ശബരിമല തീര്‍ഥാടകരെ ഉദ്ദേശിച്ച് കേരളാ സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്ന ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിൻ്റെ നിര്‍മാണ അനുമതികള്‍ അന്തിമ ഘട്ടത്തിലാണെന്ന് സംസ്ഥാന സര്‍ക്കാര്‍. എംഎല്‍എ മാരായ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, പ്രമോദ് നാരായണന്‍, ഡോ. എന്‍ ജയരാജ്, ജോബ് മൈക്കിള്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2023 ഏപ്രില്‍ 13ന് വിമാനത്താവളത്തിന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയം സൈറ്റ് ക്ലിയറന്‍സ് നല്‍കി. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തില്‍ നിന്നുള്ള ഡിഫന്‍സ് ക്ലിയറന്‍സ് 2023 ജൂണ്‍ 30 നും ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള സുരക്ഷാ ക്ലിയറന്‍സ് 2025 മെയ് 20 നു ലഭിച്ചു. പരിസ്ഥിതി അനുമതിക്കായുള്ള ടേംസ് ഓഫ് റഫറന്‍സ് കേന്ദ്ര പരിസ്ഥിതി, വനം, കാലവസ്ഥാ വ്യതിയാന മന്ത്രാലയം അംഗീകരിച്ചു. ഇതിൻ്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ട് വൈകാതെ സമര്‍പ്പിക്കും. വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട്(ഡിപിആര്‍) തത്വത്തിലുള്ള അനുമതിക്കായി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു സമര്‍പ്പിച്ചിട്ടുണ്ട്.
ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളത്തിൻ്റെ സ്ഥാനം
കോട്ടയം ജില്ലയിലെ എരുമേലി സൗത്ത്, മണിമല എന്നീ വില്ലേജുകളില്‍ ഉള്‍പ്പെട്ട 2750 ഏക്കര്‍ ഭൂമിയാണ് വിമാനത്താവളത്തിനായി ഏറ്റെടുക്കാന്‍ നിശ്ചയിച്ചിട്ടുള്ളത്. ഇതില്‍ ചെറുവള്ളി എസ്റ്റേറ്റിലെ ഭൂമിയും പുറത്തുള്ള ഭൂമിയും ഉള്‍പ്പെടും. ഭൂമിയേറ്റെടുക്കല്‍ നടപടിക്ക് ഇതിനകം അനുമതി നല്‍കിയിട്ടുണ്ട്.
പദ്ധതിയുടെ ഗുണഭോക്താക്കള്‍
ശബരിമല തീര്‍ഥാടകര്‍, പ്രവാസികള്‍, വിനോദ സഞ്ചാരികള്‍, കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങളായിരിക്കും വിമാനത്താവളത്തിൻ്റെ ഗുണഭോക്താക്കള്‍.
കെഎസ്‌ഐഡിസി നോഡല്‍ ഏജന്‍സി
പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായി കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനെ(കെഎസ്‌ഐഡിസി) നിയമിച്ചു. പദ്ധതിക്ക് 2017ല്‍ തത്വത്തില്‍ അംഗീകാരം ലഭിച്ചു. കെഎസ്‌ഐഡിസി നിയമിച്ച കണ്‍സള്‍ട്ടൻ്റായ ലൂയിസ് ബെര്‍ഗര്‍ കണ്‍സള്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡ്, ടെക്‌നോ ഇക്കണോമിക് ഫീസിബിലിറ്റി റിപ്പോര്‍ട്ട്, തയ്യാറാക്കി സൈറ്റ് ക്ലിയറന്‍സിനും തത്വത്തിലുള്ള അംഗീകാരത്തിനുമായി സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിനയച്ചു.
പദ്ധതി സാക്ഷാത്കാരം 2029ല്‍
2026 ല്‍ നിര്‍മാണം ആരംഭിച്ച് 2029ല്‍ പണി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനും ഏകോപിപ്പിക്കാനുമായി അവലോകന യോഗങ്ങള്‍ നടത്തി പുരോഗതി വിലയിരുത്തി വരികയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.



