വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലം പിടിച്ചെടുക്കാൻ വമ്പൻ പദ്ധതികളുമായി ബിജെപി.മണ്ഡലത്തിൽ രണ്ടാം സ്ഥാനത്തുള്ള എൻഡിഎ, ഇത്തവണ ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനിയെത്തന്നെ കളത്തിലിറക്കാനാണ് ഒരുങ്ങുന്നത്. സ്ഥാനാർത്ഥിത്വത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ ധാരണയായെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നുമാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.
മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിൽ അഞ്ചിലും ബിജെപിക്ക് ഭരണമുണ്ടെന്നതാണ് ഇത്തവണ പാർട്ടിക്ക് വലിയ ആത്മവിശ്വാസം നൽകുന്നത്. മുൻകാല എൻഡിഎ സ്ഥാനാർത്ഥികളിൽ നിന്ന് വ്യത്യസ്തമായി തീവ്ര നിലപാടുകളില്ലാത്ത, സൗമ്യമായ പെരുമാറ്റവും ജനകീയതയുമുള്ള വ്യക്തിത്വമാണ് എം.എൽ. അശ്വിനിയുടേത്. ഇത് ഹൈന്ദവ വോട്ടുകൾ ഏകീകരിക്കുന്നതിനൊപ്പം തന്നെ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലും അശ്വിനിക്ക് സ്വാധീനമുണ്ടാക്കാൻ സഹായിക്കുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.
യുഡിഎഫിന്റെ ഉറച്ച കോട്ടയായി അറിയപ്പെടുന്ന കാസർകോട് മണ്ഡലത്തിൽ അശ്വിനിയുടെ കടന്നുവരവ് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ബിജെപിയുടെ മുന്നേറ്റത്തെ തടയാൻ തന്ത്രപരമായ നീക്കങ്ങൾ യുഡിഎഫ് ആരംഭിച്ചു കഴിഞ്ഞു. അശ്വിനിയുടെ ജനകീയതയെ പ്രതിരോധിക്കാൻ ഹൈന്ദവ വോട്ടുകൾക്കിടയിൽ കാര്യമായ സ്വാധീനമുള്ള ഒരു പ്രാദേശിക നേതാവിനെ തന്നെ സ്ഥാനാർത്ഥിയായി കൊണ്ടുവരാനാണ് യുഡിഎഫ് ആലോചിക്കുന്നത്.
ബിജെപി ഭരണത്തിലുള്ള അഞ്ച് പഞ്ചായത്തുകളിൽ പോലും മികച്ച വ്യക്തിബന്ധങ്ങളുള്ള ഒരു നേതാവിനെ കണ്ടെത്തി മണ്ഡലം നിലനിർത്താനാണ് യുഡിഎഫ് പദ്ധതി. അശ്വിനി ഉയർത്തുന്ന വെല്ലുവിളി ചെറുക്കാൻ മണ്ഡലത്തിന് സുപരിചിതനായ ഒരാൾ വേണമെന്ന കാര്യത്തിൽ അണികൾ ഒറ്റകെട്ടിലാണ്.



