നിർമ്മിതബുദ്ധി (എഐ) സൃഷ്ടിക്കാൻ പോകുന്ന വലിയ സാമ്പത്തിക പ്രത്യാഘാതങ്ങളെയും തൊഴിൽ നഷ്ടത്തെയും കുറിച്ച് ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദഗ്ദ്ധരുടെയും മുന്നറിയിപ്പ്. “നോ, ഇപ്പോഴെങ്കിലും തുടങ്ങാം” എന്ന് പേരിട്ടിരിക്കുന്ന തുറന്ന കത്തിൽ 16 നോബൽ സമ്മാന ജേതാക്കൾ ഉൾപ്പെടെ ഇരുനൂറിലേറെ വിദഗ്ദ്ധർ ഒപ്പുവെച്ചിട്ടുണ്ട്. സ്റ്റാൻഫോർഡ് സർവ്വകലാശാലയിലെ ഡിജിറ്റൽ ഇക്കോണമി ലാബ് തയ്യാറാക്കിയ ഈ കത്തിൽ, വിപ്ലവകരമായ മാറ്റങ്ങളാണ് എഐ വരുത്തിവെക്കാൻ പോകുന്നതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
അടുത്ത 10 വർഷത്തിനുള്ളിൽ എഐ അവിശ്വസനീയമാംവിധം കരുത്താർജ്ജിക്കുമെന്നും ഇത് വൻതോതിലുള്ള തൊഴിൽ നഷ്ടത്തിന് കാരണമാകുമെന്നുമാണ് വിദഗ്ദ്ധർ പറയുന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ എഐ വലിയ സാമ്പത്തിക മാറ്റങ്ങൾ കൊണ്ടുവരുമെന്നും ഇത് കൈകാര്യം ചെയ്യാൻ ലോകം സജ്ജമാകണമെന്നും കത്ത് മുന്നറിയിപ്പ് നൽകുന്നു. എഐയുടെ തലതൊട്ടപ്പന്മാരായി അറിയപ്പെടുന്ന യോഷ്വാ ബെഞ്ചിയോ, യാൻ ലുകുൻ തുടങ്ങിയവരും ഇതിൽ ഒപ്പുവെച്ചിട്ടുണ്ട്.
വിപണിക്ക് വിട്ടുകൊടുക്കാതെ, ജനങ്ങൾക്ക് ഗുണകരമായ രീതിയിൽ എഐയെ നിയന്ത്രിക്കാൻ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളും നിയമങ്ങളും അടിയന്തരമായി രൂപീകരിക്കണമെന്ന് വിദഗ്ദ്ധർ ആവശ്യപ്പെടുന്നു. ഗൂഗിൾ മുൻ സിഇഒ എറിക് ഷിമിറ്റ്, ലിങ്ക്ഡ് ഇൻ സഹസ്ഥാപകൻ റീഡ് ഹോഫ്മാൻ, പ്രമുഖ നിക്ഷേപകൻ വിനോദ് ഖോസ്‌ല തുടങ്ങിയ വമ്പൻമാരും ഈ കത്തിൽ ഒപ്പുവെച്ചവരിൽ ഉൾപ്പെടുന്നു. ആവിയന്ത്രവും വൈദ്യുതിയും കമ്പ്യൂട്ടറുകളും മുൻപ് ഉണ്ടാക്കിയതിനേക്കാൾ വലിയൊരു മാറ്റമായിരിക്കും എഐ സമൂഹത്തിൽ ഉണ്ടാക്കുകയെന്ന് ഇവർ കരുതുന്നു.
എഐയുടെ വളർച്ച സൃഷ്ടിക്കുന്ന മറ്റൊരു പ്രതിസന്ധി അതിന്റെ ഭീമമായ ഊർജ്ജ ഉപഭോഗമാണ്. എഐ സംവിധാനങ്ങൾക്കായി നിർമ്മിക്കുന്ന വമ്പൻ ഡേറ്റാ സെന്ററുകൾ വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുന്നതിനും പരിസ്ഥിതി പ്രശ്നങ്ങൾക്കും കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി ന്യൂയോർക്കിൽ പുതിയ ഡേറ്റാ സെന്ററുകളുടെ നിർമ്മാണത്തിന് ഒരു വർഷത്തെ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. 50 മെഗാവാട്ടോ അതിൽ കൂടുതലോ വൈദ്യുതി ഉപയോഗിക്കുന്ന വലിയ ഡേറ്റാ സെന്ററുകൾക്കാണ് ഈ പുതിയ നിയമം ബാധകമാകുന്നത്. എഐയുടെ ആഘാതം ഡിജിറ്റൽ മേഖലയിൽ മാത്രമല്ല, നമ്മുടെ പ്രകൃതി വിഭവങ്ങളിലും പ്രതിഫലിക്കുമെന്നതിന്റെ സൂചനയാണിതെന്നാണ് വിലയിരുത്തൽ.


