...
Home Entertainments ആസൂത്രണം ചെയ്‌തവർ അത് ആരായാലും അവർ പുറത്ത് പകൽ വെളിച്ചത്തിലുണ്ട്; ഗൂഢാലോചന ആവർത്തിച്ച് മഞ്ജു വാര്യർ

ആസൂത്രണം ചെയ്‌തവർ അത് ആരായാലും അവർ പുറത്ത് പകൽ വെളിച്ചത്തിലുണ്ട്; ഗൂഢാലോചന ആവർത്തിച്ച് മഞ്ജു വാര്യർ

ഇത് അവൾക്ക് വേണ്ടി മാത്രമല്ല. ഈ നാട്ടിലെ ഓരോ പെൺകുട്ടിക്കും ഓരോ സ്ത്രീക്കും ഓരോ മനുഷ്യർക്കും കൂടി വേണ്ടിയാണ്.

306

നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചന ഉണ്ടായിരുന്നുവെന്ന നിലപാട് വീണ്ടും ആവർത്തിച്ച് നടി മഞ്ജു വാര്യർ. നീതി പൂർണമായി നടപ്പായിട്ടില്ലെന്നും അവർ വ്യക്തമാക്കി. സാമൂഹിക മാധ്യമത്തിലൂടെയായിരുന്നു മഞ്ജു വാര്യരുടെ പ്രതികരണം.

കുറ്റകൃത്യം നേരിട്ട് നടത്തിയവർക്കു മാത്രമാണ് ശിക്ഷ ലഭിച്ചിരിക്കുന്നതെന്നും, ഈ സംഭവത്തിന് പിന്നിൽ ആസൂത്രണം നടത്തിയവർ ആരായാലും അവർ ഇപ്പോഴും ശിക്ഷയില്ലാതെ പകൽവെളിച്ചത്തിൽ സ്വതന്ത്രമായി നടക്കുന്നു എന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യമാണെന്നും മഞ്ജു വാര്യർ കുറിപ്പിൽ പറഞ്ഞു. അതിനാൽ തന്നെ നീതി പൂർണമായി നടപ്പായി എന്ന് പറയാൻ കഴിയില്ലെന്നും താരം കൂട്ടിച്ചേർത്തു.

അതേസമയം, നടിയെ ആക്രമിച്ച കേസിൽ വിധി വന്നതിന് പിന്നാലെ അതിജീവിതയും പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.

മഞ്ജു വാര്യരുടെ പോസ്‌റ്റിൻ്റെ പൂർണ രൂപം

ബഹുമാനപ്പെട്ട കോടതിയോട് ആദരവുണ്ട്. പക്ഷെ ഇക്കാര്യത്തിൽ നീതി പൂർണമായി നടപ്പായി എന്ന് പറയാൻ ആവില്ല. കാരണം കുറ്റം ചെയ്‌തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്‌തവർ അത് ആരായാലും അവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാർഥ്യമാണ്.

അവർ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂർണ്ണമാവുകയുള്ളൂ. പൊലീസിലും നിയമ സംവിധാനത്തിലും ഞാനുൾപ്പെടെയുള്ള സമൂഹത്തിനുള്ള വിശ്വാസം ദൃഢമാകാൻ അതു കൂടി കണ്ടെത്തിയേ തീരൂ.

ഇത് അവൾക്ക് വേണ്ടി മാത്രമല്ല. ഈ നാട്ടിലെ ഓരോ പെൺകുട്ടിക്കും ഓരോ സ്ത്രീക്കും ഓരോ മനുഷ്യർക്കും കൂടി വേണ്ടിയാണ്. അവർക്ക് തൊഴിലിടങ്ങളിലും തെരുവിലും ജീവിതത്തിലും സധൈര്യം തലയുയർത്തിപ്പിടിച്ച് ഭയപ്പാടില്ലാതെ നടക്കാൻ കഴിയുന്ന സാഹചര്യമുണ്ടാകണം. ഉണ്ടായേ തീരൂ.

അന്നും ഇന്നും എന്നും അവൾക്കൊപ്പം

-മഞ്ജു വാര്യർ

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.