...
Warning/home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php90
Home News 1000 രൂപ പിഴയിൽ അവസാനിക്കേണ്ട കേസ്; പിന്നെന്തിന് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ഇത്ര തിടുക്കം...

1000 രൂപ പിഴയിൽ അവസാനിക്കേണ്ട കേസ്; പിന്നെന്തിന് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ഇത്ര തിടുക്കം ?

171

| ശ്രീകാന്ത് പികെ

1000 രൂപ പിഴ അടച്ചാൽ തീരുന്ന കുറ്റത്തിനാണ് സഖാവ് ഐഷി ഘോഷ് എന്ന വിദ്യാർത്ഥി നേതാവിനെ 5 വർഷം മുന്നേയുള്ള കേസിന്റെ പേരും പറഞ്ഞ് ഡൽഹി പോലീസ് ദേശീയ പാർടിയുടെ നാഷണൽ ഹെഡ്ക്വാട്ടേഴ്സിൽ കയറി അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത്.

2021 – ൽ നടന്ന ഒരു പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തതിന് ഒരു സമൻസ് അനുസരിച്ച് ഹാജരാകാതിരുന്ന സാങ്കേതിക പ്രശ്നത്തിന് വെറും 1000 രൂപ പിഴയിട്ട്, അറസ്റ്റ് വാറണ്ട് കോടതി റദ്ദാക്കുമ്പോൾ, ഇങ്ങനെയല്ലായിരുന്നു സംഭവിച്ചിരുന്നതെങ്കിൽ ആ പെൺ കുട്ടിയെ, വിദ്യാർത്ഥി നേതാവിനെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്ത് ചാർത്താവുന്ന എല്ലാ രാജ്യദ്രോഹ കുറ്റങ്ങളും ചാർത്തി ഒരുപക്ഷെ വിചാരണ പോലും കൂടാതെ അനിശ്ചിതകാലം ജയിലിലിട്ടേനെ.

എസ്എഫ്ഐയുടെ ഡൽഹി സംസ്ഥാന സെക്രട്ടറിയും ദേശീയ നേതാവുമായ ഐഷിയെ, അഞ്ച് വർഷം മുന്നേയുള്ള ഇത്തരമൊരു കേസിന്റെ പേരിൽ ഒരു പോലീസ് സംഘം തന്നെ അറസ്റ്റ് ചെയ്യാൻ ഒരുമ്പിട്ട് വന്നെങ്കിൽ അതെന്തിനാണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും മനസിലാകും. സിജെപി എന്ന പേരിൽ തുടങ്ങിയ സർക്കാസ്റ്റിക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് കീഴെ വിദ്യാർത്ഥി – യുവജനങ്ങൾ സംഘടിക്കുകയും, സമീപ കാല ഇന്ത്യ കണ്ട ഏറ്റവും സർഗ്ഗാത്മക പ്രതിഷേധ സമരത്തിന് രാജ്യം വഴിമാറുകയും, ഒടുവിൽ ബിജെപിയോ – ആർഎസ്‌എസൊ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത തരത്തിൽ ഒരു യൂണിയൻ മന്ത്രിക്ക് രാജി വെക്കേണ്ടി വരുകയും ചെയ്തതിന് യഥാർത്ഥ കാരണം ആരെന്ന് ആർക്ക് മനസിലായില്ലെങ്കിലും ആർഎസ്‌എസിന് അത് മനസിലാകുമല്ലോ.

തീർത്തും അരാജക സ്വഭാവത്തോടെ – അക്രമങ്ങളിലേക്ക് വേഗത്തിൽ വഴി മാറുമെന്നും പിന്നീട് കാര്യങ്ങൾ എളുപ്പമാകുമെന്നും പ്രതീക്ഷിച്ച ഒരു സമരത്തെ, ഉറച്ച അച്ചടകത്തോടെ, കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി, പ്ലാനിങ്ങും എക്‌സിക്യൂഷനും നിർവഹിച്ച സംഘടിത ഇടത് വിദ്യാർത്ഥി സംഘടനകളെയാണ് ആർഎസ്‌എസ്‌ ഒന്നാം കാരണമായി കാണുന്നത്. ചുമ്മാ ഒരു ആൾക്കൂട്ടം എന്ന് തോന്നിപ്പിക്കുമെങ്കിലും, ഒരു കേഡർ സ്ട്രക്ച്ചറിനകത്ത് എക്‌സിക്യൂട്ട് ചെയ്യപ്പെട്ട പ്രക്ഷോഭമായതിനാൽ തന്നെയാണ് അവർക്കത് പൊളിക്കാൻ സാധിക്കാതിരുന്നതും. ആ സംഘാടനത്തെ മുന്നിൽ നിന്ന് നയിച്ച ഒരു നേതാവിനെയാണ് കുറേക്കാലം പുറം ലോകം കാണാത്ത തരത്തിൽ തടവറയിലിടാൻ അവർ ശ്രമിച്ചതും ഇപ്പോൾ പരാജയപ്പെട്ടതും.

ഡൽഹി വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ, യൂണിയൻ വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടുന്ന അവസ്ഥയിലേക്ക് സമരത്തെ മാറ്റിയ കുറച്ച് പേരുകൾ ശത്രു ലിസ്റ്റ് എന്നോണം ആർഎസ്‌എസ്‌ മുഖപത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സഖാവ് ഡോ. ജോൺ ബിട്ടാസ് എം.പി ആദ്യ പേരുകാരനായ പട്ടികയിൽ ആം ആദ്മി പാർടി തൃണമൂൽ നേതാക്കളും, അരുന്ധതി റോയ്, പ്രശാന്ത് ഭൂഷൺ തുടങ്ങിയവരും, ആക്റ്റിവിസ്റ്റുകളും മാദ്ധ്യമ പ്രവർത്തകരും തുടങ്ങി സംയുക്ത കിസാൻ മോർച്ച വരെയുണ്ട്. എങ്കിലും ഒറ്റ കോൺഗ്രസ് നേതാവിന്റെ പേര് ആ പട്ടികയിലില്ല.

എന്നാൽ മറ്റൊരു പട്ടികയിൽ കോൺഗ്രസിന്റെ പേരുണ്ട്. വിദ്യാർത്ഥി പ്രതിഷേധത്തിന്റെ പേരിൽ വിദ്യാർത്ഥി നേതാക്കളെ പോലീസിനെ ഉപയോഗിച്ച് വേട്ടയാടിയതിന് സുപ്രീം കോടതി നോട്ടീസ് അയച്ച സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ കോൺഗ്രസ് ഭരിക്കുന്ന കേരളവുമുണ്ട്. യുപി, മഹാരാഷ്ട്ര, ബീഹാർ, പശ്ചിമ ബംഗാൾ, അസം, മധ്യപ്രദേശ്, ഡൽഹി എന്നീ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ കൂടെ ബിജെപിക്ക് വേണ്ടി കോൺഗ്രസ് ഭരിക്കുന്ന കേരളവും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.