തിരുവനന്തപുരം: മലയാളികളുടെ പ്രിയപ്പെട്ട വയലിനിസ്റ്റ് ബാലഭാസ്‌കറിൻ്റെ ജീവൻ കവർന്ന അപകടത്തിൽ കാറോടിച്ചിരുന്ന അർജുൻ സ്വർണക്കടത്ത് കേസിൽ അറസ്റ്റിൽ. ഞായറാഴ്‌ച പെരിന്തല്‍മണ്ണയിൽ സ്വര്‍ണാഭരണങ്ങളുമായി വീട്ടിലേക്ക് പോവുകയായിരുന്ന ജ്വല്ലറി ഉടമകളെ ആക്രമിച്ച് മൂന്നരക്കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ ആസൂത്രകനടക്കം ഒമ്പതുപേരാണ് അറസ്റ്റിലായത്. ഇതിലൊരാള്‍ ബാലഭാസ്കറിൻ്റെ ഡ്രൈവറായ തൃശൂർ പാട്ടുരായ്ക്കൽ പറക്കോട്ടിൽ ലൈനിൽ കുറിയേടത്ത് മന അർജുൻ (28)ആണ്.
ബാലഭാസ്‌കറിൻ്റെ വാഹന അപകടവും സ്വർണക്കടത്ത് ആക്ഷേപവും
തിരുവനന്തപുരം പള്ളിപ്പുറത്തുവച്ച് ബാലഭാസ്‌കറിൻ്റെ ജീവനെടുത്ത വാഹനാപകടത്തിന് പിന്നില്‍ സ്വർണക്കടത്ത് ലോബി ഉണ്ടെന്ന ആരോപണം ശക്തമായിരുന്നു. ബാലഭാസ്‌കറിൻ്റെ അച്ഛൻ ഉണ്ണി തന്നെ ഇത്തരമൊരു ആരോപണം ഉയർത്തിയിരുന്നു. പൊലീസിന് പിന്നാലെ സിബിഐ അന്വേഷിച്ചപ്പോഴും ഇത്തരമൊരു ബന്ധം കണ്ടെത്താനായില്ല. എന്നാൽ അന്ന് ആരോപണ വിധേയനായ അർജുൻ ഇപ്പോള്‍ മറ്റൊരു സ്വർണക്കടത്ത് കേസിൽ അറസ്റ്റിലാകുമ്പോൾ പഴയ ആരോപണങ്ങൾ കേസിൻ്റെ ചുഉരുളഴിയുകയാണ്.
കാറോടിച്ചത് ബാലഭാസ്‌കറാണെന്ന് വരുത്താൻ അർജുൻ്റെ ശ്രമം
അപകടം നടക്കുമ്പോൾ കാറോടിച്ചത് ബാലഭാസ്‌കറാണെന്ന് വരുത്താനും അര്‍ജുന്‍ ശ്രമിച്ചിരുന്നു. ബാലുവിൻ്റെ ഭാര്യ ലക്ഷ്‌മിയും മരണത്തിന് കീഴടങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു അത്തരമൊരു മൊഴി അർജുൻ നൽകിയതെന്നാണ് വിലയിരുത്തൽ. എന്നാൽ ജീവൻ തിരിച്ചുകിട്ടിയ ലക്ഷ്‌മി അര്‍ജുനെതിരെ പൊലീസിന് മൊഴി നല്‍കി. ഇതിന് ശേഷം ശാസ്ത്രീയ പരിശോധനകളിലൂടെ കാറോടിച്ചത് അർജുനാണെന്ന് കണ്ടെത്തി. ബാലുവിൻ്റെ മാനേജര്‍ അടക്കം സ്വർണക്കടത്തില്‍ നേരത്തെ പിടിയിലായിട്ടുണ്ട്. ഇവരുടെ സ്വാധീനത്തിലാണ് അര്‍ജുന്‍ മൊഴി നല്‍കിയതെന്ന സംശയം അന്ന് ഉയര്‍ന്നിരുന്നു. ഈ ആരോപണം വീണ്ടും ചർച്ചയാക്കുകയാണ് ബാലുവിൻ്റെ ബന്ധുകൂടിയായ പ്രിയാ വേണുഗോപാൽ. അവരുടെ ഫേസ്ബുക്ക് കുറിപ്പാണ് വീണ്ടും ചർച്ചകൾക്ക് വഴി തുറന്നത്.
പുനരന്വേഷണത്തിൽ പുതിയ സംഭവം നിർണായകമാകുമോ?
ബാലഭാസ്‌കറിൻ്റെയും മകളുടെയും മരണത്തിലേക്ക് നയിച്ച കാറപകടത്തില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത് കഴിഞ്ഞ വർഷമാണ്. ബാലഭാസ്‌കറിൻ്റെ പിതാവ് നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവ്. എന്നാല്‍ തുടരന്വേഷണത്തിന് ഉത്തരവിടുന്നതിലേക്ക് കോടതിയെ നയിച്ചത് കേസുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ചില സംശയങ്ങളാണ്. രണ്ടുപേര്‍ മരിക്കുന്നതിനും ഒരാള്‍ക്ക് ഗുരുതര പരുക്കേല്‍ക്കുന്നതിനും ഇടയാക്കിയ അപകടത്തില്‍ വാഹനം ഓടിച്ചിരുന്ന അര്‍ജുൻ്റെ പരിക്കാണ് കോടതി ചൂണ്ടിക്കാട്ടുന്ന ഒരു വിഷയം. 94 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ചിരുന്ന അര്‍ജുന്‍ സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നില്ല. എന്നിട്ടും താരതമ്യേന കുറഞ്ഞ പരിക്കുകളാണ് ഉണ്ടായത്. കാറിൻ്റെ മുന്‍സീറ്റില്‍ സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നിട്ടും ലക്ഷ്‌മിക്ക് ഗുരുതരമായി പരിക്കേറ്റ വിഷയവും കോടതി ചൂണ്ടിക്കാട്ടി.
അപകടം 2018 സെപ്റ്റംബർ 25ന് പുലർച്ചെ
തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് പള്ളിപ്പുറത്ത് വച്ച് വാഹന അപകടത്തിൽ ബാലഭാസ്ക്കറും മകളും മരിക്കുന്നത്. 2018 സെപ്റ്റംബർ 25ന് പുലർച്ചെയാണ് അപകടം നടക്കുന്നത്. ഭാര്യ ലക്ഷമി, ഡ്രൈവർ അർജുൻ എന്നിവർക്കും ഗുരുതരമായി പരിക്കേറ്റു. അപകടത്തിന് ശേഷം ബാലഭാസ്ക്കറിന്‍റെ സുഹൃത്തുക്കളായ പ്രകാശ് തമ്പി, വിഷ്‌ണു സോമസുന്ദരം സ്വർണ കടത്ത് കേസിൽ പ്രതികളായതോടെ ആണ് വിവാദമുയർന്നത്.
അപകട മരണമല്ല, ആസൂത്രിത കൊലപാതമെന്നായിരുന്നു ബാലഭാസ്ക്കറിന്‍റെ രക്ഷിതാക്കളുടെ ആരോപണം. അട്ടിമറിയില്ലെന്നും ഡ്രൈവർ അർജുന്‍ അശ്രദ്ധയോടെയും അമിത വേഗത്തിലും വാഹനമോടിച്ചതാണ് അപകട കാരണമെന്നായിരുന്നു ക്രൈം ബ്രാഞ്ച് റിപ്പോർട്ട്. ഈ റിപ്പോർട്ടിനെതിരെ ബാലഭാസ്ക്കറിൻ്റെ അച്ഛൻ മുഖ്യമന്ത്രിയെ സമീപിച്ചതോടെ ആണ് കേസ് സിബിഐക്ക് സർക്കാർ വിട്ടത്. ക്രൈം ബ്രാഞ്ച് കണ്ടത്തലുകളെ ശരിവയ്ക്കുന്നത് ആയിരുന്നു സിബിഐയുടെ അന്തിമ റിപ്പോർട്ടും. എന്നാൽ പിതാവിൻ്റെ ഹർജിയിൽ വീണ്ടും തുടരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.



