...
Home News National പാകിസ്ഥാനിലെ പഞ്ചാബിൽ വൈക്കോൽ കത്തിക്കൽ വ്യാപകം; ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം

പാകിസ്ഥാനിലെ പഞ്ചാബിൽ വൈക്കോൽ കത്തിക്കൽ വ്യാപകം; ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം

യുഎസ് ബഹിരാകാശ ഏജൻസിയായ നാസയുടെ ഉപഗ്രഹ വിവരങ്ങളും കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. ഒക്ടോബർ ഒന്ന് മുതൽ 29 വരെ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ 13,241 ഇടങ്ങളിൽ കാർഷിക അവശിഷ്ടങ്ങൾ കത്തിച്ചതായി കണ്ടെത്തി.

12

ഉത്സവ സീസൺ അടുത്തതോടെ ദേശീയ തലസ്ഥാനമായ ഡൽഹിയിൽ വായുമലിനീകരണം വീണ്ടും രൂക്ഷമായി. വായു ഗുണനിലവാര സൂചിക (AQI) 300 കടന്ന് ‘വളരെ മോശം’ വിഭാഗത്തിലെത്തി. ദീപാവലിക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ മലിനീകരണ തോത് ഉയർന്നത് വലിയ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. ഇന്ത്യയിലെ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലും അയൽരാജ്യമായ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലും കാർഷിക അവശിഷ്ടങ്ങൾ വ്യാപകമായി കത്തിക്കുന്നതാണ് മലിനീകരണം വർധിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നെന്നാണ് വിലയിരുത്തൽ.

യുഎസ് ബഹിരാകാശ ഏജൻസിയായ നാസയുടെ ഉപഗ്രഹ വിവരങ്ങളും കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. ഒക്ടോബർ ഒന്ന് മുതൽ 29 വരെ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ 13,241 ഇടങ്ങളിൽ കാർഷിക അവശിഷ്ടങ്ങൾ കത്തിച്ചതായി കണ്ടെത്തി. ഇതേ കാലയളവിൽ ഇന്ത്യൻ പഞ്ചാബിൽ 3,158 ഇടങ്ങളിലാണ് ഇത്തരം സംഭവങ്ങൾ രേഖപ്പെടുത്തിയത്. വടക്കുപടിഞ്ഞാറൻ ദിശയിൽനിന്നുള്ള കാറ്റ് പുക ഡൽഹി-എൻസിആർ മേഖലയിലേക്ക് എത്തിക്കുന്നുണ്ട്. താപനില കുറയുന്നതും കാറ്റിന്റെ വേഗം താഴുന്നതും മലിനീകരണ വസ്തുക്കൾ അന്തരീക്ഷത്തിൽ തങ്ങിനിൽക്കാൻ കാരണമാകുന്നു. പ്രാദേശിക മലിനീകരണവും പുകയുടെ സാന്നിധ്യവും ചേർന്നതോടെ സ്ഥിതി കൂടുതൽ വഷളായി.

മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡൽഹിയിൽ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ (GRAP) രണ്ടാം ഘട്ടം നടപ്പാക്കി. റോഡുകളിൽ വെള്ളം തളിക്കൽ, ആന്റി സ്മോഗ് തോക്കുകളുടെ ഉപയോഗം, നിർമാണ പ്രവർത്തനങ്ങളിൽ കർശന നിരീക്ഷണം എന്നിവ ശക്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും വായുവിന്റെ ഗുണനിലവാരം മോശം നിലയിൽ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് ഉദ്യോഗസ്ഥർ പ്രവചിക്കുന്നു. ദീപാവലി ആഘോഷത്തിനിടെ പടക്കങ്ങൾ പൊട്ടിക്കുന്നത് മലിനീകരണം അപകടകരമായ നിലയിലേക്ക് ഉയർത്തിയേക്കാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.