11 September 2026
Home News National അഞ്ചുഭാഷകളിൽ പ്രസംഗിക്കുന്ന ‘വിജയിയുടെ പടനായിക’; തമിഴ് രാഷ്ട്രീയത്തിലെ എസ്. കീർത്തന ആരാണ് ?

അഞ്ചുഭാഷകളിൽ പ്രസംഗിക്കുന്ന ‘വിജയിയുടെ പടനായിക’; തമിഴ് രാഷ്ട്രീയത്തിലെ എസ്. കീർത്തന ആരാണ് ?

രാഷ്ട്രീയ തന്ത്രജ്ഞ എന്ന നിലയിൽ നിന്ന് ജനനേതാവിലേക്കുള്ള കീർത്തനയുടെ യാത്ര ശ്രദ്ധേയമാണ്

286

തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഇപ്പോൾ തരംഗമാകുന്നത് ഒരു 29-കാരിയുടെ പുഞ്ചിരിയാണ്. നടൻ വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ എസ്. കീർത്തന, വെറുമൊരു ജനപ്രതിനിധി മാത്രമല്ല, വലിയൊരു മാറ്റത്തിൻ്റെ അടയാളം കൂടിയാണ്.

ഒരു രാഷ്ട്രീയ തന്ത്രജ്ഞ എന്ന നിലയിൽ നിന്ന് ജനനേതാവിലേക്കുള്ള കീർത്തനയുടെ യാത്ര ശ്രദ്ധേയമാണ്. “എപ്പോഴും രാഷ്ട്രീയത്തിൽ വരണമെന്നായിരുന്നു ആഗ്രഹം, അതുകൊണ്ടാണ് പൊളിറ്റിക്കൽ സ്ട്രാറ്റജിസ്റ്റ് എന്ന കരിയർ തിരഞ്ഞെടുത്തത്” എന്നാണ് കീർത്തന പറഞ്ഞിരുന്നത്.

എംകെ സ്റ്റാലിൻ, മമത ബാനർജി, ചന്ദ്രബാബു നായിഡു തുടങ്ങിയ പ്രമുഖർക്കായി തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഒരുക്കിയ പരിചയവുമായാണ് അവർ നിയമസഭയിൽ എത്തുന്നത്. ഭരണസംവിധാനങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും ഉദ്യോഗസ്ഥരെ എങ്ങനെ നയിക്കണമെന്നും ഈ അനുഭവങ്ങൾ അവരെ പഠിപ്പിച്ചു.

തമിഴ്, ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക് എന്നിവയുൾപ്പെടെ അഞ്ച് ഭാഷകൾ കീർത്തനക്ക് അനായാസം വഴങ്ങും. “ഭാഷ എനിക്ക് പല സംസ്ഥാനങ്ങളിൽ പ്രവർത്തിക്കാൻ അവസരം നൽകി. വിജയിയുടെ സന്ദേശം ഇന്ത്യയൊട്ടാകെ എത്തിക്കാൻ ഹിന്ദി സംസാരിക്കുന്നത് ഗുണകരമാകുമെന്ന് ഞാൻ കരുതുന്നു,” -കീർത്തനയുടെ വാക്കുകളിൽ ആത്മവിശ്വാസം നിറയുന്നു.

വിരുതുനഗറിലെ ഒരു ഗവൺമെന്റ് സ്‌കൂളിൽ പഠിച്ച കീർത്തന, പിന്നീട് സ്റ്റാറ്റിസ്റ്റിക്‌സിൽ ബിരുദാനന്തര ബിരുദം നേടി. തൻ്റെ സ്വന്തം നാടായ ശിവകാശിയിൽ നിന്ന് ഏഴ് പതിറ്റാണ്ടിന് ശേഷമുള്ള ആദ്യ വനിതാ എംഎൽഎ എന്ന നേട്ടവുമായാണ് അവർ വിജയിച്ചത്.

ഒരു പാരമ്പര്യമോ സാമ്പത്തിക പശ്ചാത്തലമോ ഇല്ലാത്ത തനിക്ക് വിജയിയുടെ പാർട്ടിയിൽ ലഭിച്ച ഇടം, ജനങ്ങളെ സേവിക്കാൻ ആഗ്രഹിക്കുന്ന ആർക്കും അവിടെ പ്രവേശനമുണ്ടെന്നതിന് തെളിവാണെന്ന് കീർത്തന വിശ്വസിക്കുന്നു. ഒരു സാധാരണ പെൺകുട്ടിയിൽ നിന്ന് തമിഴ് രാഷ്ട്രീയത്തിലെ നിർണായക മുഖമായി മാറിയ കീർത്തനയുടെ ഓരോ ചുവടുവെപ്പും ഏറെ പ്രതീക്ഷയോടെ ആണ് തമിഴ്‌നാട് നോക്കിക്കാണുന്നത്.