



