...
Home News Kerala വിമതഭീഷണിയും നേതാക്കളുടെ കൊഴിഞ്ഞുപോക്കും സിപിഎമ്മിനെ തിരഞ്ഞെടുപ്പിൽ ബാധിക്കുമോ?

വിമതഭീഷണിയും നേതാക്കളുടെ കൊഴിഞ്ഞുപോക്കും സിപിഎമ്മിനെ തിരഞ്ഞെടുപ്പിൽ ബാധിക്കുമോ?

നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് സിപിഎം വിട്ടത് ജി സുധാകരൻ, പി കെ ശശി, അയിഷാ പോറ്റി, എസ് രാജേന്ദ്രൻ, വി കുഞ്ഞികൃഷ്ണൻ എന്നിവരാണ്. ആലപ്പുഴ, പാലക്കാട്, കണ്ണൂർ, ഇടുക്കി ജില്ലകളിൽ കലാപക്കൊടി ഉയരുമെന്ന ആശങ്ക സിപിഎമ്മിനുണ്ട്.

175

വിമതഭീഷണിയിൽ സംസ്ഥാനത്തെ ചുവപ്പുകോട്ടകളിൽ വിള്ളൽ വീഴുമെന്ന ആശങ്കയിൽ സിപിഎം. മുതിർന്ന നേതാക്കളുടെ കൊഴിഞ്ഞുപോക്കും വിമത ഭീഷണിയും കാരണം നാലു ജില്ലകളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ പാളിച്ച നേരിടുകയാണെന്ന വിലയിരുത്തലിലാണ് ഇടതുമുന്നണി. ജി സുധാകരനെയും പി കെ ശശിയെയും അയിഷാ പോറ്റിയെയും എസ് രാജേന്ദ്രനെയും വി കുഞ്ഞികൃഷ്ണനെയും പാർട്ടിയിൽ നിലനിർത്താൻ കഴിയാതിരുന്നത് സിപിഎം സംസ്ഥാന നേതൃത്വത്തിന് പറ്റിയ പാളിച്ചയാണെന്ന അഭിപ്രായം കീഴ്ഘടകങ്ങളിൽ ഉയർന്നിട്ടുണ്ട്.

തെരഞ്ഞെടുപ്പ് തീയതി ഉടൻ വരുമെന്നിരിക്കെ, ഘടക കക്ഷികളുമായുള്ള സീറ്റ് വിഭജനവും പൂർത്തിയായിട്ടില്ല. കൊട്ടിഘോഷിച്ചു നടത്തിയ മൂന്ന് മേഖലാജാഥകൾ ഫലപ്രദമായില്ലെന്ന വിലയിരുത്തലും ഇടതുമുന്നണി യോഗത്തിൽ ഉയർന്നിരുന്നു.

നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് സിപിഎം വിട്ടത് ജി സുധാകരൻ, പി കെ ശശി, അയിഷാ പോറ്റി, എസ് രാജേന്ദ്രൻ, വി കുഞ്ഞികൃഷ്ണൻ എന്നിവരാണ്. ആലപ്പുഴ, പാലക്കാട്, കണ്ണൂർ, ഇടുക്കി ജില്ലകളിൽ കലാപക്കൊടി ഉയരുമെന്ന ആശങ്ക സിപിഎമ്മിനുണ്ട്. എൽഡിഎഫിൻ്റെ സിറ്റിങ് സീറ്റുകളായ അമ്പലപ്പുഴയിൽ ജി സുധാകരനും കൊട്ടാരക്കരയിൽ അയിഷാ പോറ്റിയും ഒറ്റപ്പാലത്ത് പി കെ ശശിയും പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണനും മത്സരിക്കുമെന്ന ഭീഷണിയാണ് മുന്നണിക്കു മുന്നിലുള്ളത്.

സിപിഎമ്മിൽനിന്ന് പുറത്താക്കപ്പെട്ട പി കെ ശശി ഒറ്റപ്പാലത്ത് മത്സരിക്കാൻ യുഡിഎഫ് പിന്തുണ അഭ്യർഥിച്ചിട്ടുണ്ട്. ജി സുധാകരൻ സ്വതന്ത്രനായി മത്സരിച്ചാൽ കോൺഗ്രസ് പിന്തുണ നൽകാനും സാധ്യതയുണ്ട്. മണ്ഡല രൂപീകരണം മുതൽ സിപിഎമ്മിനൊപ്പം നിൽക്കുന്ന പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണൻ വിമതനായാൽ അതും ഭീഷണിയാകും. സിപിഎം വിട്ട് കോൺഗ്രസ് പാളയത്തിലെത്തിയ അയിഷാ പോറ്റി കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർഥിയായി തന്നെയാകും മത്സരിക്കുക. എസ് രാജേന്ദ്രൻ ഇടുക്കി ദേവികുളം മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കാനാണ് സാധ്യത.

അമ്പലപ്പുഴയിലെ സുധാകരൻ

അടുത്തെങ്ങുമില്ലാത്തവിധം സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ നടപടിയായിരുന്നു ജി സുധാകരൻ്റെ സ്വതന്ത്ര സ്ഥാനാർത്ഥിത്വ പ്രഖ്യാപനം. താൻ യാതൊരു പരിഗണനയും അർഹിക്കാത്ത ആളാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പരാമർശത്തിൽ പ്രതിഷേധിച്ചാണ് സുധാകരൻ പാർട്ടി വിട്ടത്. ഇതുമായി ബന്ധപ്പെട്ട് പാർട്ടി ഘടകങ്ങളിൽ വിശദീകരണത്തിന് ഒരുങ്ങുകയാണ് സിപിഎം.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും തഴയപ്പെട്ടതിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. താൻ നേരിടുന്ന അവഗണന ചോദ്യം ചെയ്യാനോ തിരുത്താനോ ആരും തയാറാവുന്നില്ലെന്നും കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

നേതൃത്വവുമായി അകന്നിരുന്ന ജി സുധാകരൻ അടുത്തിടെ വീണ്ടും പാർട്ടിയിൽ സജീവമായിരുന്നു. അദ്ദേഹത്തെ അനുനയിപ്പിക്കാൻ എം എ ബേബിയുൾപ്പെടെയുള്ള നേതാക്കൾ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്നായിരുന്നു പാർട്ടി വിട്ടുള്ള പോക്കും സ്വതന്ത്രനായി മത്സരിക്കുമെന്ന പ്രഖ്യാപനവും. 2006, 2011, 2016 ൽ എംഎൽഎയായിരുന്ന അമ്പലപ്പുഴയിൽ തന്നെ സ്വതന്ത്രനായി മത്സരിക്കുമെന്ന് സുധാകരൻ വ്യക്തമാക്കിയിട്ടുണ്ട്.

ഒറ്റപ്പാലത്ത് പി കെ ശശി

സിപിഎം പാലക്കാട് ജില്ലാ നേതൃത്വത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർത്തിയ പി കെ ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെങ്കിലും വിമത ഭീഷണിയിലാണ് നേതൃത്വം. പാലക്കാട് വിമതരുടെ കൺവെൻഷൻ വിളിച്ചു കൂട്ടിയ ശശി, ഇത് വിമത കൺവെൻഷൻ അല്ലെന്നും വിപ്ലവകാരികളുടെ കൺവെൻഷൻ ആണെന്നുമാണ് അഭിപ്രായപ്പെട്ടത്. ഏറെ നാളായി സിപിഎം നേതൃത്വവുമായി അകൽച്ചയിലായിരുന്ന ശശി, കെടിഡിസി ചെയർമാൻ സ്ഥാനം രാജിവച്ചതിന് പിന്നാലെയാണ് പാർട്ടിയിൽനിന്ന് പുറത്തു പോയത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് പിന്തുണയോടെ ഒറ്റപ്പാലം സീറ്റിൽ പി കെ ശശി സ്വതന്ത്രനായി മത്സരിക്കുമെന്നാണ് സൂചന.

സിപിഎമ്മിലെ വിഭാഗീയതയും അവഗണനയുമാണ് അദ്ദേഹത്തെ പാർട്ടി വിടാൻ പ്രേരിപ്പിച്ചത്. കൊഴിഞ്ഞാമ്പാറ, മണ്ണാർക്കാട് തുടങ്ങി ജില്ലയിലെ വിവിധ ഇടങ്ങളിൽ നിന്നുള്ള അറുനൂറോളം സിപിഎം വിമതർ കൺവെൻഷനിൽ പങ്കെടുത്തിരുന്നു. 2006 മുതൽ സിപിഐയുടെ കൈയിലാണ് ഒറ്റപ്പാലം സീറ്റ്. 2021 ൽ കെ പ്രേംകുമാറാണ് (സിപിഐ) വിജയിച്ചത്. ഗുരുതര പരാതികളെ തുടർന്ന് 2021ൽ സിപിഎം പി കെ ശശിക്ക് സ്ഥാനാർഥിത്വം നൽകാതെ മാറ്റി നിർത്തിയിരുന്നു. 2016ൽ ഷൊർണ്ണൂർ എംഎൽഎ ആയിരുന്നു പികെ ശശി.

പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ടിൽ ഉയർന്ന വിവാദം

ധനരാജ് രക്തസാക്ഷി ഫണ്ടിൽ ഉൾപ്പെടെ ഒരു കോടിയോളം രൂപയുടെ തിരിമറി നടത്തിയെന്ന് എൽഎൽഎക്കെതിരെ വരെ ആരോപണമുന്നയിച്ചാണ് സിപിഎം ജില്ലാകമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണൻ പാർട്ടി വിടുന്നത്. രക്തസാക്ഷിഫണ്ട്, പയ്യന്നൂർ ഏരിയാകമ്മിറ്റി ഓഫീസ് നിർമാണഫണ്ട്, 2021ലെ തെരഞ്ഞെടുപ്പ് ഫണ്ട് എന്നിവയിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ പയ്യന്നൂർ എംഎൽഎ ടിഐ മധുസൂദനൻ്റെ നേതൃത്വത്തിൽ സാമ്പത്തികാപഹരണം നടന്നെന്നായിരുന്നു കുഞ്ഞികൃഷ്ണൻ്റെ ആരോപണം. 50 വർഷത്തിലധികമായി പാർട്ടിയോടൊപ്പമുള്ള നേതാവാണ് കുഞ്ഞികൃഷ്ണൻ. പയ്യന്നൂരിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട അച്ചടക്ക നടപടിയുടെ സമയത്താണ് ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കിയത്.

ഇതോടെ പ്രവർത്തനരംഗത്തുനിന്ന് വിട്ടുനിന്ന അദ്ദേഹം സമ്മർദത്തിന് വഴങ്ങി തിരിച്ചെത്തുകയും ജില്ലാകമ്മിറ്റിയിലെ ക്ഷണിതാവുകയും ചെയ്തു. കഴിഞ്ഞ സമ്മേളനത്തിൽ ജില്ലാകമ്മിറ്റി അംഗമായി. തർക്കം പരിഹരിക്കപ്പെടാതിരുന്നതോടെയാണ് തെരഞ്ഞെടുപ്പ് വേളയിൽ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കി കുഞ്ഞികൃഷ്ണൻ പരസ്യമായി രംഗത്തെത്തിയത്. കുഞ്ഞികൃഷ്ണൻ പയ്യന്നൂരിൽ മത്സരിക്കാനാണ് സാധ്യത.

കൊട്ടാരക്കരയിലെ അവഗണനയിൽ മനംമടുത്ത് പടിയിറക്കം

2006, 2011, 2016 ൽ കൊട്ടാരക്കരയിൽ നിന്നും എൽഡിഎഫ് എംഎൽഎയായ പി അയിഷാ പോറ്റി മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സിപിഎം ബന്ധം ഉപേക്ഷിച്ചാണ് കഴിഞ്ഞ ജനുവരിയിൽ കോൺഗ്രസിൽ ചേർന്നത്. സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗമായിരുന്ന അയിഷാ പോറ്റി കൊട്ടാരക്കര മണ്ഡലത്തെ 15 വർഷമാണ് പ്രതിനിധീകരിച്ചത്. സിപിഎം നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്നാണ് പാർട്ടി വിട്ടത്. ജില്ലാ നേതൃത്വം തന്നെ അവഗണിക്കുകയാണെന്നായിരുന്നു അയിഷാ പോറ്റിയുടെ പരാതി. പാർട്ടി പരിപാടികളിൽ ക്ഷണിക്കുന്നില്ലെന്ന പരാതി നേതൃത്വം കേട്ടില്ലെന്നും അയിഷാ പരാതിപ്പെട്ടിരുന്നു.

തെരെഞ്ഞടുപ്പുമായി ബന്ധപ്പെട്ട ഒരു വിസ്മയമാണ് അയിഷയെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചത്. കോൺഗ്രസിൽ ചേർന്ന ശേഷം കെ എൻ ബാലഗോപാലിനെതിരെ രൂക്ഷ വിമർശനവുമായി അയിഷ രംഗത്തെത്തിയിരുന്നു. അയിഷാ പോറ്റി കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർഥിയാകും.

ദേവികുളം ഹൈറേഞ്ചിൽ നടന്ന കുടുമാറ്റം

2006, 2011, 2016 ൽ ദേവികുളത്ത് എൽഡിഎഫ് എംഎൽഎ ആയിരുന്ന എസ് രാജേന്ദ്രൻ പാർട്ടി വിട്ട് ബിജെപിയിലേക്കാണ് ചേക്കേറിയത്. 2021ൽ രാജേന്ദ്രന് സീറ്റ് നൽകിയിരുന്നില്ല. അതിൽ പ്രതിഷേധത്തിലായിരുന്നു രാജേന്ദ്രൻ. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ദേവികുളം മണ്ഡലത്തിലെ സിപിഎം സ്ഥാനാർഥിയായിരുന്ന എ രാജക്കെതിരെ പ്രവർത്തിച്ചെന്ന ആരോപണത്തെത്തുടർന്ന് രാജേന്ദ്രനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. സസ്‌പെൻഷൻ കാലാവധി കഴിഞ്ഞിട്ടും തിരികെ പാർട്ടിയിൽ പ്രവേശിപ്പിക്കാത്തതിൽ രാജേന്ദ്രന് അതൃപ്തിയിലായിരുന്നു. തുടർന്നാണ് തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് ബിജെപി അംഗത്വം സ്വീകരിച്ചത്. കാലങ്ങളായി പ്രവർത്തിച്ച് വന്നിരുന്ന പ്രസ്ഥാനത്തിൽ വിശ്വാസം നഷ്ടപ്പെട്ടതിനെ തുടർന്നാണ് രാഷ്ട്രീയ മാറ്റത്തിന് മുതിർന്നതെന്ന് രാജേന്ദ്രൻ പ്രതികരിച്ചിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.