...
Home News Kerala ‘കേരളത്തിൽ മുഖ്യമന്ത്രി ആരാകും?’ കെസിക്ക് 46 എംഎൽഎമാരുടെ പിന്തുണ

‘കേരളത്തിൽ മുഖ്യമന്ത്രി ആരാകും?’ കെസിക്ക് 46 എംഎൽഎമാരുടെ പിന്തുണ

മുഖ്യമന്ത്രി ചര്‍ച്ചയോട് വിഡി സതീശന്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല

100

നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അവതരിപ്പിച്ച പ്രമേയത്തെ വിഡി സതീശനും പിന്തുണച്ചു. എംഎല്‍എമാരില്‍ നിന്നും എഐസിസി ചുമതലപ്പെടുത്തിയ നിരീക്ഷകര്‍ അഭിപ്രായം തേടി.

46പേരുടെ പിന്തുണ കെസി വേണുഗോപാലിന് ഉണ്ടെന്നാണ് വിവരം. എട്ട് പേര്‍ രമേശ് ചെന്നിത്തലയുടെ പേര് നിര്‍ദേശിച്ചപ്പോള്‍ ആറ് പേര്‍ മാത്രമാണ് വിഡി സതീശനെ പിന്തുണച്ചത്. മൂന്ന് പേര്‍ ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നുവെന്നും നിരീക്ഷകരെ അറിയിച്ചു.

മുഖ്യമന്ത്രി ചര്‍ച്ചയോട് വിഡി സതീശന്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കില്‍ മന്ത്രിസഭയുടെ ഭാഗമാകില്ലെന്ന നിലപാട് വിഡി സതീശന്‍ നിരീക്ഷരെ അറിയിച്ചുവെന്നാണ് സൂചന. എംഎല്‍എമാരുടെ എണ്ണം എന്ന സാങ്കേതിക മാനദണ്ഡം മാത്രം നോക്കരുതെന്നും വിഡി സതീശന്‍ അറിയിച്ചു.

മുഖ്യമന്ത്രി ആരാകുമെന്ന ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോഴും നേതാക്കളെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ബാനറുകള്‍ സജീവമാവുകയാണ്. കൊല്ലം പത്താപുരത്ത് വിഡി സതീശനെ അനുകൂലിച്ച് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നു. കെപിസിസി ആസ്ഥാനത്തിൻ്റെ മുന്നില്‍ കെസി വേണുഗോപാലിൻ്റെ ഫ്‌ളക്‌സ് ബോര്‍ഡുകളും പ്രത്യക്ഷപ്പെട്ടു. വി വാണ്ട് കെസി എന്ന തലക്കെട്ടിലാണ് ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.

കെസി വേണുഗോപാലിന് എതിരെ സ്വന്തം തട്ടകമായ ആലപ്പുഴയില്‍ ഡിസിസി ഓഫീസിനു മുന്നിലും ബാനര്‍ ഉയര്‍ന്നു. കോണ്‍ഗ്രസ് സഹയാത്രികര്‍ എന്ന പേരില്‍ പത്തോളം ബാനറുകള്‍ ആണ് നഗരത്തില്‍ വിവിധ ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ആലപ്പുഴയില്‍ ഉപതെരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിക്കുവാനുള്ള നീക്കം ഉപേക്ഷിക്കുക. മുഖ്യമന്ത്രിയാകാനുള്ള കെസി വേണുഗോപാലിൻ്റെ ശ്രമങ്ങള്‍ അതിമോഹം ആണെന്നുമായിരുന്നു ബാനറിലെ വാചകങ്ങള്‍.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.