...
Home News Kerala എന്ത് കൊണ്ടായിരിക്കും പരാജയപ്പെട്ടിട്ടും പിണറായി വിജയന് എതിരെ മത്സരിച്ച വി. പി അബ്ദുൽ റഷീദ് മാത്രം...

എന്ത് കൊണ്ടായിരിക്കും പരാജയപ്പെട്ടിട്ടും പിണറായി വിജയന് എതിരെ മത്സരിച്ച വി. പി അബ്ദുൽ റഷീദ് മാത്രം ഇങ്ങനെ ആഘോഷിക്കപ്പെടുന്നത്?

അര ലക്ഷത്തോളം ഭൂരിപക്ഷമുണ്ടായിരുന്ന കോട്ട പൊളിച്ച് വിജയിച്ചു വന്ന ടി. കെ ഗോവിന്ദൻ എന്ന റിബൽ അല്ലേ എല്ലാ തരത്തിലും കേരളം മുഴുക്കെ ആഘോഷിക്കപ്പെടേണ്ടത്?

248

| ശ്രീകാന്ത് പികെ

2016 – ലാണ് സഖാവ് പിണറായി വിജയൻ ധർമ്മടം മണ്ഡലത്തിൽ ആദ്യമായി മത്സരിക്കാനായി വരുന്നത്. അതിന് മുന്നേ ആ മണ്ഡലത്തിൽ എൽഡിഎഫിന് ലഭിച്ച ഭൂരിപക്ഷം 15,162 ആണ്. നാട്ടുകാരനും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും തൊഴിലാളി സംഘടനാ നേതാവുമൊക്കെ ആയിരുന്ന കെ. കെ നാരായണനായിരുന്നു 2011- ൽ ഇടതു മുന്നണി സ്ഥാനാർത്ഥി. കണ്ണൂരിലെ മറ്റ് സി.പി.ഐ.(എം) കോട്ടക്കൾ പോലെ പൊതുവെ എണ്ണാത്ത, ലീഗ് ശക്തി കേന്ദ്രങ്ങളായ പഞ്ചായത്തുകളുള്ള യുഡിഎഫിനും ആവോളം ശക്തിയുള്ള മണ്ഡലമാണ് ധർമ്മടം. ഇടതിന് ശരാശരി 15K മാർജിനിലെ ഭൂരിപക്ഷവും 50% അടുത്ത് വോട്ട് ഷെയറും എന്നതാണ് ധർമ്മടത്തിന്റെ നോർമൽ.

അത് മുപ്പത്തി ആറായിരവും അമ്പതിനായിരവുമായി മാറിയത് പിണറായി വിജയൻ മത്സരിക്കാൻ വന്നത് കൊണ്ട് മാത്രമാണ്. 2016 ലെയും 2021 ലെയും ഇടത് തരംഗത്തിൽ സ്വിങ് വോട്ടുകൾ പിണറായിക്ക്‌ അനുകൂലമായി പോൾ ചെയ്യപ്പെട്ടു. എന്നാൽ 2026 ലെ ശക്തമായ ഇടത് വിരുദ്ധ – പിണറായി വിരുദ്ധ തരംഗത്തിൽ ആ സ്വിങ് വോട്ടുകൾ തിരിച്ച് യുഡിഫിലേക്ക് പോയി. എന്നിട്ടും ഇരുപതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ – മണ്ഡലത്തിന്റെ നോർമൽ ഭൂരിപക്ഷത്തിന്റെ റേഞ്ചിൽ വളരെ സേഫ് വിജയം പിണറായിക്ക്‌ ലഭിച്ചു.

എന്നാൽ തൊട്ടിപ്പുറം മട്ടന്നൂർ മണ്ഡലം അങ്ങനെയല്ല. മണ്ഡലം രൂപീകൃതമായ 2011 മുതൽ, നടന്ന തെരഞ്ഞെടുപ്പുകളിൽ സ. ഇ. പി ജയരാജൻ മുപ്പത്തിനായിരത്തിലും, നാല്പതിനായിരത്തിലും, ശൈലജ ടീച്ചർ അറുപതിനായിരത്തിലുമെത്തിച്ച ഭൂരിപക്ഷം ഇക്കുറി വെറും 14,168 – ൽ ഒതുങ്ങി. ചന്ദ്രൻ തില്ലങ്കേരി ആയിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി.

പാർടി കോട്ടയായി അറിയപ്പെടുന്ന മറ്റൊരു മണ്ഡലമായ പയ്യന്നൂരിൽ 2021- ൽ നേടിയ ഭൂരിപക്ഷം അമ്പതിനായിരത്തിലധികം. അതിന് മുന്നേയുള്ള തെരഞ്ഞെടുപ്പുകളിലൊക്കെ മുപ്പതും നാല്പതും ആയിരം ഭൂരിപക്ഷങ്ങൾ ലഭിച്ചിരുന്ന ആ മണ്ഡലത്തിൽ എൽഡിഎഫ് ഇക്കുറി തോറ്റത് 7,287 വോട്ടുകൾക്ക്. നാല്പത്തിനായിരത്തിന് മേലെ ഭൂരിപക്ഷമുണ്ടായിരുന്ന മറ്റൊരു കോട്ടയായ കല്യാശ്ശേരിയിൽ ഇക്കുറി ഭൂരിപക്ഷം പതിനെട്ടായിരത്തിൽ.

പറഞ്ഞു വന്നത്, ഏതൊരു തരംഗത്തിലും ഭൂരിപക്ഷം കാക്കുന്ന പാർടി കോട്ടകളായി അറിയപ്പെട്ടിരുന്ന പല മണ്ഡലങ്ങളിലും എൽഡിഎഫ് അല്ലെങ്കിൽ സി.പി.ഐ.(എം) പരാജയപ്പെടുകയോ ഭൂരിപക്ഷം കുത്തനെ ഇടിയുകയോ ചെയ്തപ്പോൾ അങ്ങനെയൊരു ഏകപക്ഷീയ കോട്ട അല്ലാത്ത ധർമ്മടം മണ്ഡലത്തിൽ, ഇങ്ങനെയൊരു യുഡിഎഫ് തരംഗത്തിലും, ഒന്ന് കൂടി വ്യക്തമായി പറഞ്ഞാൽ ഇടതു വിരുദ്ധ തരംഗത്തിലും മണ്ഡലത്തിലെ മുന്നണി വോട്ടുകൾ അത് പോലെ നിലനിർത്തി പിണറായി വിജയൻ നേടിയത് ഡീസന്റ് വിജയമാണ്. എന്നിട്ടും എന്ത് കൊണ്ടായിരിക്കും അങ്ങനെ പരാജയപ്പെട്ടിട്ടും പിണറായി വിജയന് എതിരെ മത്സരിച്ച വി. പി അബ്ദുൽ റഷീദ് മാത്രം ഇങ്ങനെ ആഘോഷിക്കപ്പെടുന്നത്?

അത്യാവശ്യം നല്ല ഭൂരിപക്ഷത്തിൽ തോറ്റിട്ട് പോലും അദ്ദേഹത്തെ മീഡിയ വൺ പോലുള്ള ചാനലുകളിൽ പ്രധാന ഗസ്റ്റായി വിളിച്ച് വരുത്തി വിജയിച്ച സമം ട്രീറ്റ് ചെയ്യുകയാണ്. യുഡിഎഫ് ശക്തി കേന്ദ്രങ്ങൾ ഉൾപ്പെടുന്ന പ്രദേശങ്ങൾ എണ്ണിയപ്പോൾ ആദ്യ നാലഞ്ച് റൗണ്ടുകൾ മുന്നിട്ട് നിന്നു എന്നതാണോ ഈ സെലിബ്രേറ്റ് ചെയ്യപ്പെടാനുള്ള കാരണം? അങ്ങനെയെങ്കിൽ അരലക്ഷത്തിലും മേലെയുള്ള ഭൂരിപക്ഷം മട്ടന്നൂരിൽ പതിനഞ്ചായിരത്തിൽ താഴെ എത്തിച്ച ചന്ദ്രൻ തില്ലങ്കേരി എന്ത് കൊണ്ട് ആഘോഷിക്കപ്പെടുന്നില്ല? അതും താരതമ്യേന പ്രാദേശിക തലത്തിൽ മാത്രമുള്ള ഒരു നേതാവ്.

അര ലക്ഷത്തോളം ഭൂരിപക്ഷമുണ്ടായിരുന്ന കോട്ട പൊളിച്ച് വിജയിച്ചു വന്ന ടി. കെ ഗോവിന്ദൻ എന്ന റിബൽ അല്ലേ എല്ലാ തരത്തിലും കേരളം മുഴുക്കെ ആഘോഷിക്കപ്പെടേണ്ടത്? അതിനേക്കാൾ എന്ത് പ്രത്യേകതയാണ് ഇരുപതിനായിരം വോട്ടുകൾക്ക് തോറ്റ വി. പി അബ്ദുൾ റഷീദിനുള്ളത്.

ഇനി മുഖ്യമന്ത്രിയുടെ, പിണറായി വിജയന്റെ ഭൂരിപക്ഷം കുറച്ച ആൾ എന്നാണെങ്കിൽ, അര നൂറ്റാണ്ടിലധികം കാലം മണ്ഡലം വച്ച് അനുഭവിക്കുന്ന മറ്റൊരു പേരിന് പോലും പ്രസക്തിയില്ലാത്ത നിലയിൽ കഴിഞ്ഞിരുന്ന പുതുപ്പള്ളി മണ്ഡലത്തിൽ അഞ്ച് വർഷം മുന്നേ മുപ്പതിനായിരങ്ങളിൽ നിന്ന് സാക്ഷാൽ ഉമ്മൻ‌ചാണ്ടിയുടെ ഭൂരിപക്ഷം ഒൻപതിനായിരത്തിലേക്ക് കൂപ്പു കുത്തിച്ച സ. ജെയ്ക്ക് സി തോമസ്‌ ഇതുപോലെ ആഘോഷിക്കപ്പെട്ടിരുന്നോ? പരാജയപ്പെട്ട ജെയ്ക്കിനെ ഇതുപോലെ മാദ്ധ്യമങ്ങൾ കൊണ്ടാടിയിരുന്നോ? ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.