...
Home News Kerala ഇടതുമുന്നണി വിടുമോ; അഭ്യൂഹങ്ങൾക്ക് വിരാമമിടുന്ന കേരളാ കോൺഗ്രസ് (എം)

ഇടതുമുന്നണി വിടുമോ; അഭ്യൂഹങ്ങൾക്ക് വിരാമമിടുന്ന കേരളാ കോൺഗ്രസ് (എം)

കേന്ദ്ര അവഗണനയ്‌ക്കെതിരെ തിരുവനന്തപുരത്ത് ഇടതുമുന്നണി സംഘടിപ്പിച്ച സത്യഗ്രഹ സമരത്തിൽ ജോസ് കെ. മാണി പങ്കെടുക്കാതിരുന്നതാണ് ചർച്ചകൾക്ക് വഴിമരുന്നിട്ടത്.

188

രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി. പാർട്ടി യുഡിഎഫിലേക്ക് മടങ്ങുന്നു എന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ തള്ളിക്കളഞ്ഞ അദ്ദേഹം, പാർട്ടി ഇടതുമുന്നണിക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് വ്യക്തമാക്കി.

കേന്ദ്ര അവഗണനയ്‌ക്കെതിരെ തിരുവനന്തപുരത്ത് ഇടതുമുന്നണി സംഘടിപ്പിച്ച സത്യഗ്രഹ സമരത്തിൽ ജോസ് കെ. മാണി പങ്കെടുക്കാതിരുന്നതാണ് ചർച്ചകൾക്ക് വഴിമരുന്നിട്ടത്. ഇതിന് പിന്നാലെ കേരളാ കോൺഗ്രസ് (എം) മുന്നണി മാറാനൊരുങ്ങുകയാണെന്ന തരത്തിൽ ഊഹാപോഹങ്ങൾ ശക്തമായി. ഇതേ പരിപാടിയിൽ പങ്കെടുത്ത മന്ത്രി റോഷി അഗസ്റ്റിൻ ‘തുടരും’ എന്ന കുറിപ്പോടെ ചിത്രം പങ്കുവെച്ചതോടെ പാർട്ടിക്കുള്ളിൽ പിളർപ്പുണ്ടെന്ന വാർത്തകളും പുറത്തുവന്നു.

ഒഴിവാക്കാനാവാത്ത ചില സ്വകാര്യ ആവശ്യങ്ങൾക്കായി കേരളത്തിന് പുറത്ത് യാത്ര ചെയ്യേണ്ടി വന്നതിനാലാണ് സമരത്തിൽ പങ്കെടുക്കാതിരുന്നതെന്നാണ് വിശദീകരണം. ഈ വിവരം മുന്നണി നേതാക്കളെ മുൻകൂട്ടി അറിയിച്ചിരുന്നുവെന്നും താൻ നേരിട്ട് എത്തിയില്ലെങ്കിലും പാർട്ടിയുടെ മുഴുവൻ എംഎൽഎമാരും പ്രസ്തുത സമര പരിപാടിയിൽ പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സത്യം ഇതായിരിക്കെ പാർട്ടിക്കെതിരായി ആരെങ്കിലും അഭിപ്രായപ്രകടനങ്ങൾ നടത്തുന്നത് പാർട്ടിയുടെ കെട്ടുറപ്പിനെ അസ്ഥിരപ്പെടുത്താൻ മാത്രമേ ഉതകുകയുള്ളൂവെന്നും കേരളാ കോൺഗ്രസ് (എം) ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്‌ബുക്ക് പോസ്റ്റിലെ എഡിറ്റിംഗും വ്യക്തതയും

തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കാൻ ജോസ് കെ. മാണി തിരഞ്ഞെടുത്തത് സോഷ്യൽ മീഡിയയാണ്. എന്നാൽ ഈ കുറിപ്പിൽ വരുത്തിയ മാറ്റങ്ങൾ രാഷ്ട്രീയ നിരീക്ഷകരുടെ ശ്രദ്ധ കവർന്നു. ആദ്യമിട്ട കുറിപ്പിൽ “പാർട്ടിയുടെ രാഷ്ട്രീയ നിലപാട് പലവട്ടം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്” എന്നാണ് ഉണ്ടായിരുന്നത്. എന്നാൽ അൽപ്പസമയത്തിനുശേഷം ഇത് എഡിറ്റ് ചെയ്യുകയും “പാർട്ടിയുടെ രാഷ്ട്രീയ നിലപാട് ഇടതുമുന്നണിക്കൊപ്പം എന്ന് പലവട്ടം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്” എന്ന് പ്രത്യേകം കൂട്ടിച്ചേർക്കുകയും ചെയ്തു.

ജോസ് കെ. മാണിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

കേരള കോൺഗ്രസ് എം പാർട്ടിയുടെ രാഷ്ട്രീയ നിലപാട് ഇടതുമുന്നണിക്കൊപ്പം എന്ന് പലവട്ടം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. ഒഴിവാക്കാനാവാത്ത ചില സ്വകാര്യ ആവശ്യങ്ങൾ ഉള്ളതിനാലാണ് കേരളത്തിന് പുറത്ത് ഇപ്പോൾ യാത്ര ചെയ്യേണ്ടി വരുന്നത്. ഇക്കാരണത്താലാണ് തിരുവനന്തപുരത്തെ ഇടതുമുന്നണി സംഘടിപ്പിച്ച സമരപരിപാടിയിൽ പങ്കെടുക്കാതിരുന്നത് ഈ വിവരം മുന്നണി നേതാക്കളെ മുൻകൂർ അറിയിച്ചിട്ടുള്ളതാണ് .

കൂടാതേ പാർട്ടിയുടെ മുഴുവൻ M.L.A മാരും പ്രസ്തുത പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട് ഇതിന്റെ പശ്ചാത്തലത്തിൽ പാർട്ടിയുടെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച് ഇപ്പോൾ പുറമേ നടക്കുന്ന ചർച്ചകൾക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ല. സത്യം ഇതായിരിക്കേ ആരെങ്കിലും ഇതിനെതിരായി അഭിപ്രായപ്രകടനങ്ങൾ നടത്തുന്നത് പാർട്ടിയുടെ കെട്ടുറപ്പിനെ അസ്ഥിരപ്പെടുത്താൻ മാത്രമേ ഉതുകകയുള്ളൂ കേരള കോൺഗ്രസ് എം ഒറ്റക്കെട്ടായി മുന്നോട്ടുപോകും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.