അടുത്തിടെ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ഒമിക്രോൺ എന്ന കോവിഡ് വകഭേദം ഇപ്പോൾ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വിവിധ രാജ്യങ്ങൾ യാത്രാ വിലക്ക് ഏർപ്പെടുത്തി. യഥാർത്ഥത്തിൽ എന്താണ് ഒമൈക്രോൺ ? ആശങ്കപെടേണ്ടതുണ്ടോ ?
എന്താണ് ഈ ഒമിക്രോൺ
ദക്ഷിണാഫ്രിക്കയിൽ ശാസ്തജ്ഞർ കണ്ടെത്തിയ പുതിയ നോവൽ കൊറോണ വൈറസ് വകഭേദമാണ് ഒമിക്രോൺ. ഗ്രീക്ക് അക്ഷരമാലയിലെ പതിനഞ്ചാമത്തെ അക്ഷരമായ ഒമിക്രോൺ ആണ് ബി.1.1.529 എന്ന പുതിയ വകഭേദത്തിന് നല്‍കിയിരിക്കുന്ന പേര്. ഈ വർഷം നവംബര്‍ ഒന്നിന് ബോട്സ്വാനയിലാണ് ഈ വകഭേദദം ആദ്യമായി കണ്ടെത്തിയത്. നേരത്തെ ചൈനയിൽ 2019ൽ കണ്ടെത്തിയ നോവൽ കൊറോണ വൈറസിൽ നിന്ന് ഒട്ടേറെ തവണ ജനിതകമാറ്റം സംഭവിച്ചാണ് ഒമിക്രോൺ വകഭേദം ഉണ്ടായിരിക്കുന്നത്.
ഒമിക്രോണിനെ എന്തുകൊണ്ടാണ് ശാസ്‌ത്രജ്ഞർ ഭയക്കുന്നത്
യുഎന്നിന്റെ ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച്, ഇതുവരെ കണ്ടെത്തിയ മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ഈ വേരിയന്‍റുമായി വീണ്ടും അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് എന്നാണ് പ്രാഥമിക തെളിവുകൾ സൂചിപ്പിക്കുന്നത്. എന്ന് പറഞ്ഞാൽ, രോഗം ബാധിച്ച് സുഖം പ്രാപിച്ച ആളുകൾക്ക് അത് വീണ്ടും പിടിപെടാം.
നിലവിൽ ഉണ്ടായിരുന്ന കൊറോണ വൈറസിന്‍റെ സ്പൈക്ക് പ്രോട്ടീനിൽ ഈ വേരിയന്‍റിന് ഉയർന്ന തോതിലുള്ള മ്യൂട്ടേഷനുകൾ ഉള്ളതായി കരുതുന്നു.ഒരേ വൈറസിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ആശങ്കാജനകമായ മാറ്റങ്ങൾ ഒമിക്രോണിലുണ്ട്. ഇതുവരെ കണ്ട വൈറസിന്‍റെ ഏറ്റവും കനത്ത പരിവർത്തനം സംഭവിച്ച പതിപ്പ് ഇതാണ് എന്നാണ് വാർവിക്ക് സർവകലാശാലയിലെ വൈറോളജിസ്‌റ്റായ ലോറൻസ് യംഗ് പറഞ്ഞത്.
ഇത്രയധികം ആശങ്കപെടേണ്ടതുണ്ടോ ?
ഇതിനോടകം പലവട്ടം ജനിതകമാറ്റം സംഭവിക്കുകയും കൂടുതൽ രോഗവ്യാപനമോ രോഗതീവ്രതയോ സൃഷ്ടിക്കാൻ കഴിയുകയും ചെയ്യുന്ന വൈറസ് വകഭേദങ്ങളെയാണ് ആശങ്കപ്പെടേണ്ട വകഭേദമായി മുദ്ര കുത്തുന്നത്.മാത്രമല്ല, ശരീരത്തിൻ്റെ രോഗപ്രതിരോധശേഷിയെയും വാക്സിനുകളെയും മറികടക്കാൻ കഴിയുന്നവയാണോ എന്ന കാര്യവും പരിഗണിക്കും.കൊവിഡ് 19 കേസുകള്‍ കുറഞ്ഞു നിന്നിരുന്ന ദക്ഷിണാഫ്രിക്കയിലെ വിവിധ പ്രദേശങ്ങളിൽ കേസുകളുടെ എണ്ണം ഉയരാൻ പുതിയ വകഭേദം കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒമിക്രോണിനെതിരെ വാക്‌സിനുകൾ പ്രവർത്തിക്കുമോ ?
ഒമിക്രോണിനെതിരെ നിലവിലുള്ള വാക്‌സിനുകൾ പ്രവർത്തിക്കില്ല എന്നത് അങ്ങേയറ്റം അസംഭവ്യമാണ്. മറ്റ് നിരവധി വകഭേദങ്ങൾക്കെതിരെ അവ ഫലപ്രദമാണെന്നും ലണ്ടനിലെ ഇംപീരിയൽ കോളജിലെ വൈദ്യശാസ്‌ത്ര പ്രൊഫസറായ പീറ്റർ ഓപ്പൺഷോ പറഞ്ഞു.ഒമിക്രോണിലെ ചില ജനിതക മാറ്റങ്ങൾ ആശങ്കാജനകമാണെങ്കിലും അവ പൊതുജനാരോഗ്യത്തിന് ഭീഷണിയാകുമോ എന്ന് ഇപ്പോഴും വ്യക്തമല്ല. ബീറ്റാ വേരിയന്‍റ് പോലെയുള്ള ചില മുൻ വകഭേദങ്ങൾ തുടക്കത്തിൽ ശാസ്‌ത്രജ്ഞരെ പരിഭ്രാന്തിയിലാഴ്ത്തിയെങ്കിലും അത് അധികം ദൂരത്തേക്ക് വ്യാപിച്ചില്ല.



