...
Home News International ഫ്രാൻസിലും സ്പെയിനിലും കാട്ടുതീ രൂക്ഷം; മൂന്ന് ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു

ഫ്രാൻസിലും സ്പെയിനിലും കാട്ടുതീ രൂക്ഷം; മൂന്ന് ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു

ഉഷ്ണതരംഗവും അതിശക്തമായ വരണ്ട കാലാവസ്ഥയുമാണ് കാട്ടുതീ നിയന്ത്രണാതീതമാകാൻ കാരണമായതെന്ന് സ്പാനിഷ് അധികൃതർ വ്യക്തമാക്കി

4

യൂറോപ്യൻ രാജ്യങ്ങളായ ഫ്രാൻസിലും സ്പെയിനിലും കാട്ടുതീ വ്യാപകമായി പടരുന്നതായി റിപ്പോർട്ട്. സ്ഥിതി അതീവ ഗുരുതരമായതിനെ തുടർന്ന് സ്പെയിൻ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ നിന്നായി ഇതുവരെ മൂന്ന് ലക്ഷത്തോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതായി അധികൃതർ അറിയിച്ചു.

രാജ്യത്ത് തുടരുന്ന ഉഷ്ണതരംഗവും അതിശക്തമായ വരണ്ട കാലാവസ്ഥയുമാണ് കാട്ടുതീ നിയന്ത്രണാതീതമാകാൻ കാരണമായതെന്ന് സ്പാനിഷ് അധികൃതർ വ്യക്തമാക്കി. തലസ്ഥാനമായ മാഡ്രിഡിന് സമീപവും അവില പ്രവിശ്യയിലുമായി പടർന്ന തീ പിന്നീട് ഒന്നിച്ചുചേർന്നതോടെ വലിയ പ്രദേശങ്ങൾ അഗ്നിക്കിരയായി.

ആയിരത്തിലധികം ഏക്കർ ഭൂമിയാണ് ഇതിനകം കത്തിനശിച്ചത്. അഗ്നിരക്ഷാസേനയും രക്ഷാപ്രവർത്തകരും തീ നിയന്ത്രണവിധേയമാക്കാൻ ശ്രമം തുടരുകയാണെങ്കിലും ശക്തമായ ചൂടും കാറ്റും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്.

അതേസമയം, ഫ്രാൻസിലും കാട്ടുതീ അതിവേഗം വ്യാപിക്കുകയാണ്. വിനോദസഞ്ചാര കേന്ദ്രമായ കാപ് ഫെറ മേഖലയിൽ തീ പടർന്നതിനെ തുടർന്ന് നിരവധി പേരെ ബോട്ട് മാർഗം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. 19,000 ഹെക്ടറിലധികം വനഭൂമിയാണ് ഇവിടെ ഇതിനകം കത്തിനശിച്ചതെന്ന് അധികൃതർ അറിയിച്ചു.

സ്ഥിതിഗതികൾ നിയന്ത്രണാതീതമായതോടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ യൂറോപ്യൻ യൂണിയന്റെ സഹായം അഭ്യർഥിച്ചു. യൂറോപ്യൻ യൂണിയന്റെ പ്രത്യേക അഗ്നിശമന സംവിധാനങ്ങളും ഫയർഫൈറ്റിംഗ് വിമാനങ്ങളും പ്രതിസന്ധി നേരിടുന്നതിനായി വിന്യസിക്കുമെന്നാണ് പ്രതീക്ഷ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.